സ്‌കൂള്‍ പ്രവേശം: പ്രായ പരിധി ഉയര്‍ത്തി; അപേക്ഷകളുടെ പ്രളയം

Posted on: January 30, 2014 7:08 pm | Last updated: January 30, 2014 at 7:08 pm

ddddഷാര്‍ജ: അടുത്ത അധ്യയന വര്‍ഷം മുതല്‍ വിവിധ ക്ലാസുകളിലേക്കു കുട്ടികളുടെ പ്രവേശനത്തിനുള്ള പ്രായപരിധി ഉയര്‍ത്തി. കിന്റര്‍ഗാര്‍ട്ടന്‍ ഒന്ന്, രണ്ട്, ഗ്രേഡ് ഒന്ന് എന്നീ ക്ലാസുകളിലേക്കുള്ള പ്രവേശന പ്രായ പരിധിയാണ് പ്രധാനമായും ഉയര്‍ത്തിയത്. കെ ജി ഒന്ന് പ്രവേശനത്തിനുള്ള പുതിയ പ്രായ പരിധി നാലു വയസ്സാണ്. നേരത്തെ ഇതു മൂന്നു വയസ്സായിരുന്നു.
കെ ജി രണ്ടിലേക്കു നാലില്‍ നിന്നു അഞ്ചായും ഗ്രേഡ് ഒന്നിലേക്ക് അഞ്ചില്‍ നിന്ന് ആറായും ഉയര്‍ത്തി. ഈ പ്രായപരിധി അനുസരിച്ചാണ് ഇത്തവണ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന അപേക്ഷകള്‍ വിദ്യാലയങ്ങളില്‍ സ്വീകരിക്കുന്നത്. ഷാര്‍ജ അടക്കമുള്ള ചില എമിറേറ്റുകളിലാണ് പ്രായ പരിധി ഉയര്‍ത്തിയിട്ടുള്ളത്. അതേ സമയം ദുബൈയില്‍ നിലവിലുള്ള പ്രായപരിധിയില്‍ മാറ്റമില്ലെന്നാണു സൂചന. പ്രായപരിധിയില്‍ വരുത്തിയ മാറ്റം മൂന്നര വയസ് കണക്കാക്കി മക്കളുടെ കെ ജി ഒന്നു പ്രവേശനത്തിനു കാത്തിരുന്ന രക്ഷിതാക്കളെ നിരാശയിലാക്കി. നിശ്ചിത പ്രായത്തിനു ഒരു ദിവസം കുറവണ്ടായില്‍ പോലും പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയുന്നത്.
ഇത്തരം കുട്ടികള്‍ക്ക് നഴ്‌സറിയില്‍ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. അതിനിടെ പ്രവേശന നടപടികള്‍ വിവിധ വിദ്യാലയങ്ങളില്‍ പൂര്‍ത്തിയായി വരികയാണ്. നൂറുക്കണക്കിനു അപേക്ഷകളാണ് അഡ്മിഷനുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളില്‍ ലഭിച്ചിട്ടുള്ളത്. അപേക്ഷിച്ചവര്‍ക്കെല്ലാം അഡ്മിഷന്‍ കിട്ടാനുള്ള സാധ്യത വിരളമാണ്.
അതുകൊണ്ടു തന്നെ മക്കള്‍ക്കു സീറ്റിനു വേണ്ടി രക്ഷിതാക്കള്‍ പരക്കം പായേണ്ടി വരുമെന്നുറപ്പാണ്. ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ മിക്ക വിദ്യാലയങ്ങളിലും നിലവില്‍ ഇല്ലാത്തതാണ് അഡ്മിഷന്‍ ലഭിക്കാതിരിക്കാന്‍ പ്രധാന കാരണം. എമിറേറ്റിലെ പ്രമുഖ സ്വകാര്യ വിദ്യാലയമായ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നൂറുക്കണക്കിനു അപേക്ഷകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ഓണ്‍ ലൈന്‍ വഴിയാണ് ഇത്തവണ അപേക്ഷ സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം നേരിട്ടായിരുന്നു. അപേക്ഷിക്കാനുള്ള അവസാന തിയ്യതി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. രാജ്യത്തു തന്നെ ഏറ്റവും കുറഞ്ഞ ചിലവില്‍ വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാലയമാണിത്. അതു കൊണ്ടു തന്നെ സാധാരണക്കാരുടെ മക്കള്‍ പ്രധാനമായും ആശ്രയിക്കുന്നതും ഈ വിദ്യാലയത്തെയാണ്.
ഏകദേശം 10,000 വിദ്യാര്‍ഥികള്‍ നിലവില്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. കെ ജി ക്ലാസുകളിലേക്കാണ് ലഭിച്ചിട്ടുള്ള അപേക്ഷകള്‍ അധികവും. മാര്‍ച്ചിലാണ് നിലവിലുള്ള അധ്യയന വര്‍ഷം അവസാനിക്കുക. പുതിയ അധ്യയന വര്‍ഷം ഏപ്രില്‍ ആദ്യ വാരത്തില്‍ ആരംഭിക്കും. അതിനു മുമ്പ് അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.