Connect with us

Thrissur

സൗജന്യ നിയമസഹായ പദ്ധതി പ്രകാരം നിയമിച്ച അഭിഭാഷക വഞ്ചിച്ചതായി പരാതി

Published

|

Last Updated

തൃശൂര്‍: സൗജന്യ നിയമസഹായ പദ്ധതി പ്രകാരം നിയമിച്ച അഭിഭാഷക കക്ഷികളെ വഞ്ചിച്ചതായി ആക്ഷേപം. തൃശൂരിലെ ടീക്ക് ഇന്നവേറ്റേഴ്‌സ് മാര്‍ക്കറ്റിംഗ് ലിമിറ്റഡില്‍ പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടവര്‍ക്കായി ലീഗല്‍ സര്‍വീസ് അതോറിറ്റി നിയമിച്ച തൃശൂര്‍ സ്വദേശിനിയും തൃശൂര്‍ ബാറിലെ അഡ്വക്കറ്റുമായ കെ പി നിഷക്കെതിരെയാണ് നിക്ഷേപകര്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിയമിക്കുന്നതാണെന്നതിനാല്‍ കക്ഷികളില്‍ നിന്ന് ഫീസിനത്തിലോ കോടതി ചെലവുകളിലേക്കോ പണം വാങ്ങാന്‍ പാടില്ലെന്നിരിക്കെ കക്ഷികളെ കബളിപ്പിച്ച് വിവിധ ചിലവിനത്തിലേക്ക് എന്ന് പറഞ്ഞ് 750 രൂപ വീതം വാങ്ങിയെന്നാണ് പരാതി.
300ലധികം നിക്ഷേപകരില്‍ നിന്ന് ഇവര്‍ ഇങ്ങനെ പണം വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. കേസുകളുടെ ആവശ്യത്തിനായി യഥാര്‍ഥ രേഖകള്‍ ഇവര്‍ വാങ്ങിയതായും ഉപഭോക്തൃ കോടതിയില്‍ കേസ് ഫയലാക്കിയിട്ടില്ലെന്നും കമ്പനിയില്‍ പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ട ശാന്ത കുട്ടപ്പന്‍, ജാന്‍സി ദേവസി, രജനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മഹിളാ വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റാണ് നിഷയെന്നും തങ്ങളെ പറ്റിച്ച് ഇവര്‍ ഖത്തറിലേക്ക് കടന്നുവെന്നും നിക്ഷേപകര്‍ പറഞ്ഞു. കമ്പനിയുടെ ലീഗല്‍ അഡൈ്വസറും നിഷയും ചേര്‍ന്ന് കേസ് ഫയല്‍ ചെയ്യാതിരിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയില്‍ നിന്ന് മുന്നൂറിലധികം പേരില്‍ നിന്നായി 100 കോടിയോളം രൂപ ടീക്ക് ഇന്നവേറ്റേഴ്‌സ് കമ്പനി തട്ടിയെടുത്തിട്ടുണ്ട്. കമ്പനിക്കെതിരെയും നിഷക്കെതിരെയും പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. പോലീസ് സ്റ്റേഷനില്‍ പരാതിയായി ചെന്നപ്പോള്‍ തങ്ങളെ കളിയാക്കുകയായിരുന്നു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി ജി പി, ചീഫ് ജസ്റ്റിസ്, വിജിലന്‍സ്, ജില്ലാ ജഡ്ജി, ഐ ജി, എസ് പി, ബാര്‍ കൗണ്‍സില്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. റോസിലി പാവുണ്ണി, ഷാഹിദ ബഷീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest