സി വി രാമന്‍ സ്വതന്ത്രമായ ശാസ്ത്ര വളര്‍ച്ചക്ക് ഊര്‍ജം പകര്‍ന്ന പ്രതിഭാധനന്‍-ഡോ.ജോര്‍ജ് തോമസ്

Posted on: January 30, 2014 7:35 am | Last updated: January 30, 2014 at 7:35 am

കല്‍പ്പറ്റ: ലോകം ഇതിനകം കണ്ട ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളില്‍ ഒന്നിന്റെ ഉടമയാണ് ഭാരതീയ ശാസ്ത്രജ്ഞനും നൊബല്‍ പുരസ്‌കാര ജേതാവുമായിരുന്ന ഡോ.സി.വി.രാമനെന്ന് തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡീനും ഡയറക്ടര്‍ ഇന്‍ ചാര്‍ജുമായ ഡോ.കെ.ജോര്‍ജ് തോമസ്. സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസില്‍ ‘സി.വി.രാമന്റെ ശാസ്ത്ര സംഭാവനകള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
1930ല്‍ സി.വി. രാമനു നൊബല്‍ പുരസ്‌കാരം നേടിക്കൊടുത്ത ‘രാമന്‍ സ്‌പെക്‌ട്രോസ്‌കോപ്പി’ അതിന്റെ അതുല്യത ഇന്നും നിലനിര്‍ത്തുകയാണ്. ശാസ്ത്രത്തിന്റെ വിവിധ തുറകളിലാണ് രാമന്‍ സ്‌പെക്‌ട്രോസ്‌കോപ്പി’ ഉപയോഗത്തിലുളളത്.
ഇന്ത്യന്‍ ശാസ്ത്രമേഖലയുടെ സ്വതന്ത്രമായ വളര്‍ച്ചയ്ക്ക് ആവശ്യമായ ഊര്‍ജം പകര്‍ന്ന പ്രതിഭാധനനായിരുന്നു സി.വി.രാമന്‍. ഇന്ത്യയില്‍ ശാസ്ത്രവളര്‍ച്ച മുരടിച്ചുനിന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ വികാസത്തിനൊപ്പമായിരുന്നു സി.വി.രാമന്റെ ഗവേഷണപ്രയാണം. 18-ാം വയസില്‍ കല്‍ക്കത്തയില്‍ അസിസ്റ്റന്റ് അക്കൗണ്ടന്റ് ജനറലായി ജോലിയില്‍ പ്രവേശിച്ച സി.വി.രാമന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സില്‍ ഗവേഷകനായി ചേര്‍ന്നാണ് വിഖ്യാതമായ തന്റെ കണ്ടുപിടിത്തത്തിലേക്ക് നടന്നടുത്തത്. മഹേന്ദ്രലാല്‍ സര്‍ക്കാര്‍ എന്ന ദേശീയവാദി സമാനമനസ്‌കരുമായി ചേര്‍ന്ന് ശാസ്ത്ര മേഖലയിലെ ഇന്ത്യന്‍ വികാസം മുന്‍നിര്‍ത്തി സ്ഥാപിച്ച ഈ സ്ഥാപനത്തില്‍ ഗവേഷകനായി ചേരുകവഴി സി.വി.രാമന്‍ തന്റെ ദേശീയബോധവും വെളിപ്പെടുത്തുകയാണ് ചെയ്തത്. നൊബല്‍ സമ്മാനദാന വേദിയില്‍ പൊട്ടിക്കരഞ്ഞത് ആ അഭിമാന മുഹൂര്‍ത്തത്തില്‍ ഇന്ത്യന്‍ പതാക പാറിക്കളിക്കുന്നതു കാണാന്‍ കഴിയാത്തതുമൂലമാണെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
150 രൂപ വിലവരുന്ന ഉപകരണങ്ങളും ബുദ്ധിയും മാത്രം ഉപയോഗപ്പെടുത്തിയാണ് ഇന്ത്യുടെ പേര് വിശ്വത്തിലെങ്ങും എത്തിച്ച കണ്ടുപിടിത്തം അദ്ദേഹം നടത്തിയത്. യുവതലമുറയെ സംബന്ധിച്ചിടത്തോളം ഏറെ പ്രചോദനം നല്‍കുന്ന ഒന്നാണിത്. അതിരറ്റതായിരുന്നു സി.വി.രാമന്റെ ആത്മവിശ്വാസം. നൊബല്‍ സമ്മാനം തന്നെ തേടിയെത്തുമെന്ന് അദ്ദേഹത്തിനു ഉറപ്പായിരുന്നു.
പുരസ്‌കാരം വാങ്ങുന്നതിനായുള്ള യാത്രയ്ക്ക് ആവശ്യമായ ടിക്കറ്റ് അദ്ദേഹം നേരത്തേ വാങ്ങിവെച്ചത് ഇതിനു തെളിവാണ്. വികാരജീവിയുമായിരുന്നു അദ്ദേഹം. സന്തോഷമായാലും ദുഃഖമായാലും ദേഷ്യമായാലും അത് തുറന്നുപ്രകടിപ്പിക്കുന്നതായിരുന്നു പ്രകൃതം. ലാളിത്യം മുഖമുദ്രയായിരുന്നു. തന്റെ കണ്ടുപിടിത്തങ്ങള്‍ തന്റേതുമാത്രമാകണമെന്ന നിര്‍ബന്ധവും ഉണ്ടായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഒരാനുകൂല്യവും കൈപ്പറ്റാതെയായിരുന്നു പ്രഭാതത്തിലും പ്രദോഷത്തിലും സമയം കണ്ടെത്തി രാമന്റെ ഗവേഷണങ്ങള്‍. ഇത് അദ്ദേഹം നടത്തിയ കണ്ടുപിടിത്തത്തിന്റെ മഹത്വം വര്‍ധിപ്പിക്കുന്നുമുണ്ട്-ജോര്‍ജ് തോമസ് പറഞ്ഞു. ശാസ്ത്രവീഥിയില്‍ ശീഘ്രഗതിയിലാണ് ഇന്ത്യയുടെ മുന്നേറ്റമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ പി.രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. ശാസ്ത്ര കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ.എ.എന്‍.പി. ഉമ്മര്‍കുട്ടി പ്രഭാഷകന് ഉപഹാരം സമ്മാനിച്ചു, കെ.എസ്.സി.എസ്.ടി.ഇ ശാസ്ത്രജ്ഞ ഡോ.ശാരിക സ്വാഗതവും സയന്റിഫിക് ഓഫീസര്‍ ഡോ.പി.ഹരിനരായണന്‍ നന്ദിയും പറഞ്ഞു.