ദേവസ്വം ഭൂമിയില്‍ ഏക്കറുകളുടെ കൈയേറ്റം

Posted on: January 30, 2014 12:05 am | Last updated: January 30, 2014 at 12:05 am

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് വക ഭൂമിയില്‍ കൈയ്യേറ്റം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 49 ഏക്കര്‍, കൊച്ചിന്‍ ദേവസ്വം വക 8.5412 ഹെക്ടര്‍ , മലബാര്‍ ദേവസ്വം ബോര്‍ഡ് വക 24693.24 ഏക്കര്‍, കൂടല്‍മാണിക്യം ദേവസ്വത്തിന്റെ 36.5 സെന്റ് ഭൂമി വീതമാണ് കൈയേറ്റം ചെയ്തിട്ടുള്ളത്. കൈയേറ്റങ്ങള്‍ തിരിച്ചു പിടിക്കാന്‍ നിയമാനുസൃത നടപടികള്‍ എടത്ത് വരുന്നുണ്ട്.
തിരുവിതാകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെയും സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ലാന്‍ഡ് കണ്‍സര്‍വന്‍സി യൂനിറ്റും പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. സ്വയംഭരണ യൂനിറ്റുകളായി നിലനില്‍ക്കുന്ന മലബാര്‍ ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളുടെ ഭൂമി സംരക്ഷണം സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് ക്ഷേത്രഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡിന് വേണ്ടി ഒരു റവന്യൂ യൂനിറ്റ് രൂപവത്കരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ബാബു എം പാലിശേരിയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി.