Connect with us

Ongoing News

അത്‌ലറ്റികോ, ബാഴ്‌സ സെമിയില്‍

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പ് സെമിഫൈനലില്‍ റയല്‍മാഡ്രിഡ്- അത്‌ലറ്റികോ മാഡ്രിഡ് പോരാട്ടത്തിന് കളമൊരുങ്ങി. കഴിഞ്ഞ വര്‍ഷം ഫൈനല്‍ കളിച്ചത് ഇവര്‍ തമ്മിലായിരുന്നു. 2-1ന് ജയിച്ച് അത്‌ലറ്റികോ മാഡ്രിഡ് കിരീടമുയര്‍ത്തുകയും ചെയ്തു.
ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 2-1ന് അത്‌ലറ്റികോ ബില്‍ബാവോയെ തോല്‍പ്പിച്ച് ഇരുപാദത്തിലുമായി 3-1ന് ജയം ആധികാരികമാക്കി.
മറ്റൊരു ക്വാര്‍ട്ടറില്‍ ബാഴ്‌സലോണ 9-2ന് ലെവന്റയെ ഇരുപാദത്തിലുമായി പിന്തള്ളി. ആദ്യ പാദം 4-1ന് ജയിച്ച ബാഴ്‌സ രണ്ടാം പാദം 5-1നാണ് സ്വന്തമാക്കിയത്.
അത്‌ലറ്റികോ ബില്‍ബാവോയുടെ തട്ടകത്തില്‍ നാലാം മിനുട്ടില്‍ ഗോള്‍ വഴങ്ങിയ സിമിയോണിയുടെ അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം പകുതിയിലാണ് മറുപടി കൊടുത്തത്. തുടക്കത്തില്‍, ബില്‍ബാവോക്കായിരുന്നു ആധിപത്യം. ആദ്യ പാദം 1-0ന് തോറ്റ ബില്‍ബാവോക്ക് ഹോംഗ്രൗണ്ടിലെ ലീഡ് ഗോളോടെ ഇരുപാദ സ്‌കോര്‍ 1-1ന് തുല്യമാക്കാന്‍ സാധിച്ചു. രണ്ടാം പാദത്തില്‍, മാഡ്രിഡ് ടീം കൂടുതല്‍ ഒത്തൊരുമ കാണിച്ചു.
പത്ത് മിനുട്ടിനുള്ളില്‍ സമനില പിടിച്ചു. എമിലിനായോ ഇന്‍ഷ്വയുടെ ക്രോസില്‍ റൗള്‍ ഗാര്‍സിയയുടെ വെടിച്ചില്ല് ഗോള്‍. ഈ വര്‍ഷത്തെ ആദ്യ ഗോള്‍ നേടിക്കൊണ്ട് ഡിയഗോ കോസ്റ്റ അത്‌ലറ്റികോയുടെ ജയമുറപ്പിച്ചു. കൗണ്ടര്‍ അറ്റാക്കിലൂടെയുള്ള മനോഹര ഗോള്‍.
അടുത്താഴ്ച സെമിയുടെ ആദ്യ പാദം കളിക്കാന്‍ അത്‌ലറ്റികോ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍നാബുവിലെത്തും. തൊട്ടടുത്താഴ്ച ഹോംഗ്രൗണ്ടില്‍ രണ്ടാം പാദവും.
സീസണില്‍ റയലിനും ബാഴ്‌സക്കുമെതിരെ നാല് തവണ കളിച്ചപ്പോഴും തോറ്റിട്ടില്ലെന്നത് അത്‌ലറ്റികോ മാഡ്രിഡ് കോച്ച് സിമിയോണിക്ക് ആത്മവിശ്വാസമേകുന്നു.
ലെവന്റെക്കെതിരെ ബാഴ്‌സയുടെ ജയം അനായാസം. സെര്‍ജി റോബര്‍ട്ടോ തുടക്കത്തില്‍ തന്നെ സെല്‍ഫ് ഗോള്‍ നല്‍കിയത് ലെവന്റെക്ക് നേരിയ പ്രതീക്ഷ സമ്മാനിച്ചു. പക്ഷേ, അതെല്ലാം വ്യഥാവിലാക്കി അഡ്രിയാനോയുടെ ലോംഗ് റേഞ്ച് ഗോളും കാര്‍ലസ് പ്യുയോളിന്റെ ഹെഡര്‍ ഗോളും ലെവന്റെയുടെ വലയില്‍. ആദ്യ പകുതി 2-1. രണ്ടാം പകുതിയില്‍ അലക്‌സിസ് സാഞ്ചസ് തുടരെ രണ്ട് ഗോളുകള്‍ നേടി, 4-1. സെസ്‌ക് ഫാബ്രിഗസ് പൂര്‍ത്തിയാക്കി, 5-1.

Latest