റയല്‍ മാഡ്രിഡ് സെമിയില്‍

Posted on: January 30, 2014 6:48 am | Last updated: January 30, 2014 at 7:50 am

real mandridമാഡ്രിഡ്: റയല്‍മാഡ്രിഡ് സ്പാനിഷ് കിംഗ്‌സ് കപ്പിന്റെ സെമിഫൈനലില്‍. സ്വന്തം തട്ടകത്തില്‍ നടന്ന ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ എസ്പാനിയോളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച റയല്‍ ഇരുപാദത്തിലുമായി 2-0ന് ജയം സ്വന്തമാക്കി. സെമിയില്‍ അത്‌ലറ്റികോ മാഡ്രിഡ്-അത്‌ലറ്റിക് ബില്‍ബാവോ ക്വാര്‍ട്ടര്‍ വിജയികളെ റയല്‍ നേരിടും. ആദ്യ പാദ ക്വാര്‍ട്ടര്‍ 1-0ന് അത്‌ലറ്റികോ മാഡ്രിഡ് ജയിച്ചു നില്‍ക്കുന്നു.
ജെസി റോഡ്രിഗസാണ് സാന്റിയാഗോ ബെര്‍നാബുവില്‍ റയലിന് വിജയഗോള്‍ കുറിച്ചത്. എട്ടാം മിനുട്ടിലായിരുന്നു ഇത്. എസ്പാനിയോള്‍ ഡിഫന്‍ഡര്‍മാരുടെ തലക്ക് മുകളിലൂടെ ഷാബി അലോണ്‍സോ നല്‍കിയ ക്രോസ് പാസ് ആത്മവിശ്വാസത്തോടെ അനായാസം റോഡ്രിഗസ് വലയിലെത്തിച്ചു. ലോകഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിരവധി തവണ ഗോളിലേക്ക് നിറയൊഴിച്ചെങ്കിലും എല്ലാം എസ്പാനിയോള്‍ ഗോളി കികോ കാസിയ പ്രതിരോധിച്ചു. രണ്ട് ഗോളിന്റെ കടം മടക്കാന്‍ സന്ദര്‍ശക ടീം കിണഞ്ഞുപരിശ്രമിക്കുന്നതിനിടെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് വിക്ടര്‍ സാഞ്ചസ് പുറത്തായത് സാധ്യതകള്‍ അവസാനിപ്പിച്ചു.
അതിനിടെ, റയല്‍ ഗോളി ഐകര്‍ കസിയസ് പതിനൊന്ന് മണിക്കൂര്‍ ഗോള്‍ വഴങ്ങാതെ ക്ലബ്ബ് റെക്കോര്‍ഡ് സൃഷ്ടിച്ചു. മത്സരം രണ്ടാം പകുതിയിലെത്തിയപ്പോഴായിരുന്നു കസിയസിന് റെക്കോര്‍ഡ്.
പരിക്കുള്ളതിനാല്‍ ഗരെത് ബെയില്‍ റയല്‍ നിരയില്‍ ഇല്ലായിരുന്നു.