Connect with us

Wayanad

പ്രകൃതിയെ മാനിച്ചുകൊണ്ടുള്ള കെട്ടിട നിര്‍മാണ ശൈലി വേണം: ആര്‍ക്കിടെക്റ്റ് ജി ശങ്കര്‍

Published

|

Last Updated

പൂക്കോട്: പ്രകൃതിയെ അറിഞ്ഞും മാനിച്ചും കൊണ്ടുള്ള കെട്ടിട നിര്‍മ്മാണ ശൈലിയാണ് ഏറ്റവും അഭികാമ്യമായിട്ടുള്ളതെന്ന് പ്രശസ്ത ആര്‍ക്കിടെക്റ്റ് ജി. ശങ്കര്‍ പറഞ്ഞു.
വ്യവസ്ഥാപിത നിര്‍മ്മാണ രീതികള്‍ ഒരു പരിധിവരെ പരിസ്ഥിതിയെ കണക്കിലെടുക്കാതെയുള്ളതാണ്. ഇത് ദോഷകരമായി മാറുക തന്നെ ചെയ്യും. സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് വാസ്തു ശാസ്ത്രത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു കെട്ടിടം നിര്‍മ്മിക്കുന്നതിന് മുമ്പ് വാസ്തു ശാസ്ത്ര പ്രകാരം പ്രകൃതിയുമായി ബന്ധപ്പെട്ട കണക്കുകള്‍ കൃത്യമായി പാലിക്കാനാവുമോയെന്ന് ഉറപ്പാക്കണം. വായുവും പ്രകാശവും കടന്നു വരുന്നതിനുള്ള സംവിധാനങ്ങളെല്ലാം ഏറ്റവും അനുയോജ്യമായ വിധത്തില്‍ സജ്ജികരിക്കാനാവണം. സുഖദര്‍ശനം, രമ്യഭാവം, അന്തസാരം തുടങ്ങിയ പേരുകളില്‍ ഇതിനുള്ള രീതികളെ കുറിച്ച് വാസ്തു ശാസ്ത്രം വിശദീകരിക്കുന്നു. വരുംകാലത്ത് പ്രകൃതിക്ക് ഏറ്റവും അനുയോജ്യമായ കെട്ടിട നിര്‍മ്മാണ ശൈലി രൂപപ്പെട്ടു വരുന്ന വിധം ഇത് സംബന്ധിച്ച അറിവ് നേടുന്നതിനുള്ള ശ്രമവും ഉണ്ടാകണമെന്ന് ജി. ശങ്കര്‍ പറഞ്ഞു.
നിളയുടെ തലക്കുറിയെഴുതിയ കേരള ജ്യോതിശാസ്ത്രം
അഷ്ടജാതക തലക്കുറി പ്രകാരം നിളാ നദിക്ക് ഇത് രാഹുദശയാണെന്ന് പറയുമ്പോള്‍ പ്രാചീന കേരള ജ്യോതിശാസ്ത്രത്തെ ആരും അംഗീകരിക്കും. കടപടയാദി സംഖ്യാരീതിയും തനതു ഗണിത വിദ്യയും മാതൃഭാഷയില്‍ പരിചയപ്പെടുത്തി വി.പി.എന്‍. നമ്പൂരി നിളയുടെ തീരം എത്ര സമ്പുഷ്ടമായിരുന്നെന്ന് വിശദീകരിച്ചു. ഭാരതീയര്‍ ഇന്ന് ആരാധിക്കുന്ന പാശ്ചാത്യ ശാസ്ത്രജ്ഞര്‍ നമ്മുടെ ശാസ്ത്ര രീതികളെ ഉപജീവിച്ചവരായിരുന്നു. ബ്രിട്ടീഷ് അധിനിവേശം പരമ്പരാഗത വിദ്യാഭ്യാസ രീതിയെ ഉടച്ചുവാര്‍ത്തപ്പോള്‍ നമ്മുടെ രീതിയെ അംഗീകരിക്കാന്‍ നാം മറന്നു.
