Connect with us

Wayanad

അറിവും ആനന്ദവും പകര്‍ന്ന് ശാസ്ത്ര പ്രദര്‍ശനം

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഒരുക്കിയ എക്‌സിബിഷന്‍ ശ്രദ്ധനേടുന്നു. പാരമ്പര്യ ഉപകരണങ്ങളുടെ ലളിതമായ പ്രവര്‍ത്തന തത്വം മുതല്‍ ആകാശ പരീക്ഷണങ്ങളിലെ സങ്കീര്‍ണ്ണത വരെ അറിയാന്‍ സഹായിക്കുന്ന വിപുലമായ ശാസ്ത്ര പ്രദര്‍ശന പരിപാടി ഇന്ന് സമാപിക്കും.
ആര്യഭട്ടയും രോഹിണിയും ആപ്പിളും പി.എസ്.എല്‍.വി.യുടെ മാതൃകയുമെല്ലാം ക്രമമായി ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ ദൗത്യം കഴിഞ്ഞ് ഭൂമിയില്‍ തിരിച്ചിറക്കിയ സ്‌പേസ് കാപ്‌സ്യൂള്‍ റിക്കവറി, ചന്ദ്രയാന്‍ എന്നിവയുടെ മാതൃകകള്‍ പ്രദര്‍ശിപ്പിച്ച് അവയുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദീകരണം നല്‍കുന്നുണ്ട്. കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളും സമുദ്ര ഗവേഷണത്തിനുള്ള ഉപകരണങ്ങളുമെല്ലാം സംബന്ധിച്ച് അറിവ് നേടുന്നതിനുള്ള സൗകര്യം വി.എസ്.എസ്.സി.യുടെ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സിന്റെ പവലിയന്‍ കേരളത്തിന്റെ ഗണിത ശാസ്ത്ര പശ്ചാത്തലത്തിലേക്ക് വെളിച്ചം വീശുന്നതായി. ഗണിത ശാസ്ത്രത്തില്‍ പ്രത്യേകിച്ച് ജ്യാമിതീയ രൂപങ്ങളും ജ്യോതിശാസ്ത്രവും സംബന്ധിച്ച് പഠനം നടത്തിയ പ്രഗത്ഭ മലയാളികളുടെ വിവരങ്ങള്‍ ഈ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. എ.ഡി. 1360-1455 കാലയളവില്‍ ജീവിച്ചിരുന്ന പരമേശ്വര വട്ടശ്ശേരി, നീലകണ്ഠ സോമയാജി തുടങ്ങിയവരുടെ ലഘു ജീവചരിത്രവും ജ്യോമതീയരൂപം, ജ്യോതിശാസ്ത്രം, പ്രോഗ്രഷന്‍ തുടങ്ങിയവ സംബന്ധിച്ച് ഇവര്‍ നടത്തിയ വ്യാഖ്യാനങ്ങളും പവലിയനില്‍ ഡിജിറ്റല്‍ സംവിധാനം വഴി വിശദീകരിക്കുന്നു.
അന്യം നിന്നുപോയ പരമ്പരാഗത ഉപകരണങ്ങളുടെ പ്രദര്‍ശനമൊരുക്കിയ കാസര്‍കോട് ജില്ലയിലെ മുന്നാട് ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. കണ്ണാടിപ്പായ, മുളംചെണ്ട, താഴിക (വെറ്റില ചെല്ലം), പാലണ്ട (പാല്‍ ശേഖരിക്കുന്ന ഉപകരണം), മീന്‍കൂട് തുടങ്ങിയ പഴക്കമേറിയ വീട്ടുപകരണങ്ങള്‍ പുതു തലമുറക്കാരില്‍ കൗതുകമുണര്‍ത്തി.ആന്റമാന്‍ നിക്കോബാര്‍ ദീപ സമൂഹത്തിലെ ഗോത്ര വിഭാഗക്കാര്‍ ഉപയോഗിക്കുന്ന മുള കൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളുമുള്ള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പവലിയന്‍ ശ്രദ്ധ നേടി. വനവും പ്രകൃതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, അപൂര്‍വ്വ വിത്തിനങ്ങളുടെ വില്‍പ്പന തുടങ്ങിയവ ഇവിടെയുണ്ട്. അപകട സാഹചര്യങ്ങളില്‍ രക്ഷാമാര്‍ഗ്ഗമാകുന്ന സൈബര്‍ സെക്യൂരിറ്റി സംവിധാനവും ശ്രദ്ധ നേടി. വാച്ചില്‍ ഘടിപ്പിക്കുന്ന അത്യാധുനിക സംവിധാനം (ജി.എസ്.എം. മൊഡ്യൂള്‍) പ്രവര്‍ത്തിപ്പിച്ചാല്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണുകളിലും പോലീസിനും മെസ്സേജെത്തുന്ന സംവിധാനമാണിത്. പ്രധാനമായവും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
പഠനത്തില്‍ പിന്നാക്കാവസ്ഥയുള്ള കുട്ടികള്‍ക്കായി വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുക്കിയ പഠന രിതി, നാളികേരമുപയോഗിച്ച് ചിപ്‌സ് ഉണ്ടാക്കുന്ന രീതി, ബാംബൂ കോര്‍പ്പറേഷന്റെ മുളയുപകരണങ്ങള്‍ ഉപയോഗിച്ചുള്ള സ്വീകരണമുറി, പ്രകൃതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് വൈഡ് ഫണ്ടിന്റെ പ്രദര്‍ശന ശാല എന്നിവയും ശ്രദ്ധയാകര്‍ഷിച്ചു.
കേരളത്തിന്റെ കലാ-സാംസ്‌കാരിക-ശാസ്ത്ര മണ്ഡലങ്ങളിലൂടെയുള്ള ചെറുയാത്രയായ പോസ്റ്റര്‍ പ്രദര്‍ശനവുമുണ്ടായിരുന്നു. വാസ്തു ശില്‍പ്പവിദ്യ, ഉരു നിര്‍മ്മാണം, കലാരൂപങ്ങള്‍, തനത് വിഭാഗങ്ങള്‍ തുടങ്ങിയ സംബന്ധിച്ച് വിശദീകരിക്കുന്ന വിപുലമായ പോസ്റ്റര്‍ പ്രദര്‍ശനമാണ് ഇതില്‍ ഒരുക്കിയിരുന്നത്.
പ്രദര്‍ശനത്തിനെത്തിച്ച. ജല സസ്യങ്ങള്‍, കാര്‍ഷിക വിളകള്‍, വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ഊര്‍ജ്ജ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍, ആരോഗ്യരംഗം, ഇലക്‌ട്രോണിക് തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള പവലിയനുകളിലും വലിയ തിരക്കനുഭവപ്പെട്ടു.

Latest