ലോക്‌സഭ: യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങി

Posted on: January 30, 2014 11:33 pm | Last updated: January 30, 2014 at 11:33 pm

udfതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങി. ഇന്നലെ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്കുമായി യു ഡി എഫ് നേതൃത്വം നടത്തിയ ചര്‍ച്ച പരാജയമായി. വടകര, വയനാട് സീറ്റുകളില്‍ ഒരെണ്ണം വേണമെന്ന നിലപാടില്‍ എസ് ജെ ഡി ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച തീരുമാനമെത്താതെ പിരിഞ്ഞത്. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ എസ് ജെ ഡിയുമായി യു ഡി എഫ് നേതൃത്വം വീണ്ടും ചര്‍ച്ച നടത്തും. മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്(എം) എന്നിവരുമായി മൂന്നിന് നടത്തുന്ന ഉഭയ കക്ഷി ചര്‍ച്ചകള്‍ക്കു ശേഷം സീറ്റിന്റെ കാര്യത്തില്‍ പ്രതികരിക്കാമെന്ന് യു ഡി എഫ് നേതൃത്വം ഉറപ്പ് നല്‍കിയതായി എസ് ജെ ഡി നേതാവ് വര്‍ഗീസ് ജോര്‍ജ് പ്രതികരിച്ചു. എസ് ജെ ഡിയുടെ ആവശ്യത്തോട് കോണ്‍ഗ്രസ് അനുകൂലമായാണു പ്രതികരിച്ചത്. വയനാടും വടകരയും തങ്ങളുടെ സിറ്റിംഗ് സീറ്റാണെന്ന് കോണ്‍ഗ്രസ് പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉന്നയിച്ചില്ല. മൂന്നിന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷം നിലപാട് വ്യക്തമാക്കുമെന്നു കോണ്‍ഗ്രസും ഉറപ്പ് നല്‍കി. അന്നുതന്നെയോ അല്ലെങ്കില്‍ എട്ടിനോ ആയിരിക്കും എസ് ജെ ഡിയുമായി വീണ്ടും ചര്‍ച്ച നടക്കുക.
അതിനിടെ, ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ രാത്രി ഡല്‍ഹിയിലേക്കു പോയിട്ടുണ്ട്. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഇന്ന് ഡല്‍ഹിയിലേക്കു പോകും. തുടര്‍ന്ന് ഇരുവരും സീറ്റ് വിഭജനം, കെ പി സി സി പ്രസിഡന്റ് സ്ഥാനം എന്നിവ സംബന്ധിച്ച് എ കെ ആന്റണിയുമായും ഹൈക്കമാന്‍ഡുമായും ചര്‍ച്ച നടത്തും. എസ് ജെ ഡിക്ക് വടകര സീറ്റ് നല്‍കുന്ന കാര്യത്തില്‍ മുന്നണി നേതൃത്വം വിട്ടുവീഴ്ചക്കു തയ്യാറാണെന്നാണു സൂചന.
അതേസമയം, തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഓരോ സീറ്റ് കൂടുതല്‍ ചോദിക്കാനാണു മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്(എം) ഘടക കക്ഷികളുടെ തീരുമാനം. ലീഗ് വയനാട് സീറ്റും മാണി വിഭാഗം ഇടുക്കി സീറ്റുമാണു ലക്ഷ്യമിടുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ സീറ്റുകള്‍ വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ല. ഇക്കാര്യം ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കും. നിലവിലെ ധാരണപ്രകാരം കോണ്‍ഗ്രസ് 16, മുസ്‌ലീം ലീഗ് രണ്ട്, കേരളാ കോണ്‍ഗ്രസ്(എം) ഒന്ന്, സോഷ്യലിസ്റ്റ് ജനത ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം ലക്ഷ്യമിടുന്നത്. ലീഗിന് മലപ്പുറവും പൊന്നാനിയും കേരളാ കോണ്‍ഗ്രസിന് കോട്ടയവും നല്‍കാനാണു ധാരണ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക ഫെബ്രുവരി ആദ്യ ആഴ്ച തന്നെ നല്‍കാനാണ് ഹൈക്കമാന്‍ഡ് കെ പി സി സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനു മുമ്പ് ഘടക കക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഘടകകക്ഷികളുമായി ധാരണ ഉണ്ടാക്കിയ ശേഷമാകും അവശേഷിക്കുന്ന 16 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ആരെന്നതിനെ കുറിച്ച് ആലോചിക്കുക. സാധ്യതാ പട്ടികയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡ് നിലപാടുകൂടി കണക്കിലെടുത്താകും നടക്കുക. ഫെബ്രുവരി പകുതിയോടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കാനാണ് യു ഡി എഫ് ശ്രമം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമ രൂപം നല്‍കി ഹൈക്കമാന്‍ഡ് അനുമതിക്ക് നല്‍കുക സ്‌ക്രൂട്ടിനി കമ്മിറ്റിയാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പുതന്നെ ഈ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അതേസമയം, ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ ഒഴിവ് വന്ന കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നിയമനം സംബന്ധിച്ച് ഇന്ന് ഹൈക്കമാന്‍ഡുമായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ചര്‍ച്ച നടത്തും.