അനന്തതയെ നിര്‍വ്വചിച്ച സംഗഗ്രാമം മാധവനും ദൃക്ഗണിതം ഉപയോഗിച്ച് ഗ്രഹങ്ങളുടെ സ്ഥാനം നിര്‍ണ്ണയിച്ച വാടശ്ശേരി ദാമോദരനും കേരളത്തിന്റെ ശാസ്ത്രരിതികളെ ലോകത്തിന് പരിചയപ്പെടുത്തി. ശ്രീ ചക്രത്തിന്റെ ഗഹനമായ ജ്യാമീയത, ഇന്ത്യന്‍ ഗണിത ശാസ്ത്രത്തിന്റെ മിശ്രിതം കൂടിയാണ്.
ഗണിത ശാസ്ത്ര പ്രേമികള്‍ക്ക് ഒരു പുത്തന്‍ അവസരം പരിചയപ്പെടുത്തി കൊണ്ടാണ് അദ്ദേഹം തന്റെ സെഷന്‍ അവസാനിപ്പിച്ചത് മറ്റൊന്നുമല്ല – കൊച്ചി സര്‍വ്വകലാശാലയുടെ കീഴില്‍ ഒരുങ്ങുന്ന ഗണിത കോളേജില്‍ മുഖ്യധാര വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവര്‍ക്കും കണക്ക് പഠിക്കാനൊരവസരം.
സി.വി.രാമന്‍ സ്വതന്ത്രമായ ശാസ്ത്ര വളര്‍ച്ചയ്ക്ക് ഊര്‍ജം പകര്‍ന്ന പ്രതിഭാധനന്‍-ഡോ.ജോര്‍ജ് തോമസ്
ലോകം ഇതിനകം കണ്ട ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളില്‍ ഒന്നിന്റെ ഉടമയാണ് ഭാരതീയ ശാസ്ത്രജ്ഞനും നൊബല്‍ പുരസ്‌കാര ജേതാവുമായിരുന്ന ഡോ.സി.വി.രാമനെന്ന് തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡീനും ഡയറക്ടര്‍ ഇന്‍ ചാര്‍ജുമായ ഡോ.കെ.ജോര്‍ജ് തോമസ്. സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസില്‍ “സി.വി.രാമന്റെ ശാസ്ത്ര സംഭാവനകള്‍” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 1930ല്‍ സി.വി. രാമനു നൊബല്‍ പുരസ്‌കാരം നേടിക്കൊടുത്ത “രാമന്‍ സ്‌പെക്‌ട്രോസ്‌കോപ്പി” അതിന്റെ അതുല്യത ഇന്നും നിലനിര്‍ത്തുകയാണ്. ശാസ്ത്രത്തിന്റെ വിവിധ തുറകളിലാണ് രാമന്‍ സ്‌പെക്‌ട്രോസ്‌കോപ്പി” ഉപയോഗത്തിലുളളത്. ഇന്ത്യന്‍ ശാസ്ത്രമേഖലയുടെ സ്വതന്ത്രമായ വളര്‍ച്ചയ്ക്ക് ആവശ്യമായ ഊര്‍ജം പകര്‍ന്ന പ്രതിഭാധനനായിരുന്നു സി.വി.രാമന്‍. 150 രൂപ വിലവരുന്ന ഉപകരണങ്ങളും ബുദ്ധിയും മാത്രം ഉപയോഗപ്പെടുത്തിയാണ് ഇന്ത്യുടെ പേര് വിശ്വത്തിലെങ്ങും എത്തിച്ച കണ്ടുപിടിത്തം അദ്ദേഹം നടത്തിയത്. യുവതലമുറയെ സംബന്ധിച്ചിടത്തോളം ഏറെ പ്രചോദനം നല്‍കുന്ന ഒന്നാണിത്. അതിരറ്റതായിരുന്നു സി.വി.രാമന്റെ ആത്മവിശ്വാസം. നൊബല്‍ സമ്മാനം തന്നെ തേടിയെത്തുമെന്ന് അദ്ദേഹത്തിനു ഉറപ്പായിരുന്നു. പുരസ്‌കാരം വാങ്ങുന്നതിനായുള്ള യാത്രയ്ക്ക് ആവശ്യമായ ടിക്കറ്റ് അദ്ദേഹം നേരത്തേ വാങ്ങിവെച്ചത് ഇതിനു തെളിവായിരുന്നു.

Latest