നിയമം ഇറ്റലിയുടെ വഴിക്ക്

Posted on: January 31, 2014 6:00 am | Last updated: January 30, 2014 at 9:55 pm

SIRAJ.......കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തുന്നത് പുനഃപരിശോധിക്കാനുള്ള കേന്ദ്ര നീക്കം അമ്പരപ്പുളവാക്കുന്നതാണ്. നാവികര്‍ക്കെതിരെ സുവ നിയമപ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുകയും അറ്റോര്‍ണി ജനറലിന്റെ ശിപാര്‍ശ പ്രകാരം മന്ത്രാലയം അതിന് അനുമതി നല്‍കുകയും ചെയ്തതാണ്. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിക്കാനിടയായ സംഭവം അബദ്ധത്തില്‍ സംഭവിച്ചതാണെന്നും കപ്പലിന് നേരെ വന്ന കടല്‍ക്കൊള്ളക്കാരാണെന്ന ധാരണയിലാണ് വെടിവെച്ചതെന്നുമുള്ള നാവികരുടെ വാദം നിരാകരിച്ച എന്‍ ഐ എ, കൊല അബദ്ധമായി കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടക്കത്തില്‍ കേസന്വേഷിച്ച കേരള പോലീസിന്റെയും നിലപാട് ഇത് തന്നെയിരുന്നു.

2012 ഡിസമ്പറില്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാനായി ജാമ്യത്തിലിറങ്ങി നാട്ടിലേക്ക് പോയ നാവികരെ ഇറ്റലി തിരിച്ചയച്ചത്, അവര്‍ക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങള്‍ ചുമത്തില്ലെന്ന ഉറപ്പിന്മേലായിരുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇത് ലംഘിക്കുന്നത് ഉചിതമല്ലാത്തത് കൊണ്ടാണ് അവരുടെ കാര്യത്തില്‍ സുമ നിയമം ഒഴിവാക്കാനുള്ള സമ്മര്‍ദം മുറുകിയത്. 1998ല്‍ റോമില്‍ ഇന്ത്യയടക്കം 161 രാജ്യങ്ങള്‍ പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനത്തില്‍ അഗീകരിച്ചതും 2002ല്‍ ഇന്ത്യയില്‍ നിലവില്‍ വന്നതുമായ സുവ നിയമത്തില്‍ കടല്‍ കൊലക്ക് വധശിക്ഷ അനുശാസിക്കവെ, എന്തടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇറ്റലിക്ക് ഇത്തരമോരു ഉറപ്പ് നല്‍കിയത്? നീതിന്യായ വ്യവസ്ഥയോടുള്ള അവഹേളനവും അനാദരവുമാണിത്. ആളും തരവും നോക്കിയല്ല നിയമം നടപ്പാക്കേണ്ടത്; ചെയ്ത കുറ്റത്തിന്റെ തോതും ഗൗരവവും കണക്കിലെടുത്താണ്. ഇറ്റലിക്കാര്‍ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെരു നിയമവുമെന്ന നിലപാട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലുള്ള ജനവിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കും.
നാവികരുടെ തോക്കിനിരയായ ഹതഭാഗ്യരുടെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ബാധ്യസ്ഥമായ കേന്ദ്ര സര്‍ക്കാര്‍, ഈ പ്രശ്‌നത്തില്‍ തുടക്കം മുതലേ നാവികരെ തുണക്കുന്ന നിലപാടാണ് സ്വികരിച്ചുവന്നത്. ക്രിസ്മസ് ആഘോഷിക്കാനായി നാട്ടിലേക്ക് പോകാന്‍ കോടതിയോട് അനുമതി തേടിയപ്പോള്‍ കേരളത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കേന്ദ്രം നാവികരെ അനുകൂലക്കുകയായിരുന്നു. കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി ആ ശ്യപ്പെട്ടിട്ടും ഇതുമായി ബന്ധപ്പെട്ട നടപടികളില്‍ കാലതാമസം വരുത്തുന്നത് നാവികരെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്. നാവികരെ വിചാരണ ചെയ്യാന്‍ കേരളത്തിന് അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് വിചാരണക്കായി പ്രത്യേക കോടതി രുപവത്കരിച്ചെങ്കിലും ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കേസ് അനന്തമായി നീളുന്ന സാഹചര്യത്തില്‍ നാവികരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
വിസ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയുടെ കാര്യത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാട് ഇന്ത്യന്‍ ഭരണകൂടത്തിനൊരു പാഠമാകേണ്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധ സമ്മര്‍ദങ്ങളും പ്രയോഗിക്കുകയും ഭീഷണികള്‍ മുഴക്കുകയും ചെയ്തിട്ടും, ദേവയാനിക്ക് വേണ്ടി ചട്ടങ്ങളില്‍ ഇളവ് ചെയ്യാന്‍ അമേരിക്ക തയാറായില്ല. നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്ന നയം മുറുകെ പിടിക്കുകയായിരുന്നു അവര്‍. എന്നാല്‍ നാവികരുടെ കാര്യത്തില്‍, നിയമം ഇറ്റലിയുടെ വഴിക്ക് നീങ്ങട്ടെയെന്ന് തീരുമാനിച്ച മട്ടിലാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍. യൂറോപ്യന്‍ യൂനിയനെ ഇടപെടീച്ചു രാഷ്ട്രാന്തരീയ തലത്തില്‍ ഇറ്റലി നടത്തുന്ന ശ്രമങ്ങളും, മതമേലധ്യക്ഷന്മാര്‍ മുഖേന വത്തിക്കാന്‍ നടത്തുന്ന സമ്മര്‍ദതന്ത്രങ്ങളുമായിരിക്കണം നേരത്തെ കൊലക്കേസിന് അനുമതി നല്‍കിയ കേന്ദ്ര ഭരണകൂടത്തിന് വീണ്ടുവിചാരമുണ്ടാക്കിയത്. സുവാ നിയമം ഒഴിവാക്കണമെന്ന് നിയമമന്ത്രാലയം തീരുമാനമെടുത്താല്‍ ആഭ്യന്തര മന്ത്രാലയത്തിന് അംഗീകരിക്കുയല്ലാതെ നിര്‍വാഹമില്ല. കൊലക്കേസ് പ്രതികള്‍ക്ക് കുറ്റവിമുക്തരായി നാട്ടില്‍ സുഖജീവിതം നയിക്കാന്‍ ഇത് അവസരമൊരുക്കുമ്പോള്‍, അവരുടെ തോക്കിനിരയായ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ ജെല സ്റ്റിന്റെയും എരമത്തുറ സ്വദേശി അജീഷ് പിങ്കുവിന്റെയും കുടംബങ്ങളുടെ കണ്ണീരൊപ്പാന്‍ ഇനിയാര് എന്ന ചോദ്യം അവശേഷിക്കുന്നു.