ഉമ്മുല്‍ ഖുവൈനില്‍ വാഹനാപകട മരണങ്ങള്‍ കുറഞ്ഞു

Posted on: January 30, 2014 7:01 pm | Last updated: January 30, 2014 at 7:01 pm

accidentഉമ്മുല്‍ ഖുവൈന്‍: വാഹനാപകട മരണങ്ങളില്‍ 48 ശതമാനത്തിന്റെ കുറവുണ്ടായതായി ഉമ്മുല്‍ ഖുവൈന്‍ പോലീസ് വ്യക്തമാക്കി. 2012ല്‍ 19 പേര്‍ വാഹനാപകടത്തില്‍ എമിറേറ്റില്‍ മരിച്ചെങ്കില്‍ 2013ല്‍ ഇത് 10 പേര്‍ മാത്രമായിരുന്നു. പോലീസിന്റെ നേതൃത്വത്തില്‍ തുടരുന്ന ശക്തമായ ബോധവത്ക്കരണമാണ് മരണ നിരക്കില്‍ കുറവുണ്ടാവാന്‍ ഇടയാക്കിയതെന്ന് ഉമ്മുല്‍ ഖുവൈന്‍ പോലീസ് ഡയറക്ടര്‍ ഓഫ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ സയീദ് ഒബൈദ് ബിന്‍ അരന്‍ വെളിപ്പെടുത്തി.

എന്നാല്‍ അപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2013ല്‍ 4,325 അപകടങ്ങള്‍ നടന്നപ്പോള്‍ 2012ല്‍ 3,030 അപകടങ്ങളായിരുന്നു എമിറേറ്റില്‍ സംഭവിച്ചത്. 2012ല്‍ 100 പേര്‍ക്ക് അപകടങ്ങളില്‍ പരുക്കേറ്റപ്പോള്‍ 2013ല്‍ ഇത് 102 ആയിരുന്നു.
അമിതവേഗക്കാരെ പിടികൂടാന്‍ കൂടുതല്‍ പട്രോള്‍ സംഘത്തെ റോഡുകളില്‍ നിയോഗിക്കും. അമിതവേഗത്തോടൊപ്പം മറ്റ് ഗതാഗത നിയമലംഘനങ്ങളും പിടികൂടാനാണ് സംഘത്തെ നിയോഗിക്കുന്നത്. റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു. അപകടങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമായത് അമിത വേഗമാണ്. അശ്രദ്ധമായി വാഹനം ഓടിച്ചതും അപകടത്തിന് ഇടയാക്കുന്ന വിധത്തില്‍ വാഹനം ഓടിച്ചതും അപകടത്തിന് കാരണമായിട്ടുണ്ട്. സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കുക, തെറ്റായ രീതിയില്‍ മറികടക്കുക, സിഗ്നല്‍ മുറിച്ചു കടക്കുക തുടങ്ങിയവയും അപകങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. റോഡില്‍ ഏതെല്ലാം മേഖലയിലാണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നതെന്ന് ഗതാഗത വിഭാഗം സമഗ്രമായി പഠനം നടത്തിയിട്ടുണ്ട്. ചില ഭാഗങ്ങളില്‍ വേഗ പരിധി പരിമിതപ്പെടുത്തുകയും മറ്റിടങ്ങൡ നിലവിലെ സ്ഥിതി തുടരുകയും ചെയ്യുന്നതിനൊപ്പം ചിലയിടങ്ങളില്‍ വേഗപരിധി വര്‍ധിപ്പിച്ചിട്ടുമുണ്ട്.
അപകടങ്ങളില്‍ ബഹുഭൂരിഭാഗവും സംഭവിച്ചത് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ്. പ്രധാനമായു പിന്നില്‍ ഇടിച്ചും വശങ്ങളില്‍ ഇടിച്ചുമാണ് ഇവ സംഭവിച്ചത്. റോഡരുകിലെ ഡിവൈഡറിലും തൂണുകളിലും ഇടിച്ചും വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. 2,631 വാഹനാപകടങ്ങളില്‍ 1,439 അപകടങ്ങള്‍ക്കും കാരണക്കാരായത് സ്വദേശികളാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്, ഇവര്‍ 650 അപകടങ്ങള്‍ക്ക് കാരണക്കാരായി. മൂന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാനികള്‍ 542 അപകടങ്ങള്‍ക്കാണ് വഴിവെച്ചത്.
2013ല്‍ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഉമ്മുല്‍ ഖുവൈന്‍ പോലീസ് 1,82,320 ടിക്കറ്റുകളാണ് പിഴയടക്കാനായി നല്‍കിയത്. പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് 1,000 പേര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്.
റോഡില്‍ വേഗപരിധി പാലിക്കാന്‍ വാഹനം ഓടിക്കുന്നവര്‍ തയ്യാറാവണമെന്നും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കണമെന്നും ലഫ്. കേണല്‍ സയീദ് ഒബൈദ് അഭ്യര്‍ഥിച്ചു.