ലാവ്‌ലിന്‍: പിണറായിയെ വെറുതെ വിട്ടത് സുപ്രീംകോടതി വിധിക്ക് വിരുദ്ധമെന്ന് സി ബി ഐ

Posted on: January 31, 2014 2:30 pm | Last updated: February 1, 2014 at 3:21 pm

PINARAYI VIJAYANകൊച്ചി: ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ട തിരുവനന്തപുരം സി ബി ഐ കോടതി വിധി സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണെന്ന് സി ബി ഐ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയിലാണ് സി ബി ഐ ഈ വാദമുന്നയിച്ചിരിക്കുന്നത്. സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വസ്തുതകള്‍ പരിഗണിക്കാതെയാണ് കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്ന് റിവിഷന്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.

മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച് 374 കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് പിണറായി വിജയനടക്കമുള്ള പ്രതികള്‍ക്കു നേരേ ആരോപിക്കപ്പെടുന്നത്. ലാവ്‌ലിന്‍ അഴിമതിക്കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്നാല്‍ വിചാരണക്കോടതി ഇത് കാര്യമായി പരിഗണിച്ചില്ല. ലാവ്‌ലിന്‍ കേസ് ഭരണപരമായ വീഴ്ച്ചയായി കരുതാനാവില്ലെന്നും ഹരജിയില്‍ പറയുന്നുണ്ട്.

പിണറായി വിജയനെതിരേ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കാനുള്ള സമയം ഫെബ്രുവരി നാലിന് അവസാനിക്കാനിരിക്കെയാണ് സി ബി ഐ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നായിരുന്നു വിചാരണക്കോടതിയുടെ കണ്ടെത്തല്‍.