Connect with us

Articles

അവര്‍ ഇങ്ങനെ സംസാരിച്ചാല്‍ മതിയോ?

Published

|

Last Updated

കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കളുടെ ഭാഷ വിരസമാകുന്നതിന്റെ കാരണങ്ങളിലൊന്ന് അതിന്റെ ആവര്‍ത്തന സ്വഭാവമാണ്. എഴുപതുകളിലോ എണ്‍പതുകളിലോ ആരോ പറഞ്ഞുവെച്ച കാര്യങ്ങള്‍ ഇപ്പോഴും ആവര്‍ത്തിച്ച് ഉരുവിടുന്നതില്‍ അഭിരമിക്കുകയാണ് അവര്‍. പുതിയ പരീക്ഷണങ്ങളെയോ പ്രയോഗങ്ങളെയോ നവീകരണത്തെയോ സമീപിക്കാന്‍ ഇത്ര മടിയുള്ളവര്‍ മറ്റാരുമുണ്ടാകുമെന്ന് തോന്നുന്നില്ല.
മുന്നണി ഭരണം മാറി മാറി വരുന്ന അയ്യഞ്ചു വര്‍ഷങ്ങളാണ് കേരളത്തിന്റെത്. സ്വാഭാവികമായും ഇന്നത്തെ മുഖ്യമന്ത്രി നാളത്തെ പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയും. പ്രസ്താവനകള്‍ സൂക്ഷിച്ചു നോക്കുക. ആളുടെ പേര് മാത്രം മാറ്റിയാല്‍ മതി. ഒരേ വാചകമായിരിക്കും. ഇത്തവണ മുഖ്യമന്ത്രി അടുത്ത തവണ പ്രതിപക്ഷ നേതാവ്. രണ്ട് കാലത്തെയും പ്രസ്താവനകള്‍ വെറതെയൊന്ന് താരതമ്യം ചെയ്യുക. ഒരേ കാര്യമായിരിക്കും രണ്ടാളും പറഞ്ഞിട്ടുണ്ടാകുക. പ്രസ് സെക്രട്ടറിക്ക് ആളുടെ പേര് മാറ്റിക്കൊടുത്താല്‍ മതി. “ബജറ്റ് ജനവിരുദ്ധം: പ്രതിപക്ഷ നേതാവ്”. “ജനക്ഷേമകരം: മുഖ്യമന്ത്രി.” “ഹര്‍ത്താല്‍ ജനവിരുദ്ധം: മുഖ്യമന്ത്രി.” ഹര്‍ത്താല്‍ വിജയിപ്പിക്കുക: പ്രതിപക്ഷ നേതാവ്” ആ പാറ്റേണ്‍ ഇങ്ങനെ പോകുന്നു. പുതിയ ആശയങ്ങളും വിമര്‍ശങ്ങളും പോകട്ടെ ആ പറയുന്ന ഭാഷയെങ്കിലുമൊന്ന് നവീകരിച്ചുകൂടേ? പദാവലികളിലെങ്കിലുമൊരു പുതുക്കം പരീക്ഷിച്ചുകൂടേ?
ഇനി രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകള്‍ നോക്കൂ: “ലീഗ് മലര്‍ന്നു കിടന്നു തുപ്പുന്നു: കെ കുഞ്ഞവറാന്‍.” ” സി പി എം ചായക്കോപ്പയിലെ കൊടുങ്കാറ്റാകും: കെ പി സി സി സെക്രട്ടറി.” “ഗോപാലന്‍ നായര്‍ എട്ടുകാലി മമ്മൂഞ്ഞി ചമയുന്നു: ചന്ദ്രപ്പന്‍ നമ്പൂതിരി”. “സര്‍ക്കാറിന്റെ ലക്ഷ്യം സമഗ്ര വികസനം: മദ്യമന്ത്രി”. “നബാര്‍ഡിന് മൂക്ക് കയറിടും: സഹകരണമന്ത്രി”. “മദ്യനിരോധം കാലഘട്ടത്തിന്റെ ആവശ്യം: എക്‌സൈസ് മന്ത്രി”. സി പി എമ്മിന്റെത് ചരിത്ര മണ്ടത്തരം: ഫിഷറീസ് മന്ത്രി.” “രക്തസാക്ഷി ദിനം സമുചിതമായി ആഘോഷിക്കുക: സി പി എം സെക്രട്ടേറിയറ്റ്.””ഗുരുദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കണം: ആന്ധ്രാ ഗവര്‍ണര്‍. പുഴകള്‍ക്ക് മേല്‍പ്പാലം പണിയുന്നത് പരിഗണിക്കും: ഭക്ഷ്യമന്ത്രി. നെല്ലിക്ക ജ്യൂസ് കേരളത്തിന്റെ പ്രതീക്ഷ: ടൂറിസം മന്ത്രി. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം: മുഖ്യമന്ത്രി.
