ഉക്രൈനില്‍ പൊതുമാപ്പ് വാഗ്ദാനം പ്രക്ഷോഭകര്‍ നിരസിച്ചു

Posted on: January 30, 2014 11:28 pm | Last updated: January 30, 2014 at 11:28 pm

UKRAINകീവ്: ഉക്രൈനില്‍ തുടരുന്ന അരക്ഷിതാവസ്ഥക്ക് പരിഹാരം കാണുന്നതിന് പ്രക്ഷോഭകര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ തയ്യാറാണെന്ന സര്‍ക്കാര്‍ നിലപാട് പ്രക്ഷോഭകര്‍ തള്ളി. ഈയിടെ രാജ്യത്ത് പ്രതിഷേധ വിരുദ്ധ ബില്‍ പാസാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധവും അലയടിക്കുകയാണ്.
നേരത്തെ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം വ്യാപിപ്പിച്ചത്. പ്രതിഷേധം മൂലം ജനജീവിതം തടസ്സപ്പെട്ടിരിക്കയാണ്. പ്രതിഷേധം അവസാനിപ്പിച്ചാല്‍ പ്രക്ഷോഭകര്‍ക്ക് പൊതുമാപ്പ് നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനമാണ് പ്രതിഷേധക്കാര്‍ തള്ളിയത്.
സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കുന്നതും, തെരുവുകളിലെ മാര്‍ഗതടസ്സങ്ങളും നീക്കണമെന്നും സര്‍ക്കാര്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാറിന്റെ രാജി ആവശ്യത്തിലേക്ക് ഇത് നീങ്ങി.
പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ച് റഷ്യയുമായി വ്യാപാര കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചതാണ് ജനങ്ങളെ തെരുവിലേക്ക് നയിച്ചത്. 15 ദിവസത്തിനകം സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഉപരോധിക്കുന്നതില്‍ നിന്ന് പ്രതിഷേധക്കാര്‍ പിന്‍മാറിയാല്‍ പൊതുമാപ്പ് ലഭിക്കും.
കീവിലെയും മറ്റ് നഗരങ്ങളിലെയും സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ മിക്കതും വിമത നിയന്ത്രണത്തിലാണ്. യൂറോപ്യന്‍ യൂനിയനുമായി കൂടുതല്‍ സഹകരണം ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രക്ഷോഭകര്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിറകേയാണ് അവധി വാര്‍ത്ത പൊടുന്നനേ പുറത്ത് വന്നത്. തലസ്ഥാന നഗരിയിലെ സ്വാതന്ത്ര്യ ചത്വരത്തില്‍ തമ്പടിച്ച പ്രക്ഷോഭകര്‍ മുന്‍സിപ്പാലിറ്റി കെട്ടിടം അടക്കമുള്ള കാര്യാലയങ്ങള്‍ വളഞ്ഞിരിക്കുകയാണ്.
പ്രതിപക്ഷത്തെ അനുനയിപ്പിക്കാനായി പ്രധാനമന്ത്രിയെ മാറ്റുമെന്നും പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. പൊതു മാപ്പ് നല്‍കുന്ന ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണ്.
റഷ്യയുമായുള്ള വ്യാപാര വ്യാപാര കരാര്‍ ഉക്രൈന് ഗുണമാണെന്ന് സര്‍ക്കാര്‍ പറയുന്നു, മുന്‍ സോവിയറ്റ് രാജ്യമായ ഉക്രൈനിലെ പ്രക്ഷോഭത്തിന് യൂറോപ്യന്‍ യൂനിയന്റെ പിന്തുണയുണ്ട്. കരാര്‍ ഉക്രൈന്റെ സാമ്പത്തിക രംഗം ശക്തമാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.