Connect with us

Articles

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ പിടിച്ചുവാങ്ങിയ അവകാശങ്ങള്‍

Published

|

Last Updated

കാസര്‍കോട്ടെ എന്‍ഡോ സള്‍ഫാന്‍ ഇരകളായ അമ്മമാരും കുഞ്ഞുങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ ജനുവരി 26 മുതല്‍ നടത്തിവന്ന അനിശ്ചിതകാല സമരത്തിന് വിജയകരമായ പരിസമാപ്തിയുണ്ടായിരിക്കുന്നു. പ്രധാനപ്പെട്ട ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിക്കുകയോ തത്വത്തില്‍ അംഗീകരിക്കുകയോ ചെയ്തിട്ടുണ്ട്. കൃഷി മന്ത്രിയും ആരോഗ്യ മന്ത്രിയും സാമൂഹിക ക്ഷേമ മന്ത്രിയും മാത്രമാണ് അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിന് ന്യായീകരണമില്ല. ഇരകളെ സംബന്ധിച്ചിടത്തോളം ഏത് മന്ത്രിയുമായി ധാരണയുണ്ടാക്കുന്നുവെന്നതല്ല പ്രശ്‌നം, പൊതുവായി തീര്‍പ്പ് കല്‍പ്പിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ മന്ത്രിസഭയും അഡ്മിനിസ്‌ട്രേഷനും ഗുരുതരമായി വീഴ്ചകള്‍ നിരന്തരം വരുത്തുന്നുവെന്നതാണ് പ്രശ്‌നം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 25.03.2013ന് ഉണ്ടാക്കിയ ധാരണ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഭരണകൂടം ഇതുവരെയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. സമരസമിതിയുമായുണ്ടാക്കിയ വ്യവസ്ഥകള്‍ കൃത്യമായി നടപ്പാക്കിയിരുന്നുവെങ്കില്‍ രോഗികളായി കഴിയുന്ന ഇരകള്‍ക്ക് കാസര്‍കോട് നിന്ന് സഞ്ചരിച്ച് തലസ്ഥാനത്ത് വന്ന് സമരം ചെയ്യേണ്ട ഗതികേട് വരുമായിരുന്നില്ല. അതിനുത്തരവാദി സര്‍ക്കാര്‍ തന്നെയാണ്.

