Connect with us

Kozhikode

തൊഴിലുറപ്പ് വേതന കുടിശ്ശിക ഉടന്‍ നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ നിര്‍ദേശം

Published

|

Last Updated

കോഴിക്കോട്: 2013-14 സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രവൃത്തികളിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് ഓരോ പ്രവര്‍ത്തിയുടെയും മാസ്റ്റര്‍ റോള്‍ ക്ലോസ് ചെയ്തതിന്റെ 16ാം ദിവസം മുതല്‍ വീഴ്ച വരുത്തിയ വേതന തുകയും 0.05 ശതമാനം പ്രതിദിനം കണക്കാക്കി നഷ്ടപരിഹാരവും നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ പി കെ കുഞ്ഞിരാമന്‍ നിര്‍ദ്ദേശം നല്‍കി.
വീഴ്ച വരുത്തിയ വേതന തുകയും നഷ്ടപരിഹാര തുകയും 15 ദിവസത്തിനകം തൊഴിലാളികള്‍ക്ക് അക്കൗണ്ട് വഴി വിതരണം നടത്തണം. ഈ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കി 25 ദിവസത്തിനകം നടപടി റിപ്പോര്‍ട്ട് ഓംബുഡ്‌സ്മാന് സമര്‍പ്പിക്കണം.
നഷ്ടപരിഹാര തുക പഞ്ചായത്ത് സ്വന്തം ഫണ്ടില്‍ നിന്നും നല്‍കണം. എന്നാല്‍ ഈ തുക വേതന വിതരണത്തില്‍ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥരില്‍നിന്നോ വ്യക്തികളില്‍നിന്നോ സ്ഥാപനങ്ങളില്‍നിന്നോ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നോ ഈടാക്കണമെന്നും ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു.
ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കെടുത്ത ഗുണഭോക്താക്കള്‍ക്ക് വേതന വിതരണത്തില്‍ ഗണ്യമായ കാലതാമസം വരുന്നതായി ഓംബുഡ്‌സ്മാന് വിവിധ പഞ്ചായത്തുകളില്‍ നിന്ന് പരാതി ലഭിച്ചിരുന്നു. ഇതിനെതുടര്‍ന്ന് ഓംബുഡ്‌സ്മാന്‍ സ്വമേധയാ എടുത്ത പരാതിയിലാണ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

 

Latest