കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്: നിയമസഭ പ്രമേയം പാസാക്കി

Posted on: January 30, 2014 6:41 pm | Last updated: January 31, 2014 at 7:30 am

niyamasabha_3_3

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധ നിര്‍ദേശങ്ങള്‍ ഉപേക്ഷിക്കണമെന്നും സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചു മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളാവൂവെന്നും കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ഥിക്കാന്‍ നിയമസഭ തീരുമാനിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്‌ഠ്യേന പാസ്സാക്കി. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ നോട്ടീസിന്മേല്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തോട് അഭ്യര്‍ഥിക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത പതിമൂന്ന് പേരും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ചു. ഹരിത എം എല്‍ എമാര്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി.
റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ കണക്കിലെടുത്ത് പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിയമസഭ അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെടും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായം കൂടി പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കേരളത്തിന്റെ പ്രധാനപ്പെട്ട നാല് ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്കു നിവേദനമായി നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന നിര്‍ദേശമടങ്ങിയ നിവേദനം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. ഇന്ന് ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിമാരുമായി ഇതുസംബന്ധിച്ചു ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചട്ടം 130 അനുസരിച്ച് ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉദ്യോഗസ്ഥ മേധാവിത്വമുള്ള റിപ്പോര്‍ട്ടാണിത്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ ശേഷം പുതിയ സമിതി രൂപവത്കരിക്കണം. പരിസ്ഥിതി, കാര്‍ഷിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തിയാകണം സമിതി രൂപവത്കരിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
റിപ്പോര്‍ട്ടിന്‍മേല്‍ ഇടുക്കിയിലുള്ളവര്‍ക്ക് ആശങ്കയില്ലെന്നും അതു നടപ്പാക്കിയെന്ന വസ്തുതയാണു തങ്ങള്‍ക്ക് മുന്നിലുള്ളതെന്നും ജീവന്‍ നല്‍കിയും റിപ്പോര്‍ട്ടിനെതിരെ ജനങ്ങള്‍ സമരം നടത്തുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ 28.86 ശതമാനം വനമാണ്. ഇനിയും വനമുണ്ടാക്കണമെന്നു പറയുന്നവന്റെ നാവ് പിഴുതെടുക്കണമെന്ന് പി സി ജോര്‍ജ് പറഞ്ഞു. സഭയില്‍ സഭ്യമായ വാക്കുകള്‍ ഉപയോഗിക്കണമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടെങ്കിലും ജോര്‍ജ് ചെവിക്കൊണ്ടില്ല. എന്നാല്‍, പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു നടപ്പാക്കുകയാണ് വേണ്ടതെന്ന് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.