എന്തായാലും, അതിശക്തമായ സമരത്തിന്റെയും മാധ്യമങ്ങള്‍ നല്‍കിയ നിര്‍ലോഭമായ പിന്തുണയുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് സമരത്തിന്റെ മൂന്നാം നാള്‍ 28-ാം തീയതി വൈകുന്നേരം മുഖ്യമന്ത്രിയുടെ ചേംബറില്‍ കൂടിയ യോഗത്തില്‍, സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്റെ നേതൃത്വത്തില്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളില്‍ ഒരെണ്ണമൊഴികെയുള്ളവ നടപ്പാക്കുന്നതിന് സമയബന്ധിതമായ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ആ ഒരെണ്ണം ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ആവശ്യമാണ്. എന്നാല്‍, ബാക്കി തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയാല്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞതിന് തുല്യമാകും.
ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് നോക്കാം. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച 11 പഞ്ചായത്തുകളിലെ രോഗികള്‍ക്ക് പുറമെ പൂര്‍ണമായും കിടപ്പിലായവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, ശാരീരിക വൈകല്യമുള്ളവര്‍, കൂടാതെ ക്യാന്‍സര്‍ രോഗികളുമായ മുഴുവന്‍ ദുരിതബാധിതരുടെയും പട്ടിക തയ്യാറാക്കാനും അവര്‍ക്കുള്ള സാമ്പത്തിക സഹായം 2014 മാര്‍ച്ച് 31നകം മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച ആശ്വാസ ധനസഹായത്തിന്റെ ആദ്യ ഗഡു നല്‍കാനും തീരുമാനിച്ചു. ആദ്യ ഗഡു ലഭിച്ചവര്‍ക്ക് രണ്ടാം ഗഡു നല്‍കുന്നതിലേക്കായി പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്ന് 26 കോടി രൂപ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാനും ധാരണയായി. അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങളാണിവ.
രണ്ടാമത്തേത്, 2013 ആഗസ്റ്റ് മാസത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ കണ്ടെത്തിയ രോഗികളുടെ പട്ടികയും 2011ല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ മറ്റ് പഞ്ചായത്തുകളിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രോഗികളുടെ പട്ടികയുമായി താരതമ്യപ്പെടുത്തി പരിശോധിക്കാനും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അതിര്‍ത്തി ബാധകമാക്കാതെയും അന്തിമ പട്ടിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. പ്രസ്തുത പട്ടിക കെ പി അരവിന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടും 2014 ഫെബ്രുവരി 28ന് മുന്‍പ് സര്‍ക്കാരിന് ലഭ്യമാക്കാനും തീരുമാനിച്ചു.
മൂന്നാമത്, കടമെടുത്ത് ചികിത്സ നടത്തി ജപ്തി നേരിടുന്നവരുടെ കടം എഴുതിത്തള്ളണമെന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കടമെടുത്ത് ചികിത്സ നടത്തേണ്ടിവന്നവരുടെ ജപ്തി നടപടി സംബന്ധിച്ച് കലക്ടറുടെ റിപ്പോര്‍ട്ട് ലഭ്യമാക്കി മേല്‍ നടപടി സ്വീകരിക്കാനും കലക്ടറുടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം 2014 ജനുവരി 31നകം ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.
അതോടൊപ്പം, ദുരിതബാധിതകര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് വര്‍ഷത്തിലൊരിക്കല്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, അടിയന്തര ഘട്ടത്തില്‍ ദുരിതബാധിതര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ കലക്ടറുടെ അധ്യക്ഷതയിലുള്ള സമിതിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍പീഡിത ജനകീയ മുന്നണി ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ ബഡ്‌സ് സ്‌കൂളുകളുടെ ജീവനക്കാര്‍ക്ക് മുന്‍പ് അനുവദിച്ച 1500 രൂപയുടെ അധിക വേതനം കലക്ടറുടെ പട്ടിക കിട്ടിയ ഉടന്‍ നല്‍കാന്‍ തീരുമാനിച്ചു. ബഡ്‌സ് സ്‌കൂളിലേക്ക് അനുവദിച്ച ബസ്സ് പഞ്ചായത്തിന് പുറത്തുള്ളവരെയും എത്തിക്കാനുള്ള അനുമതി പഞ്ചായത്തിന് നല്‍കാനും യോഗം തീരുമാനിച്ചു. ഗോഡൗണുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ മൂന്ന് മാസത്തിനുള്ളില്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന തീരുമാനവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
