Connect with us

Palakkad

സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് ഡോക്്ടര്‍മാര്‍ക്ക് പ്രതിഫലം വേണം: സൂപ്രണ്ട്‌

Published

|

Last Updated

ഒറ്റപ്പാലം: ചിനക്കത്തൂര്‍ പൂരം സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് സര്‍ക്കാര്‍ ഡോക്്ടര്‍മാര്‍ക്ക് പ്രതിഫലം വേണമെന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൂപ്രണ്ട്.
സബ് കലക്്ടര്‍ എസ് കാര്‍ത്തികേയന്‍ വിളിച്ചുചേര്‍ത്ത പൂരം അവലോകനയോഗത്തിലായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ ഈ ആവശ്യം. പൂരത്തിന് ചിനക്കത്തൂര്‍ കാവ് പരിസരത്ത് ഡോക്ടര്‍മാര്‍ക്ക് യാതൊരുവിധ സൗകര്യവും കമ്മിറ്റിക്കാര്‍ ഒരുക്കി കൊടുക്കാറില്ലെന്ന് സൂപ്രണ്ട് ഡോക്്ടര്‍ ലക്ഷ്മി യോഗത്തില്‍ പറഞ്ഞു.
ഭക്ഷണവും വെള്ളവും ലഭിക്കാറില്ല. ഇത്തവണ പൂരത്തിന് സേവനം വേണമെങ്കില്‍ പ്രത്യേക പ്രതിഫലം വേണമെന്നാണ് ഡോക്്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെന്നും അത് താന്‍ യോഗത്തെ അറിയിക്കുകയാണെന്നും ഡോ. ലക്ഷ്മി പറഞ്ഞു. എന്നാല്‍, ഇത് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ ചോദ്യം ചെയ്തതോടെ യോഗത്തില്‍ ബഹളമായി. അസംബന്ധമാണ് സൂപ്രണ്ടിന്റെ പരാമര്‍ശമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ദേശകമ്മിറ്റി ഓഫീസിലാണ് മെഡിക്കല്‍ ടീമിന് വേണ്ട സൗകര്യം ഏര്‍പ്പെടുത്താറുള്ളത്. പ്രതിഫലം ആവശ്യപ്പെടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആരോപണമുയര്‍ന്നു.
ഡോക്ടര്‍മാര്‍ നിര്‍ബന്ധമായും പൂരം ദിവസം കാവ് പരിസരത്തുണ്ടാകണമെന്ന് സബ് കലക്്ടര്‍ നിര്‍ദേശിച്ചതോടെയാണ് ബഹളം അവസാനിച്ചത്. പൂരത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവരുന്ന ആനകളുടെ ഫിറ്റ്‌നസ് സംബന്ധിച്ച് രേഖകള്‍ 10 ദിവസത്തിനകം സമര്‍പ്പിക്കാന്‍ യോഗത്തില്‍ ധാരണയായി. മദപാടുള് ആനകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് വെറ്റിനറി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അനിഷ്ഠസംഭവങ്ങള്‍ തടയാന്‍ കാവ് പരിസരത്തും വേലകള്‍ കടന്നുപോകുന്ന ഭാഗത്തും സിസി ടിവി സ്ഥാപിക്കണമെന്നാവശ്യവും ഉയര്‍ന്നു. എസ് ഐ രവീന്ദ്രന്‍ ഉന്നയിച്ച ആവശ്യ കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പൂരം സുഗമമായി നടത്തുന്നതിനായി പോലീസ് ഇടപെട്ട് സ്‌പെഷ്യല്‍ ആഘോഷകമ്മിറ്റികളുടെ യോഗം വിളിച്ചേര്‍ക്കാനും ധാരണയായി.
ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്‌സന്‍ പി സുബൈദ, ലക്കിടി-പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി എ ശൗക്കത്ത്, നഗരസഭാ വൈസ് ചെയര്‍മാന്‍ സി ശ്രീകുമാരന്‍, വിവിധ രാഷ്്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ദേശ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest