കോര്‍പറേഷന്‍ കെട്ടിടങ്ങളുടെ പരിപാലനത്തിന് വാടകക്കാരുടെ പങ്കാളിത്തപദ്ധതി വരുന്നു

Posted on: January 31, 2014 7:55 am | Last updated: January 31, 2014 at 7:55 am

തൃശൂര്‍: കോര്‍പ്പറേഷന്‍ കെട്ടിടങ്ങളുടെ പരിപാലനം വാടകക്കാരുടെ പങ്കാളിത്തത്തോടെ നിര്‍വഹിക്കാന്‍ സംവിധാനം വരുന്നു. ഇതുസംബന്ധിച്ച് ജയ്ഹിന്ദ് മാര്‍ക്കറ്റിലെ വ്യാപാരികളുമായി മേയര്‍ രാജന്‍ പല്ലന്‍ പ്രാഥമിക ചര്‍ച്ച നടത്തി. ജയ്ഹിന്ദ് മാര്‍ക്കറ്റിലെ സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞൊഴുകി ജനജീവിതം ദു:സ്സഹമായതായുള്ള വ്യാപാരികളുടെ പരാതിയെതുടര്‍ന്ന് മാര്‍ക്കറ്റ് നേരിട്ട് സന്ദര്‍ശിച്ചാണ് മേയര്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തിയത്. സെപ്റ്റിക് ടാങ്ക് അടിയന്തിരമായി ക്ലീന്‍ ചെയ്യാന്‍ മേയര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ എം എല്‍ റോസി, ആരോഗ്യകമ്മിറ്റി ചെയര്‍മാന്‍ കെ ഗിരീഷ്‌കുമാര്‍, എ ഇ മുരളി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവി എന്നിവരുമൊത്തായിരുന്നു മേയര്‍ മാര്‍ക്കറ്റിലെത്തിയത്.
ഇന്ന് തന്നെ മാലിന്യം നീക്കുന്നതിനും തീരുമാനവും നടപടികളും ഉണ്ടായി.മാര്‍ക്കറ്റിലെ വിവിധ പ്രശ്‌നങ്ങളും വ്യാപാരികള്‍ വിശദീകരിച്ചു. കെട്ടിടങ്ങള്‍ പരിപാലിക്കാതെ കോര്‍പ്പറേഷന്‍ കടുത്ത അനീതിയാണ് വ്യാപാരികളോട് കാട്ടുന്നതെന്നായിരുന്നു വ്യാപാരികളുടെ പരാതി. പരിപാലനത്തിന് വ്യാപാരിപങ്കാളിത്തത്തോടെ സംവിധാനമുണ്ടാക്കുമെന്ന് മേയര്‍ രാജന്‍ പല്ലന്‍ നേരത്തെ പ്രസ്‌ക്ലബ്ബിലെ മുഖാമുഖം പരിപാടിയിലും പ്രഖ്യാപിച്ചിരുന്നു.വാടക വ്യാപാരികള്‍ ഉള്‍പ്പെടുന്ന വേദിയൊരുക്കി പരിപാലനചുമതലകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത വ്യാപാരികളും പ്രകടിപ്പിച്ചു. കെട്ടിട സമുച്ചയങ്ങളിലെ കംഫര്‍ട്ട് സ്റ്റേഷനുകളുടെ നടത്തിപ്പ് ഉള്‍പ്പടെ സമിതിയെ ഏല്‍പിക്കുകയും കെട്ടിടത്തിന്റെ ശുചിത്വം ഉള്‍പ്പെടെ പൊതുവായ സംരക്ഷണവും പരിപാലനവും ചെറുകിട അറ്റകുറ്റപണികളും ഏല്‍പിക്കുകയാണ് ഉദ്ദേശം, ചിലവേറിയ അറ്റകുറ്റപണികള്‍ കോര്‍പ്പറേഷന്‍ ചിലവില്‍ വ്യാപാരികളുടെ ഗുണഭോതൃസമിതികള്‍ വഴി നിര്‍വഹിക്കാമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. നിര്‍ദ്ദേശങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ചനടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് മേയര്‍ രാജന്‍ പല്ലന്‍ വ്യക്തമാക്കി.
പിന്നീട് മത്സ്യ-മാംസമാര്‍ക്കറ്റിലെ പ്രശ്‌നങ്ങളുമായി മേയറെ സമീപിച്ച സ്ഥലത്തെ വ്യാപാരി നേതാക്കളും മാര്‍ക്കറ്റിന്റെ പരിപാലനചുമതല ഏറ്റെടുക്കുന്നതിനുള്ള സന്നദ്ധത മേയറെ അറിയിച്ചു.