Connect with us

Wayanad

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: വയനാട് വീണ്ടും പ്രക്ഷോഭത്തിലേക്ക്

Published

|

Last Updated

കല്‍പ്പറ്റ: പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിനുള്ള ഡോ കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തിലുള്ള ഓഫീസ് മെമ്മോറാണ്ടം മാറ്റമില്ലാതെ തുടരുമെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സത്യവാങ്മൂലം വയനാടിനെ വീണ്ടും ഭീതിയുടെ മുള്‍മുനയിലാഴ്ത്തുന്നു.
ദേശീയ ഹരിത ട്രിബ്യൂണലിന് കൊടുത്ത സത്യവാങ്മൂലത്തിലാണ് ഓഫീസ് മെമ്മോറാണ്ടം മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചിട്ടുള്ളത്. കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെയും കേന്ദ്രത്തില്‍ സമര്‍പ്പിച്ച നിവേദനത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും അടിസ്ഥാനത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തല്‍ക്കാലം നടപ്പാക്കില്ലെന്ന പ്രഖ്യാപനമാണ് ഇതോടെ അപ്രസ്‌ക്തമാവുന്നത്. പരിസ്ഥിതിലോല പ്രദേശളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗ്രാമപഞ്ചായത്തുകളെ അധികാരപ്പെടുത്തിയുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശയുമെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാവും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതിലോല പ്രദേശമായി ഉള്‍പ്പെടുത്തിയ കേരളത്തിലെ 123 വില്ലേജുകളിലും ഇക്കാര്യത്തില്‍ മാറ്റം ഉണ്ടാവില്ലെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ നിന്ന് ബോധ്യപ്പെടുന്നത്. ഇതനുസരിച്ച് ജില്ലയുടെ നാലിലൊന്ന് ഭാഗം അതീവ പരിസ്ഥിതി ലോല പ്രദേശമായി മാറും. പ്രഫ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ അതോ ഡോ കസ്തൂരിരംഗന്‍ ശുപാര്‍ശയാണോ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതെന്ന് അറിയിക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ നവംബറില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലലയം ഡോ കസ്തൂരിരംഗന്‍ ശുപാര്‍ശ അംഗീകരിച്ചത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ജില്ലയിലെ മൂന്ന് താലൂക്കുകളും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സോണ്‍ ഒന്നിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വയനാട്ടില്‍ വലിയ ആശങ്ക ഉയര്‍ന്നിരുന്നു. മാര്‍ഗ നിര്‍ദേശം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ കസ്തൂരിരംഗന്‍ ഇക്കൊല്ലം ഏപ്രില്‍ എട്ടിന് വയനാട് കലക്‌ടേറ്റില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.
പശ്ചിമഘട്ട ഭൂമേഖലയുടെ പരിസ്ഥിതി സംരക്ഷണ ഘടകങ്ങള്‍ക്കൊപ്പം ഇവിടെ അധിവസിക്കുന്ന ജനങ്ങളുടെ സാമൂഹ്യപ്രശ്‌നങ്ങളും വികസന വിഷയങ്ങളും കൂടി സന്തുലിതപ്പെടുത്തിയുള്ള ശുപാര്‍ശകളായിരിക്കും തങ്ങളുടെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍ക്കൊള്ളിക്കുകയെന്ന് അദ്ദേഹം യോഗത്തില്‍ അറിയിക്കുകയും ചെയ്തതാണ്. ലോകത്തിലെ തന്നെ പ്രാധാനമായ എട്ട് ജൈവ മേഖലകളില്‍ ഒന്നാണ് വയനാട്. പശ്ചിമഘട്ടത്തിലെ ജൈവ വ്യവസ്ഥ നശിച്ചാല്‍ വന്‍ ദുരന്തമായിരിക്കും ഫലം. അതിനാല്‍ പശ്ചിമഘട്ട ഭൂപ്രകൃതിയുടെ സംരക്ഷണത്തിന് വലിയ പ്രാധാന്യമുണ്ടെങ്കിലും ഇവിടെ അധിവസിക്കുന്ന ജനങ്ങളുടെ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് കൂടിയായിരിക്കും ശുപാര്‍ശകളെന്നും കസ്തൂരിരംഗന്‍ പറഞ്ഞതാണ്. മൂന്ന് താലൂക്കുകള്‍ക്ക് പകരം അദ്ദേഹം സമര്‍പ്പിച്ച ശുപാര്‍ശയില്‍ വില്ലേജ് തിരിച്ചാണ് അതീവ പരിസ്ഥിതി പ്രാധാന്യ മേഖല കണക്കാക്കിയിട്ടുള്ളത്. മാനന്തവാടി താലൂക്കിലെ തിരുനെല്ലി, തൃശിലേരി, പേരിയ, തൊണ്ടര്‍നാട് എന്നീ വില്ലേജുകളും ബത്തേരി താലൂക്കിലെ ചെതലയം പ്രദേശം ഉള്‍പ്പെടുന്ന കിടങ്ങനാട്, നൂല്‍പ്പുഴ വില്ലേജുകളും വൈത്തിരി താലൂക്കിലെ തരിയോട്, അച്ചൂരാനം, പൊഴുതന, കോട്ടപ്പടി, ചുണ്ടേല്‍, കുന്നത്തിടവക, വെള്ളരിമല വില്ലേജുകളുമാണ് ജില്ലയിലെ അതീവ പരിസ്ഥിതി പ്രാധാന്യ പ്രദേശങ്ങള്‍. നേരത്തെ നല്‍കിയ ഉറപ്പ് ലംഘിച്ച് വീണ്ടും കസ്തൂരിരംഗന്‍ ശുപാര്‍ശ നടപ്പാക്കുന്നത് വയനാട്ടില്‍ അടക്കം കാര്‍ഷിക മേഖലകളിലാകെ വലിയ പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കും. .കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഉറപ്പുകള്‍ വിശ്വസിച്ച് പ്രക്ഷോഭ രംഗത്ത് നിന്ന് താല്‍ക്കാലികമായി പിന്മാറിയ സംഘടനകളെല്ലാം പുതിയ വിവരം ലഭിച്ചതോടെ വീണ്ടും സമരത്തിന് തയ്യാറെടുപ്പും തുടങ്ങി