Connect with us

International

ഗ്വാണ്ടനാമോ തടവറ ഈ വര്‍ഷം അടച്ചുപൂട്ടും: ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറ ഈ വര്‍ഷം അടച്ചുപൂട്ടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. രാജ്യത്തോടായി നടത്തിയ വാര്‍ഷിക സന്ദേശത്തിലാണ് തന്റെ മുന്‍ നിലപാട് ആവര്‍ത്തിച്ചത്. വിചാരണ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 155 തടവുകാര്‍ കഴിയുന്ന ക്യൂബയിലെ ഗ്വാണ്ടനാമോ ദ്വീപ് ജയിലില്‍ കടുത്ത പീഡനങ്ങളാണ് അരങ്ങേറുന്നത്.
അഫ്ഗാന്‍ അടക്കമുള്ള സ്ഥിരം യുദ്ധമുഖങ്ങളില്‍ നിന്ന് പിന്‍മാറ്റം പൂര്‍ത്തിയാക്കുമെന്നും യുദ്ധമല്ല, നയതന്ത്രമാണ് പരിഹാരമെന്ന് അമേരിക്ക തിരിച്ചറിയുന്നുവെന്നും ഒബാമ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് തന്റെ പ്രസിഡന്‍ഷ്യല്‍ കാലത്ത് പ്രഖ്യാപിച്ച കാര്യമാണ് ഗ്വാണ്ടനാമോ അടച്ചു പൂട്ടുകയെന്നത്. ഇന്ന് കോണ്‍ഗ്രസ് അതിനുള്ള തടസ്സങ്ങള്‍ നീക്കിയിരിക്കുന്നു. ഭീകരവാദം തടയേണ്ടത് രഹസ്യാന്വേഷണങ്ങള്‍ കൊണ്ടും സൈനിക നടപടി കൊണ്ടും അല്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അമേരിക്കന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന മഹത്തായ മൂല്യങ്ങളില്‍ അധിഷ്ഠിതമായ പോരാട്ടം നടത്തി ലോകത്തിന് പുതിയ മാതൃക സൃഷ്ടിക്കാനാണ് രാജ്യം ശ്രമിക്കുകയെന്നും ഒബാമ പറഞ്ഞു.
തീവ്രവാദ ശൃംഖലകള്‍ക്കെതിരായ പോരാട്ടത്തിനിടെ സ്ഥിരം യുദ്ധ മുഖം തുടരുന്നതില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടതുണ്ട്. ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വികാരം കണക്കിലെടുത്ത് ഇത്തരം ആക്രമണങ്ങള്‍ പരമാവധി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
തങ്ങളുടെ രാജ്യത്ത് കടന്ന് കയറി അമേരിക്ക ആക്രമണം നടത്തുന്നുവെന്ന് മറ്റുള്ളവര്‍ കരുതുന്നിടത്തോളം കാലം യു എസ് പൗരന്‍മാര്‍ സുരക്ഷിതരായിരിക്കില്ലെന്നും ഒബാമ പറഞ്ഞു.
അതേസമയം, ഒബാമയുടെ പ്രഖ്യാപനങ്ങളില്‍ പുതുമയൊന്നുമില്ലെന്നും നേരത്തേ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചു. സംസാരം നിര്‍ത്തി ചെയ്ത് കാണിക്കട്ടെയെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ യു എസ് ഘടകം വക്താവ് സേകെ ജോണ്‍സണ്‍ പറഞ്ഞു.