രാഷ്ട്രീയ നേതാക്കള്‍ “മലര്‍ന്നുകിടന്നു തുപ്പാന്‍ തുടങ്ങി”യിട്ട് കാലമെത്രയായി? “ചായക്കോപ്പയിലെ കൊടുങ്കാറ്റിന”ും “എട്ടുകാലി മമ്മൂഞ്ഞി”നും മൂക്കുകയറിടാന്‍ കാലമായിട്ടില്ലേ? “സന്ധിയില്ലാ” സമരവും “കേരളത്തിന്റെ പ്രതീക്ഷ”യും “ചരിത്ര മണ്ടത്തര”വുമൊക്കെ ഇപ്പോഴും “കാലഘട്ടത്തിന്റെ ആവശ്യം” തന്നെയാണോ?
ഇത് പാര്‍ട്ടി നേതാക്കന്മാരുടെ സ്ഥിതി. പാര്‍ട്ടി പത്രങ്ങളുടെ അവസ്ഥ ഇതിനേക്കാള്‍ കഠോരമാണ്. അത്രയും വിരസം. അടിയന്തരപ്രാധാന്യത്തോടെ ശ്രേഷ്ഠ മലയാളം ചില പദങ്ങള്‍ നിരോധിക്കേണ്ടിവരും. എന്നാലേ ഈ പദപ്രയോഗങ്ങള്‍ക്ക് അവധി കൊടുക്കാനാകൂ.
പഴയ കാലത്തെ രാഷ്ട്രീയ നേതാക്കള്‍ അങ്ങനെയായിരുന്നോ? ഇ എം എസിന്റെ ഭാഷയും പ്രയോഗങ്ങളും നോക്കൂക. അദ്ദേഹം ഉത്പാദിപ്പിച്ച ചര്‍ച്ചകളും സംവാദങ്ങളും ശ്രദ്ധേയമാക്കുന്നതില്‍ അദ്ദേഹത്തിന്റെ പദങ്ങളും പ്രയോഗങ്ങളും നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. സി എച്ച് മുഹമ്മദ് കോയയുടെ ഉപമകളും ഫലിതങ്ങളും ഇന്നും കടമെടുക്കുന്നില്ലേ? മുണ്ടശ്ശേരിയും ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കളും തുലനം അര്‍ഹിക്കുന്നുപോലുമില്ല. എന്തിന്; പല പോയത്തങ്ങളും പറഞ്ഞെങ്കിലും സീതി ഹാജി പോലും സ്വന്തം ഭാഷ പ്രയോഗിക്കുകയും മലയാളത്തിലൊരിടം നേടുകയും ചെയ്തു. അന്നത്തെ അന്തരീക്ഷത്തില്‍ അവര്‍ക്ക് കുറച്ചൊക്കെ സ്വസ്ഥവും സ്വകാര്യവുമായ സമയം ലഭിച്ചിരുന്നു. അല്ലെങ്കില്‍ സമയം കണ്ടെത്തിയിരുന്നു. ഇന്നത്തെ ബഹളമയമായ ചുറ്റുപാടില്‍ അങ്ങനെയൊരു സന്ദര്‍ഭം രാഷ്ട്രീയ നേതാക്കള്‍ക്ക് അപ്രാപ്യമാകുന്നു. പിന്നെയുള്ളത് പഴയ കുറ്റിയില്‍ തന്നെ ചുറ്റിത്തിരിയലാണ്.
മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനകള്‍ക്കിടയിലെ ആശയപ്രകാശനങ്ങളും സംവാദങ്ങളും ഈ നിലക്ക് നോക്കുമ്പോള്‍ ഏറെ മുന്നോട്ട് പോയി എന്നു പറയാന്‍ സാധിക്കും. അഖിലേന്ത്യാ ലീഗും യൂനിയന്‍ ലീഗും (അമതനും വിമതനുമെന്ന് അന്നത്തെ മലയാളം) ഉണ്ടായിരുന്ന കാലത്ത് പരസ്പരം എടുത്തുപയോഗിച്ചിരുന്ന പദങ്ങളുടെ “ലഹരിബാക്കി” കുറേ കാലം അവരെ മയക്കിയിരുന്നെങ്കിലും ഇന്ന് അവര്‍ ആ ഭാഷയും പ്രയോഗവും പറ്റേ ഒഴിവാക്കിക്കഴിഞ്ഞു.
