പോലീസുകാരനെതിരെ നടപടിയില്ലെങ്കില്‍ ഐ ജി ഓഫീസിന്മുമ്പില്‍ സത്യഗ്രഹം

Posted on: January 31, 2014 7:55 am | Last updated: January 31, 2014 at 7:55 am

തൃശൂര്‍: വിവാഹ സല്‍ക്കാര വേദിയില്‍ വച്ച് തങ്ങളെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും മൊഴിയെടുക്കാനെത്തിയ പോലീസുകാരന്‍ അപമാനിച്ച സംഭവത്തിലും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയതായി ശ്രീധരന്‍ തേറമ്പില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഷീനയെന്ന യുവതിയെയും തന്നെയും കഴിഞ്ഞ 26ന് നന്നമുക്ക് നസീകോ ഓഡിറ്റോറിയത്തില്‍ വച്ച് പത്ത് പേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദ്ദിച്ചുവത്രേ.
കോട്ടപ്പടി സ്വദേശിയായ പ്രസാദ് എന്ന യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ നേരത്തെ ഒരു യുവതിയില്‍ ജനിച്ച കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്ന ആവശ്യവുമായാണ് തങ്ങള്‍ ഓഡിറ്റോറിയത്തിലെത്തിയതെന്ന് ശ്രീധരന്‍ തേറമ്പില്‍ പറഞ്ഞു. എന്നാല്‍, അവിടെയുണ്ടായിരുന്നവര്‍ തന്നെയും കൂടെയുണ്ടായിരുന്ന യുവതിയെയും മര്‍ദ്ദിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മൊഴിയെടുക്കാനെത്തിയ പോലീസുകാരന്‍ തങ്ങളെ അപമാനിക്കുന്ന രീതിയിലാണ് സംസാരിച്ചത്.
പോലീസുകാരനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ അടുത്ത മാസം പത്തിന് ഐജി ഓഫീസിനുമുമ്പില്‍ പ്രതിഷേധ സത്യഗ്രഹം നടത്തുമെന്ന് ശ്രീധരന്‍ തേറമ്പില്‍ പറഞ്ഞു. ആന്റോ കൊക്കാട്ട്, ആന്റണി ചിറ്റാട്ടുകര, മുരുകന്‍ കൊട്ടിയാട്ടില്‍, ജി.ഷാനവാസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.