ഉപ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് തിരിച്ചടി; നാലിടത്ത് എല്‍ ഡി എഫ്, ഒന്ന് ബി ജെ പിക്ക്‌

Posted on: January 30, 2014 7:55 am | Last updated: January 30, 2014 at 7:55 am

മലപ്പുറം/തിരൂര്‍: ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ അഞ്ചു വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മികച്ച വിജയം. മുസ്‌ലിംലീഗിന്റെ മൂന്ന് സീറ്റുകള്‍ എല്‍ ഡി എഫ് പിടിച്ചെടുത്തു. മറ്റൊരു യു ഡി എഫ് സീറ്റില്‍ ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്‍ നറുക്കെടുപ്പിലൂടെ വിജയിയായി. എല്‍ ഡി എഫിന്റെ ഒരേയൊരു സിറ്റിംഗ് സീറ്റ് നാല് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അവര്‍ നിലനിര്‍ത്തി. മംഗലം, കുറുവ, മുതുവല്ലൂര്‍ പഞ്ചായത്തുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
മംഗലം പഞ്ചായത്തില്‍ ലീഗിന്റെ സിറ്റിംഗ് സീറ്റുകളായ വാര്‍ഡ് ഒന്ന് ആശാന്‍പടിയില്‍ സി പി എം സ്ഥാനാര്‍ഥി സി പി ശുക്കൂര്‍ 152 വോട്ടിന്റെ ഭൂരിപക്ഷത്തിലും വാര്‍ഡ് 18 അരയന്‍ കടപ്പുറത്ത് എല്‍ ഡി എഫ് സ്വതന്ത്രന്‍ എം വി ഹുസൈന്‍ 97 വോട്ടിന്റെ ഭൂരിപക്ഷത്തിലും കൂട്ടായി നോര്‍ത്തില്‍ എല്‍ ഡി എഫ് സ്വതന്ത്രന്‍ ശിഹാബുദ്ദീന്‍ 10 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.
കുറുവ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് തോറയില്‍ ബി ജെ പി പിന്തുണയോടെ മല്‍സരിച്ച സ്വതന്ത്രന്‍ വി എം ജനാര്‍ദനന്‍, സി പി എം സ്ഥാനാര്‍ഥി ടി രവീന്ദ്രന്‍ എന്നിവര്‍ 477 വോട്ട് വീതം നേടിയതിനാല്‍ നറുക്കെടുപ്പിലൂടെ ജനാര്‍ദനന്‍ വിജയിയായി. സിറ്റിങ് സീറ്റില്‍ യു ഡി എഫ് മൂന്നാംസ്ഥാനത്തേക്ക് പോയി. മുതുവല്ലൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് പാപ്പത്ത് എല്‍ ഡി എഫ് സ്വതന്ത്രന്‍ മേക്കാടന്‍ സൈഫുദ്ദീന്‍ നാല് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി.