മോഹനന് നാടിന്റെ യാത്രാമൊഴി

Posted on: January 31, 2014 7:52 am | Last updated: January 31, 2014 at 7:52 am

എടപ്പാള്‍: പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടയക്കുകയും പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മരിക്കുകയും ചെയ്ത വട്ടംകുളം കുറ്റിപ്പാല ആമ്പ്രവളവില്‍ മോഹനന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ഇന്നലെ വൈകുന്നേരം നാലുമണിയോടെ കുറ്റിപ്പാലയിലെ വീട്ടിലെത്തിയത്. രാവിലെ തന്നെ നൂറുകണക്കിനാളുകള്‍ മോഹനന്റെ വീട്ടിലെത്തിയിരുന്നു. മൃതദേഹം എത്തിയതോടെ വീടും പരിസരവും ജന നിബിഡമായി. ദു:ഖം അണപൊട്ടി അലമുറയിട്ട് കരയുന്ന ഭാര്യയെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉഴലുകയായിരുന്നു നാട്ടുകാര്‍. വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. പിന്നീട് അഞ്ചുമണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വീട്ടില്‍ നിന്നും മൗനജാഥയായി കുറ്റിപ്പാല സെന്ററിലെത്തുകയും അവിടെ അനുശോചന യോഗവും നടത്തി. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മുസ്തഫ അധ്യക്ഷത വഹിച്ചു.