Connect with us

Kerala

കെ എസ് ആര്‍ ടി സിക്ക് ബസ് വാങ്ങാന്‍ എം എല്‍ എ ഫണ്ടുപയോഗിക്കാന്‍ പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: എം എല്‍ എ ഫണ്ടുപയോഗിച്ച് കെ എസ് ആര്‍ ടി സിക്ക് പുതിയ ബസ് വാങ്ങാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എം എല്‍ എമാരടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു നിശ്ചിത തുക ഇതിനായി കണ്ടെത്തേണ്ടി വരും. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എം എല്‍ എമാരുമായി വിശദമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ പദ്ധതി നടപ്പാക്കു. താത്പര്യമുള്ള എം എല്‍ എമാര്‍ക്ക് ഇതുമായി സഹകരിക്കാം. പദ്ധതി നടപ്പാക്കാനായാല്‍ 500 ഓളം ബസുകള്‍ പുതുതായി വാങ്ങാനാകും.
ഇത്തരത്തില്‍ വാങ്ങുന്ന ബസുകള്‍ എം എല്‍ എമാര്‍ ആവശ്യപ്പെട്ടുന്ന റൂട്ടില്‍ സര്‍വീസ് നടത്തും. എന്നാല്‍ 2,000 രൂപക്കും 10,000 രൂപ വരെ വരുമാനമുള്ള റൂട്ടായിരിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സാമൂഹികക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എം മാണിയും അറിയിച്ചു. കഴിഞ്ഞ ദിവസം ബജറ്റില്‍ വരുത്തിയ മാറ്റങ്ങളിലുടെ 541.56 കോടിയുടെ അധികച്ചെലവാണുണ്ടായത്. 54 കോടിയുടെ നികുതിയിളവ് പ്രഖ്യാപിച്ചപ്പോള്‍ 50 കോടി മാത്രമാണ് നികുതി നിര്‍ദേശങ്ങളിലൂടെ സമാഹരിക്കാനായത്. ഇതോടെ റവന്യുകമ്മി 71.48 കോടിയായി മാറുമെന്നും മന്ത്രി അറിയിച്ചു.
മംഗലാപുരത്തെ ആശുപത്രികളില്‍ നിന്ന് ചികിത്സ തേടുന്നതിന് കൂടി കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നും പണം അനുവദിക്കും. സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളിന് സമ്മാനം നല്‍കുന്ന കാര്യവും പരിഗണിക്കും. എം സാന്‍ഡിന്റെ നികുതിയിളവ് പരിശോധിച്ച് തീരുമാനിക്കുമെന്നും ധനമന്ത്രി അറിയിച്ചു.