Connect with us

Editorial

മലയോര മേഖലയുടെ ആശങ്ക നീങ്ങുന്നില്ല

Published

|

Last Updated

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വീണ്ടും കേരളീയരുടെ സ്വാസ്ഥ്യം കെടുത്തുകയാണ്. കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചും മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും നവംബര്‍ 13ന് ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചതോടെ സംസ്ഥാനത്തെ മലയോര നിവാസികള്‍ രണ്ടാമതും സമര രംഗത്തിറങ്ങിക്കഴിഞ്ഞു. നവംബര്‍ 13 ന്റെ ഉത്തരവിനെ തുടര്‍ന്ന് മലയോരമേഖലയില്‍ അരങ്ങേറിയ രൂക്ഷമായ പ്രക്ഷോഭത്തിന്റെയും അക്രമങ്ങളുടെയും പശ്ചത്തലത്തില്‍, കേരളത്തിന്റെ താത്പര്യം പരിഗണിച്ചു മാത്രമേ സംസ്ഥാനത്തെ പരിസ്ഥിതിലോലമേഖലകളുടെ നിര്‍ണയത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളുവെന്ന് ഡിസംബര്‍ 20ന് കേന്ദ്ര വനം, പരിസ്ഥിതി മ്ര്രന്താലയം ഓഫീസ് കുറിപ്പ് ഇറക്കിയിരുന്നു. കേരളത്തിലെ 123 വില്ലേജുകളിലടക്കം പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളുടെ അതിരുകളില്‍, നേരിട്ടുള്ള പരിശോധനക്കു ശേഷം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാമെന്നാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്. ഇതടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മേഖലയില്‍ രണ്ടായിരത്തോളം ക്വാറികള്‍ക്ക് അനുമതി നല്‍കുകയുമുണ്ടായി. ഈ നടപടിക്കെതിരെ ഗോവ ഫൗണ്ടേഷന്‍, ഹരിത ട്രൈബ്യൂലിനെ സമീപിച്ചപ്പോഴാണ് ഡിസംബര്‍ 20 ലെ ഉറപ്പില്‍ നിന്ന് കേന്ദ്രം പിന്മാറിയ വിവരം വെളിപ്പെടുന്നത്.
കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പുതിയ സംഭവവികാസങ്ങളോട് പ്രതികരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, ഡിസംബര്‍ 20 ലെ ഉത്തരവിന് മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായും ട്രൈബ്യൂണലിന് മുമ്പാകെ കേന്ദ്രത്തിന്റെ അഭിഭാഷകര്‍ നടത്തിയ പരാമര്‍ശം കേന്ദ്രത്തിന്റെ നിലപാടായി തെറ്റിദ്ധരിക്കപ്പെടുകയാണെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. സംസ്ഥാത്തിന്റെ കടുത്ത സമ്മര്‍ദം അവഗണിച്ചു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ കേരളത്തില്‍ അപ്പടി നടപ്പാക്കില്ലെന്നും വന്‍തോതില്‍ അനധികൃത ഖനനവും മറ്റും നടക്കുന്ന കര്‍ണാടക, ഗോവ പോലുള്ള സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണ് ഉത്തരവിറക്കിയതെന്നും സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ മലയോര മേഖലയുടെ ആശങ്ക അകറ്റാന്‍ ഈ വിശദീകരണങ്ങളൊന്നും സഹായകമല്ല. നവംബര്‍ 13ന് വനംപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞിരിക്കെ, പരിസ്ഥിതിലോല മേഖലകള്‍ നിര്‍ണയിക്കുന്നതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുന്ന ഡിസംബര്‍ 20ലെ ഓഫീസ് കുറിപ്പിന് സാധുതയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരായ നീലം റാത്തോ ഢും സയ്യിദ് അന്‍വറും ദേശീയ ഹരിത ട്രൈ ബ്യൂണലിന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയത്. നേരത്തെ സംസ്ഥാനങ്ങളുടെ അ ഭിപ്രായം തേടിയതിനു ശേഷമാണ് നവംബര്‍ 13ലെ വിജ്ഞാപനം ഇറക്കിയതെന്നതിനാല്‍ അതില്‍ മാറ്റം വരുത്താനുള്ള സാധ്യത അവര്‍ തള്ളിക്കളഞ്ഞിട്ടുമുണ്ട്. പുഴകളില്‍ നിന്നുള്ള മണലെടുപ്പ്, താപ വൈദ്യുത നിലയങ്ങള്‍, 20,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍, ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ കൂടുതലുള്ള ടൗണ്‍ഷിപ്പുകള്‍, മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ എന്നിവക്കാണ് പശ്ചിമ ഘട്ട മേഖലയില്‍ നിരോധം ഏര്‍പ്പെടുത്തിയത്. ഇവ പ്രദേശവാസികളുടെ ഭൂമി ഉപയോഗത്തെയും സാധാരണ ജീവിതത്തെയും ഒരു തരത്തിലും ബാധിക്കില്ലെന്നിരിക്കെ, റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നത് അതിന്റെ ലക്ഷ്യത്തിന് കടകവിരുദ്ധമാകുമെന്ന് ഹരിത ട്രൈബ്യൂണലും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പൊള്ള വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളെ വഞ്ചിക്കുകയല്ലേയെന്ന മലയോര നിവാസികളുടെ സന്ദേഹം അസ്ഥാനത്തല്ല. പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെയും കൃഷിയെയും ബാധിക്കുമെന്ന പരാതിയെ തുടര്‍ന്ന്, വ്യവസ്ഥകളുടെ ലഘുകരണത്തിനാണ് സര്‍ക്കാര്‍ കസ്തുരിരംഗന്‍ സമിതിയെ നിയമിച്ചത്. ഇനിയും ഇതിലൊരു ഭേദഗതിക്ക് കേന്ദ്രം അനുകൂലമല്ല. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഭയന്നാണ്, തങ്ങളെ സമാശ്വസിപ്പിക്കുന്ന ചില പ്രസ്താവനകള്‍ കേന്ദ്രത്തില്‍ നിന്നുണ്ടാകുന്നതെന്നാണ് മലയോര നിവാസികള്‍ വിശ്വസിക്കുന്നത്.

Latest