ഭാഷയുടെ ശക്തിയും ധിഷണയും ചരിത്രബോധവും വായനയുമൊക്കെയാണ് ഒരാളുടെ സംസാരം ആകര്‍ഷണീയമാക്കുന്നത്. ഇന്നത്തെ വലിയൊരു വിഭാഗം നേതാക്കള്‍ക്ക് ഇല്ലാതെ പോകുന്നതും അവയാണ്. ഇത്തരം കഴിവുകളുള്ളവരുടെ “നില” രാഷ്ട്രീയ ഭൂപടത്തില്‍ വളരെ താഴെയായിരിക്കും.
എന്നാല്‍ ജി സുധാകരന്‍ ഈ തലത്തില്‍ നല്ലൊരു പരീക്ഷണത്തിന് മുതിര്‍ന്നിരുന്നു. “ജി സുധാകരന്റെ ഭാഷ” എന്ന വിഷയത്തില്‍ മലയാളത്തിലെ ഒരു സാഹിത്യ മാസിക ചര്‍ച്ച സംഘടിപ്പിച്ചു എന്നിടത്ത് തന്നെ അദ്ദേഹത്തിന്റെ വ്യക്തിമുദ്ര വ്യക്തമായിരുന്നു. എന്നാല്‍, അതിവൈകാരികതയും രോഷവും അദ്ദേഹത്തിനെതിരെ വന്ന വിമര്‍ശങ്ങളും സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ സങ്കല്‍പ്പങ്ങളും എല്ലാം ചേര്‍ന്നപ്പോള്‍ ജി സുധാകരന്റെ ഭാഷയെക്കുറിച്ചുള്ള ചര്‍ച്ച വേറൊരു വഴിക്കാണ് പോയത്. ഷേക്‌സ്പിയര്‍ നാടകങ്ങളിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് നിയമസഭാ പ്രസംഗം നടത്തുന്ന ഒരു മനുഷ്യന്റെ പ്രസ്താവനകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചോ? “ഞ്ഞഞ്ഞാ പിഞ്ഞ”, “കൊഞ്ഞാണന്‍”, “കിന്ത്രി”, “അമ്പലം വിഴുങ്ങി” തുടങ്ങിയവ വലിയ പുക്കാറ് ഉണ്ടാക്കി. തെറിയുടെയും അശ്ലീലത്തിന്റെയും ലാഞ്ചനയില്ലായിരുന്നെങ്കില്‍ സുധാകരന്‍ നല്ലൊരു പ്രതീക്ഷയായിരുന്നു.
എം എ ബേബി കുറച്ചുകൂടി മാറി നടക്കാന്‍ കോപ്പുള്ള ആളാണ്. പക്ഷേ, അദ്ദേഹത്തിന്റെ സാംസ്‌കാരിക നിലവാരത്തിന് അനുസൃതമായ ഒരു ഭാഷയുണ്ടെന്ന് അദ്ദേഹം ഇനിയും തെളിയിക്കേണ്ടതുണ്ട്. എ പി അബ്ദുല്ലക്കുട്ടിയും വി ടി ബലറാമും എം ബി രാജേഷുമൊക്കെ പ്രതീക്ഷക്ക് വക നല്‍കുന്നവരാണ്.
താരതമ്യേന വായനയുള്ളയാളാണ് പിണറായി വിജയന്‍ എന്നാണ് വെപ്പ്. എന്നാലും അദ്ദേഹത്തിലും പഴഞ്ചന്‍ പദാവലികള്‍ കാണാം. “ക്ഷുദ്രജീവി”യും “നല്ല നമസ്‌കാരവും” “ബക്കറ്റിലെ വെള്ളവും” “കുലം കുത്തി”യുമൊക്കെ കേട്ടുതഴമ്പിച്ചതെന്ന അസ്വസ്ഥത ഒഴിവാക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രയോഗങ്ങള്‍ വാര്‍ത്തയാകുന്നതു കൊണ്ട് അത് ജനകീയമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു നിലക്ക് ചിന്തിക്കുമ്പോള്‍ രാഷ്ട്രീയക്കാരെ മാത്രം പറയേണ്ട കാര്യമില്ല. സാഹിത്യ, സാംസ്‌കാരിക ലോകം ഇക്കാലത്ത് സംഭാവന ചെയ്യുന്നതെന്താണ്?
വൈക്കം മുഹമ്മദ് ബഷീറോ സുകുമാര്‍ അഴീക്കോടോ എം എന്‍ വിജയനോ നിര്‍വഹിച്ചിരുന്ന ദൗത്യം ഇന്നാരാണ് നിര്‍വഹിക്കുന്നത്?