വനംവകുപ്പിന്റെ കൂട്ടില്‍വീണില്ല; വാട്ടര്‍ ടാങ്കില്‍ വീണ് കുരങ്ങുകള്‍ ചത്തു

Posted on: January 30, 2014 7:34 am | Last updated: January 30, 2014 at 7:34 am

മുട്ടില്‍: കല്‍പറ്റ നഗരത്തില്‍ ജനങ്ങള്‍ക്ക് ശല്യമായ കുരങ്ങുകളെ പിടികൂടാന്‍ വനംവകുപ്പ കെണിയൊരുക്കി കാത്തിരിക്കുമ്പോള്‍ തൊട്ടടുത്ത മുട്ടില്‍ പഞ്ചായത്തിലെ വാട്ടര്‍ ടാങ്കില്‍ പതിനൊന്ന് കുരങ്ങുകള്‍ വീണുചത്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വാട്ടര്‍ ടാങ്കില്‍ കുരങ്ങുകള്‍ ചത്തുകിടക്കുന്നത് കണ്ടത്. മുട്ടില്‍ പഞ്ചായത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കിലാണ് കുരങ്ങുകള്‍ വീണുചത്തത്.
ടാങ്കിന് മുകളില്‍ വലയിട്ടിരുന്നെങ്കിലും അതിനിടയിലൂടെ ടാങ്കിലിറങ്ങി വെള്ളം കുടിക്കുന്നതിനിടെ വീണ് ചത്തതാകാമെന്നാണ് വനംവകുപ്പ് അധികൃതരുടെ അനുമാനം. വിവരമറിഞ്ഞ് കല്പറ്റ ഫോറസ്റ്റ് റേഞ്ചര്‍ സി. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ വനപാലകരെത്തി ചത്ത കുരങ്ങുകളെ പുറത്തെടുത്തു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കുരങ്ങുകളെ പോസ്റ്റുമോര്‍ട്ടം ചെയ്തു.
മുട്ടില്‍ ടൗണിന് സമീപം ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലാണ് വാട്ടര്‍ ടാങ്ക് സ്ഥിതി ചെയ്യുന്നത്. വാട്ടര്‍ ടാങ്കിന് പത്ത് മീറ്ററോളം നീളവും നാല് മീറ്ററോളം താഴ്ചയുമുണ്ട്. വാട്ടര്‍ ടാങ്കില്‍ കുരങ്ങുകള്‍ വീണ് ചത്തതോടെ ടാങ്ക് ശുദ്ധീകരിച്ച് വെളളം നല്‍കാനുളള നടപടികള്‍ അധികൃതര്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. കല്‍പറ്റ നഗരത്തില്‍ ശല്യക്കാരായ കുരങ്ങുകളെ പിടികൂടാന്‍ വനംവകുപ്പ് കൂടുവച്ചിരുന്നെങ്കിലും എഴുപത്തിയഞ്ചോളം കുരങ്ങുകളാണ് ഇതുവരെ പിടിയിലായത്. അഞ്ചുദിവസങ്ങളിലായാണ് ഇത്രയും കുരങ്ങുകളെ പിടികൂടിയത്. ഇന്നലെ റാട്ടക്കൊല്ലി മേഖലയിലും കുരങ്ങുകളെ പിടികൂടാന്‍ വനംവകുപ്പ് അധികൃതര്‍ കൂടുവച്ചിരുന്നു.