അനധികൃത ക്വാറി: പ്രതിഷേധം ശക്തം

Posted on: January 31, 2014 7:45 am | Last updated: January 31, 2014 at 7:45 am

മാനന്തവാടി: എടവക പഞ്ചായത്തിലെ പുളിഞ്ഞാംപറ്റയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജിയോളജി, റവന്യൂ നിയമങ്ങള്‍ കാറ്റില്‍ പറത്തി ഭരണ സ്വാധീനത്തിന്റെ മറവില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്വാറിക്കെതിരെ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് സമരം നടത്തി വരുകയായിരുന്നു. ഇതിന്റെ ഭാഗമായി ജനുവരി 25 ന് ആര്‍ഡിഒ ഓഫീസിനു മുമ്പില്‍ ഏകദിന ഉപവാസവും നടന്നു.
ഹിറ്റാച്ചി, ബ്രേക്കര്‍, കംപ്രസര്‍, ജെസിബി തുടങ്ങിയവ വന്‍കിട യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ നിന്നും വന്‍ തോതില്‍ അനധികൃത ഖനനം നടത്തുന്നത്. പഞ്ചായത്തിലെ ലൈസന്‍സിന് നല്‍കിയ അപേക്ഷയില്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എകദേശം 100 അടിയോളം താഴ്ചയിലാണ് ക്വാറി ഉടമ ഖനനം നടത്തുന്നത്. ദിനം പ്രതി 100ഓളം സ്‌ഫോടനങ്ങള്‍ നടക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. സ്‌ഫോടനം നടക്കുന്നതിന് മുന്നോടിയായി മുന്നറിയിപ്പ് നല്‍കണം എന്ന നിബന്ധന ഇവിടെ പാലിക്കപ്പെടുന്നില്ല.
അനധികൃത ക്വാറിക്കെതിരെ നിരവധി പേര്‍ രംഗത്ത് എത്തി. പാറ ഖനനം ചിത്രീകരിക്കുവാനെത്തിയ രണ്ട് മാധ്യമ പ്രവര്‍ത്തകരെ അക്രമിക്കുവാനും ക്യാമറകള്‍ പിടിച്ച് വാങ്ങുവാനും ക്വാറിയുടമയുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി.
ജനവാസ കേന്ദ്രത്തില്‍ നിന്നും വെറും 70 മീറ്റര്‍ ദൂരത്തിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. അഞ്ച് വീടുകളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ക്വാറിയില്‍ നിന്നുള്ള പൊടി പടലങ്ങള്‍മൂലം പലവിധ രോഗങ്ങള്‍ പിടിപ്പെട്ടിരിക്കുകയാണ്. ഇത്തരത്തില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന ക്വാറി അടച്ചു പൂട്ടുന്നത് വരെ ജനങ്ങളെ അണിനിരത്തി നിരാഹാര സമരം ഉള്‍പ്പെടെയുള്ള കടുത്ത സമരങ്ങളിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍മ്മ സമിതി.