Connect with us

Thrissur

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന തകൃതിയായി നടക്കുന്നതായി പരാതി

Published

|

Last Updated

പഴുവില്‍: വിദ്യാര്‍ഥികള്‍ക്കിടയില്‍ അക്രമവാസനകള്‍ വളര്‍ത്തുന്ന കഞ്ചാവ് വില്‍പ്പന തകൃതിയായി നടക്കുന്നതായി രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും പരാതി. കിഴുപ്പിള്ളിക്കര ഗവ. നളന്ദ ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരത്താണ് കഞ്ചാവ് വില്‍പ്പന നടക്കുന്നത്.
കഞ്ചാവ് വില്‍പ്പന തകൃതിയായി നടക്കുന്ന ഈ മേഖലയില്‍ വിദ്യാര്‍ഥികള്‍ അവ കൈപ്പറ്റുന്നതിന് ഞായറാഴ്ച്ചകളില്‍ പോലും വില്‍പ്പനക്കാരനെ തേടിയെത്തുന്ന സ്ഥിതിയാണുള്ളത്. നാട്ടുകാരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ അന്തിക്കാട് പോലീസ് സംശയം തോന്നുന്നവരെ ചോദ്യം ചെയ്‌തെങ്കിലും കഞ്ചാവിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്താനായിട്ടില്ല. കിഴുപ്പിള്ളിക്കര ബണ്ട് പരിസരത്ത്് കഞ്ചാവും മദ്യവും മറ്റു ലഹരി ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തുന്നുണ്ടെന്നും ദൂരസ്ഥലങ്ങളില്‍ നിന്നുപോലും യുവാക്കള്‍ എത്തുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കഞ്ചാവിന് അടിമപ്പെട്ട്്് നാട്ടികയിലെ കോളജിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനെ കഴിഞ്ഞ ദിവസം സംഘടനയില്‍ നിന്ന്്് പുറത്താക്കിയിരുന്നു. ആ വിദ്യാര്‍ഥിയിപ്പോള്‍ കഞ്ചാവിന് അടിമപ്പെട്ട് കഴിയുകയാണ്.
മക്കളുടെ ഭാവി അപകടപ്പെടുത്തി നാട്ടില്‍ അക്രമികളെയും ഗുണ്ടകളെയും സൃഷ്ടിക്കുന്ന ലഹരി വില്‍പ്പനകള്‍ തടയാന്‍ പോലീസും സന്നദ്ധ സംഘടനകളും തയ്യാറാകണമെന്ന്്് പരിസരവാസികള്‍ ആവശ്യപ്പെട്ടു.

Latest