നെഞ്ചംപറമ്പില്‍ സി ഡബ്ലിയു ആര്‍ ഡി എമ്മിന്റെ സഹായത്തോടെയും എന്‍ഡോസള്‍ഫാന്‍ സമരസമിതിയുടെ സഹകരണത്തോടെയും കൂടുതല്‍ പരിശോധന നടത്താന്‍ യോഗം തീരുമാനിച്ചു. ഇതും സമരത്തിന്റെ വിജയങ്ങളില്‍ ഒന്നാണ്.
ദുരിതബാധിതര്‍ക്ക് നല്‍കിവരുന്ന 2,000, 1,000 രൂപ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനും ദുരിതബാധിതരുടെ സഹായികള്‍ക്കുള്ള തുക വര്‍ധിപ്പിക്കാനും ധനകാര്യ വകുപ്പിനോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതോടെ ഈ സമരത്തിന് തിളങ്ങുന്ന വിജയം നേടാനായി എന്നു നിസ്സംശയം പറയാം. വിശേഷിച്ചും, എല്‍ ഡി എഫ് നടത്തിയ അനിശ്ചിതകാല രാഷ്ട്രീയ സമരം പൊളിഞ്ഞുപോയ അതേ സ്ഥലത്താണ് ഈ ജനകീയ സമരം നിര്‍ണായക വിജയം നേടി കൊടി നാട്ടിയത്. കേവലം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തിയ എല്‍ ഡി എഫ് സമരത്തിന് ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിഞ്ഞില്ല. പക്ഷേ, തികച്ചും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനങ്ങള്‍ സമരരംഗത്ത് വന്നാല്‍ അതിന് ബഹുജന പിന്തുണയാര്‍ജിക്കാനും വിജയിക്കാനും കഴിയുമെന്ന് ഈ സമരം ഒരിക്കല്‍ക്കൂടി തെളിയിക്കുകയുണ്ടായി. ശരിയായ സമര നേതൃത്വം, ശരിയായ ഡിമാന്‍ഡു കള്‍, നേരായ ജനാധിപത്യസമരമാര്‍ഗം ഇതൊക്കെയാണ് ഏത് സമരത്തിലും നിര്‍ണായകമാകുന്ന ഘടകങ്ങള്‍. ഈ സമരത്തിനും അങ്ങനെയൊരു സമര നേതൃത്വമുണ്ടായിരുന്നു. അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ എന്ന ഒരു ചെറിയ മനുഷ്യന്‍. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന ആ മനുഷ്യന്റെ പ്രയത്‌നങ്ങളാണ് ഈ സമരത്തെ മുന്നോട്ടു നയിച്ചത്. എല്ലാ ജാതി, മത വിഭാഗങ്ങളിലും പെട്ടവരെ അദ്ദേഹം ഒന്നിപ്പിക്കുകയുണ്ടായി. കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കാനും ഏവരേയും യോജിപ്പിക്കാനും അദ്ദേഹം നടത്തിയ സമരം ആരും കാണാതെ പോകരുത്.
എന്തായാലും, ഈ സമരവിജയം ഇരകള്‍ക്കു കൂടുതല്‍ ആത്മവിശ്വാസം പകരുക തന്നെ ചെയ്യും. മാര്‍ച്ച് 31 ഒരു അവസാന തീയതിയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനമാണത്. അതിനുള്ളില്‍ മേല്‍പ്പറഞ്ഞ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍, അത് അപമാനകരമായിരിക്കും. അങ്ങനെയെങ്കില്‍ ഇരകള്‍ക്ക് മറ്റൊരു സമരം നടത്തേണ്ടിവന്നേക്കാം. അത് പക്ഷേ, ദുരന്തപൂര്‍ണമായേക്കാം. മരണത്തിനും ജീവിതത്തിനുമിടയില്‍ അതിസാഹസികമാണ് ഓരോ ഇരയുടെയും നിലനില്‍പ്പെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അധികാരികളും അത് തിരിച്ചറിയണം. സെക്രട്ടേറിയറ്റില്‍ ഇരുന്നുകൊണ്ടല്ല ഭരണം നടത്തേണ്ടത്. “സുതാര്യ കേരള”ത്തില്‍ പരാതി വാങ്ങി സുക്ഷിച്ചുകൊണ്ടുമല്ല. ജനകീയ പ്രശ്‌നങ്ങളുടെ കാതല്‍ എന്തെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കി അവ പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമ്പോഴാണ് സര്‍ക്കാറിന് പിടിപ്പുണ്ടാകുന്നത്. പിടിപ്പുകെട്ട ഭരണസംവിധാനമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് കടലാസുകളുടെ വിലയെങ്കിലുമുണ്ടോ? എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കാര്യത്തില്‍ അധികാരികളുടെ സമീപനമിതാണെങ്കില്‍ മറ്റുള്ള ജനവിഭാഗങ്ങളോട് കാട്ടുന്ന അവഗണനക്ക് എന്തെങ്കിലും പരിധികളുണ്ടാകുമോ? അനുദിനം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കുമോ?