ആമയൂരില്‍ തീപിടിത്തത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു

Posted on: January 30, 2014 8:00 am | Last updated: January 30, 2014 at 8:12 am

പട്ടാമ്പി: കൊപ്പം ആമയൂരില്‍ തീപിടുത്തത്തില്‍ മൂന്ന് നില വീട് പൂര്‍ണമായും കത്തിനശിച്ചു. ആമയൂര്‍ കിഴക്കേക്കര ഗോപാലകൃഷ്ണ പിഷാരടിയും കുടുംബവും താമസിക്കുന്ന അരനൂറ്റാണ്ട് പഴക്കമുള്ള ആമയൂര്‍ പിഷാരമാണ് കത്തിനശിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. പിഷാരടിയും ഭാര്യ ദേവകിയും ബന്ധുക്കളും കൂടി അമ്മയുടെ ശ്രാദ്ധത്തിനായി തിരുനെല്ലിയില്‍ പോയി വീട്ടില്‍ തിരിച്ചെത്തിയ സമയത്താണ് വീട്ടിനുള്ളില്‍ നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
നാട്ടുകാര്‍ ഓടിക്കൂടി ഗ്യാസ് സിലിണ്ടറും മറ്റും വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് മാറ്റി. വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പിഷാരത്തേക്കുള്ള വഴി ഇടുങ്ങിയതായതിനാല്‍ #െംഷാര്‍ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് വാഹനത്തെ തീപിടുത്ത സ്ഥലത്തേക്ക് കൊണ്ടുവരാനായില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കിണറില്‍ മോട്ടോര്‍ വെച്ച് വെള്ളം പമ്പ് ചെയ്‌തെങ്കിലും അഗ്നിയെ വരുതിയിലാക്കാന്‍ കഴിഞ്ഞില്ല. ആളി പടര്‍ന്ന തീ മൂന്ന് നില വീടിനെ പൂര്‍ണമായും വിഴുങ്ങി. അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു.