Connect with us

Gulf

നാഷണല്‍ പെയിന്റ്‌സ് മേല്‍പ്പാലം ഫെബ്രു. ഏഴിന് തുറക്കും

Published

|

Last Updated

ഷാര്‍ജ: നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന നാഷണല്‍ പെയിന്റ്‌സ് മേല്‍പ്പാലം അടുത്ത മാസം ഏഴിന് തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജയിലെ മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഫിഫ്ത്ത് ഇന്റസ്ട്രിയല്‍ ഇന്റര്‍ചെയ്ഞ്ചി(നാഷണല്‍ പെയിന്റ്‌സ് ബ്രിഡ്ജ്)ല്‍ മേല്‍പ്പാലം പണിയുന്നത്.

മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. ഇതാണ് സമയത്തിന് മുമ്പായി പൂര്‍ത്തീകരിക്കുന്നത്. വര്‍ഷങ്ങളായി ഈ മേഖലയില്‍ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് മേല്‍പ്പാലം തുറക്കുന്നതോടെ പരിഹാരമാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
പാലം തുറക്കുന്നതോടെ 100 ശതമാനം ഗതാഗതം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രിയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബെല്‍ഹൈഫ് അല്‍ നുഐമി പറഞ്ഞു. മേഖലയിലെ ഗതാഗതക്കുരുക്കിന് കാരണമായിരുന്ന കുപ്പിക്കഴുത്തുകള്‍ മാറ്റുന്നതും ഗതാഗതത്തിന് ഗുണം ചെയ്യും. പാലത്തില്‍ ഓരോ ദിശയിലും രണ്ട് ട്രാക്ക് വീതമാണ് നിര്‍മിച്ചിരിക്കുന്നത്.
35 കോടി ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാക്കും. നാഷണല്‍ പെയിന്റ്‌സ് മേല്‍പ്പാലവുമായി ബന്ധപ്പെട്ട് റാംപ്‌സും എക്‌സിറ്റും ഉള്‍പ്പെടെയുള്ള ജോലികളാണ് നടന്നു വരുന്നത്. ഫോര്‍ത്ത് ഇന്റര്‍ചെയ്ഞ്ചിലെ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി വരികയാണ്. മേഖലയിലെ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുമെന്നും ഡോ. അല്‍ നുഐമി പറഞ്ഞു. ഇതോടൊപ്പം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ വീതി കൂട്ടലും വേഗത്തില്‍ പൂര്‍ത്തീകരിക്കും.
മൂന്നു നിരയുള്ള റോഡിനെ അഞ്ചു നിരയാക്കിയാണ് ഓരോ ദിശയിലും റോഡ് വികസിപ്പിക്കുക. മഴ വെള്ളം ഒഴുക്കിവിടാന്‍ അഴുക്കുചാലും നിര്‍മിക്കും. തെരുവുവിളക്ക് സ്ഥാപിക്കുന്ന പ്രവര്‍ത്തിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6.4 കോടി ദിര്‍ഹം മുടക്കിയാണ് ഒന്നാം ഘട്ടം ജനുവരിയില്‍ പൂര്‍ത്തിയാക്കിയത്. 46.8 കോടി ദിര്‍ഹത്തിന്റെ രണ്ടാഘട്ടവും പൂര്‍ത്തിയാക്കിയിരുന്നു. എയര്‍പോര്‍ട്ടിലും ഖലീഫ ബിന്‍ സായിദ് റോഡിലും ഇന്റര്‍സെക്ഷനുകള്‍ നിര്‍മിക്കലും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ പദ്ധതി പൂര്‍ത്തിയാവുന്നതിനായി കാത്തിരിക്കുകയായിരുന്നുവെന്ന് ഇന്ത്യക്കാരനായ മുഹമ്മദ് സഫ്‌റാസ് അഭിപ്രായപ്പെട്ടു. റോഡ് പണിയുമായി ബന്ധപ്പെട്ട് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടത് ഗതാഗതക്കുരുക്ക് രൂക്ഷമാവാന്‍ ഇടയാക്കിയിരുന്നു. മേല്‍പ്പാലവും കൂടുതല്‍ ട്രാക്കുകളും സ്ഥാപിച്ചിരിക്കുന്നതിനാല്‍ സുഖമമായ ഗതാഗതം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മേല്‍പ്പാലവും റോഡ് വികസനവും പൂര്‍ത്തിയാവുന്നതോടെ 40 ശതമാനത്തോളം സമയം ലാഭിക്കാനാവുമെന്ന് ഇതുവഴി പതിവായി യാത്ര ചെയ്യുന്നവര്‍ അഭിപ്രായപ്പെടുന്നു.