ചങ്കുവെട്ടിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണം

Posted on: January 31, 2014 7:50 am | Last updated: January 31, 2014 at 7:50 am

കോട്ടക്കല്‍: ചങ്കുവെട്ടി ടൗണില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് യാത്രക്കാരെ വലക്കുന്നു. മലപ്പുറം, തിരൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കാണ് ബസ് കാത്തിരിക്കാന്‍ കേന്ദ്രം ഇല്ലാത്തത്. മഴയയാലും വെയിലായാലും കയറി നില്‍ക്കാന്‍ പോലും ഇടമില്ലെന്നതാണ് ഇവിടെത്തെ ദുരിതം. മലപ്പുറം ഭാഗത്തേക്കുള്ള വശത്ത് നേരത്തെ ഒന്നുണ്ടായിരുന്നെങ്കിലും റോഡ് വികസനത്തിന്റെ ഭാഗമായി ഇത് പെളിച്ചുമാറ്റി. തുടര്‍ന്ന് നിര്‍മിക്കാന്‍ ശ്രമമുണ്ടായില്ല.
ഏറെ തിരക്കുള്ള ഭാഗം കൂടിയാണ് ജംഗ്ഷന്‍. ഇരു ഭാഗത്തേക്കുമുള്ള ബസുകള്‍ ഒരേ സ്ഥലത്ത് തന്നെ നിര്‍ത്തുന്നതും ഇവിടെ യാത്രക്കാരെ വലക്കുന്നുണ്ട്. തിരൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്നിടത്ത് തന്നെയാണ് ഓട്ടോകളും പാര്‍ക്ക് ചെയ്യുന്നത്. ഇത് യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. ഓട്ടോകള്‍ക്കിടയില്‍ കൂടി വേണം ഇവിടെ നിന്നും ബസ്സില്‍ കയറാന്‍. പലപ്പോഴും ദൃതിപിടിച്ചുള്ള ബസ് കയറ്റത്തിനിടയില്‍ ഓട്ടോയുടെ ചക്രം കാലില്‍ തട്ടുന്ന അവസ്ഥയുമുണ്ട്. ഇവിടെ നിന്നും ബസ് സ്‌റ്റോപ്പോ ഓട്ടോ പാര്‍ക്കിംഗ് ഭാഗമോ മാറ്റണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ബസുകള്‍ നിര്‍ത്തുന്ന ഇടം അല്‍പ്പം മാറ്റിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. ബസ്‌ക്കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാനെങ്കിലും അധികൃതര്‍ ശ്രമിച്ചാല്‍ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഏറെ കുറെ പരിഹാരമാകും. നാല് റോഡുകളും സംഗമിക്കുന്ന ഇവിടെ ദേശീയപാതയില്‍ നേരത്തെ ബസ് വെയിറ്റിംഗ് ഷെഡ്ഡ് ഉണ്ടായിരുന്നില്ല. നിരന്തരാവശ്യത്തെ തുടര്‍ന്നാണ് ഇത് നിര്‍മിക്കാന്‍ അധികൃതര്‍ തയ്യാറായത്.