Connect with us

Kozhikode

സോളാര്‍ തട്ടിപ്പ് കേസ്: സരിതയെ വടകര കോടതിയില്‍ ഹാജരാക്കി

Published

|

Last Updated

വടകര: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ വടകര കോടതിയില്‍ ഹാജരാക്കി. കുറ്റപത്രത്തിന്റെ കോപ്പി നല്‍കി. വക്കാലത്തിനെ ചൊല്ലിയുള്ള അവ്യക്തത കാരണം രണ്ട് തവണ കേസ് വിളിച്ച് മാറ്റിവെച്ചു.
തോടന്നൂര്‍ വിദ്യപ്രകാശ് പബ്ലിക് സ്‌കൂള്‍, ചോറോട് റാണി പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ കാറ്റാടി യന്ത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി രണ്ട് ലക്ഷം രൂപ വീതം തട്ടിയെടുത്ത കേസിലാണ് സരിതയെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
ഈ കേസില്‍ നേരത്തെ ജാമ്യം ലഭിച്ച സരിതക്ക് വേണ്ടി അഞ്ച് അഭിഭാഷകര്‍ വക്കാലത്തുമായെത്തിയത് കോടതിയുടെ വിമര്‍ശനത്തിനിടയാക്കി. നേരത്തെ വക്കാലത്ത് നല്‍കിയ അഭിഭാഷകരാരും ഇന്നലെ ഹാജരായിരുന്നില്ല. തന്റെ അറിവോടെ ആയിരുന്നില്ല ഇവര്‍ വക്കാലത്ത് നല്‍കിയിരുന്നതെന്ന് സരിത കോടതിയില്‍ മൊഴി നല്‍കിയതോടെ സത്യവാങ്മൂലം നല്‍കി മറ്റൊരു അഭിഭാഷകനെ വക്കാലത്ത് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.
തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ അഡ്വ. പ്രിന്‍സ് തോമസ് വക്കാലത്ത് നല്‍കി സരിതക്ക് വേണ്ടി ഹാജരാകുകയായിരുന്നു.
കേസ് വിചാരണ ആരംഭിക്കുന്നതിന്റെ മുന്നോടിയായി കുറ്റപത്രത്തിന്റെ കോപ്പിയും സരിതക്ക് നല്‍കി. കേസിലെ രണ്ടാം പ്രതിയായ ബിജു രാധാകൃഷ്ണനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
ബിജുവിനെയും കൂടി ഹാജരാക്കാന്‍ കേസ് ഫെബ്രുവരി 13ലേക്ക് മാറ്റി. ഉച്ചക്ക് ഒരു മണിയോടെയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സരിതയെയും കൊണ്ട് പോലീസ് സംഘം യാത്ര തിരിച്ചത്.

 

Latest