മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ വനിതാ കോളജ്

Posted on: January 30, 2014 7:57 am | Last updated: January 30, 2014 at 7:57 am

മലപ്പുറം: ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ശക്തി പകരാന്‍ വീണ്ടും ഒരു സര്‍ക്കാര്‍ കോളജ് കൂടി. മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയിലെ ആദ്യ വനിതാ കോളജ് ആരംഭിക്കുമെന്ന് ഇന്നലെ നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ മറുപടി പറയുന്നതിനിടെ ധനമന്ത്രി കെ എം മാണിയാണ് വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനം നത്തിയത്. ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ വിജയിക്കുന്നവരില്‍ ഏറെയും പെണ്‍കുട്ടികളായതിനാല്‍ ബിരുദ പഠനത്തിന് സമാന്തര സ്ഥാപനങ്ങളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. ഇഷ്ടപ്പെട്ട കോഴ്‌സുകള്‍ പഠിക്കാന്‍ മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. പുതിയ പ്രഖ്യാപനം രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥിനികള്‍ക്ക് ഏറെ ആശ്വാസകരമാകും.
ജനസംഖ്യാനുപാതികമായി നിയോജകമണ്ഡലങ്ങള്‍ പുനക്രമീകരിച്ചതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യകേന്ദ്രങ്ങളും ആരംഭിക്കണമെന്ന് മലപ്പുറത്ത് വനിതാ കോളജ് ആരംഭിക്കണമെന്നും നേരത്തെ പി ഉബൈദുല്ല എം എല്‍ എ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. കോളജ് ആരംഭിക്കുന്നതോടെ ജില്ലയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്കും ഏറെക്കുറെ പരിഹാരമാകും. ഉന്നത വിദ്യാഭ്യാസ രംഗത്ത് മലപ്പുറത്തെ പെണ്‍കുട്ടികളുടെ കുതിച്ചു ചാട്ടത്തിന് ചവിട്ടുപടിയാകും വനിതാ കോളജ്. കോളജ് അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച പി ഉബൈദുല്ല എം എല്‍ എയെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ അനുമോദിച്ചു.