മലപ്പുറം ഹാജി മഹാനായ ജോജി

Posted on: January 30, 2014 6:00 am | Last updated: January 29, 2014 at 11:59 pm

പാലക്കാട് നഗരത്തെ കോരിത്തരിപ്പിച്ച കേരള സ്‌കൂള്‍ കലോത്സവം സമാപിച്ചു. അക്ഷരാര്‍ഥത്തില്‍ പൊടി പാറിക്കുകയായിരുന്നു. സമരക്കാര്‍ക്കെതിരെ ഉപയോഗിക്കാറുള്ള ജലപീരങ്കി ഉപയോഗിച്ച് വെള്ളം ചീറ്റിച്ചിട്ടും പൊടി പാറിക്കാനുള്ള കാറ്റിത്തവണ വളരെ കൂടുതലായിരുന്നു. എന്നാലും എല്ലാം സുഗമമായി അവസാനിച്ചു. കോഴിക്കോട്ട് നിന്ന് കൊണ്ടുവന്ന സ്വര്‍ണട്രോഫി കോഴിക്കോട്ടേക്കു തന്നെ തിരികെ കൊണ്ടുപോയി. അവിടെയാണ് കുഴപ്പമിരിക്കുന്നത്. ഏത് വഴിക്കാണ് കൊണ്ടു പോകുന്നത്? ഒലവക്കോട്ടും മുണ്ടൂരും കല്ലടിക്കോട്ടും മണ്ണാര്‍ക്കാടും കഴിഞ്ഞാല്‍ അതാ എത്തി കരിങ്കല്ലത്താണി. വല്ലാത്തൊരു അത്താണി തന്നെ. അവിടെ തുടങ്ങുകയല്ലേ മലപ്പുറം ജില്ല! പിന്നെ, താഴേക്കോട്, പൊന്ന്യാകുര്‍ശ്ശി, പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, തിരൂര്‍ക്കാട്, മക്കരപ്പറമ്പ്, രാമപുരം, കൂട്ടിലങ്ങാടി, മലപ്പുറം കുന്നുമ്മല്‍, കോട്ടപ്പടി, മേല്‍മുറി, വള്ളുവമ്പ്രം, മോങ്ങം, മൊറയൂര്‍, കൊണ്ടോട്ടി, കരിപ്പൂര്‍ വളവ്, പുളിക്കല്‍ പിന്നെ രാമനാട്ടുകര എത്തിയാലേ ശ്വാസം നേരെ വീഴൂ. മലപ്പുറമല്ലേ മലപ്പുറം! ഓരോ സ്ഥലപ്പേര് കേള്‍ക്കുമ്പോഴും കിടുങ്ങിപ്പോകുന്നു. ഞെട്ടിവിറക്കുന്നു. ഈ ഭീകര, തീവ്രവാദ കേന്ദ്രങ്ങള്‍ കടന്ന് സ്വര്‍ണക്കപ്പ് യഥാവിധി കോഴിക്കോട്ടെത്തിയോ എന്തോ!
മലപ്പുറം ജില്ല രൂപം കൊണ്ട കാലം മുതല്‍ ‘ഇന്ത്യന്‍ ഫാസിസ്റ്റുകള്‍’ അതിന്നെതിരാണ്. അവരുടെ കാഴ്ചപ്പാടുകള്‍ പൊതുബോധത്തില്‍ കലങ്ങിച്ചേരുന്ന കാഴ്ചയാണ് സിനിമ മുതല്‍ പലരുടെയും അഭിപ്രായപ്രകടനങ്ങളില്‍ അറിഞ്ഞും അറിയാതെയും കലരുന്നത്. മറ്റേതൊരു കേരള ജില്ല പോലെ സാധ്യതകളും പരിമിതികളുമുള്ള ഒരു ജില്ലയായി മലപ്പുറത്തെയും കണ്ടാല്‍ മതിയാകും. ഭീകരതകളുടെ ആയുധക്കപ്പല്‍ മലപ്പുറത്ത് മാത്രമേ എത്തിച്ചേരുകയുള്ളൂ എന്ന മട്ടിലുള്ള തട്ടുപൊളിപ്പന്‍ തകര വര്‍ത്തമാനങ്ങള്‍ തുടരുന്നത്, വ്യത്യസ്ത ബ്രാന്‍ഡിലുള്ള ഭീകരതകളെ തിരിച്ചറിയുന്നതിന് തടസ്സം സൃഷ്ടിക്കും (കെ ഇ എന്‍/പച്ച ബ്ലൗസ് എന്തുകൊണ്ട്)
ബോംബിവിടെ ഇഷ്ടം പോലെ മലപ്പുറത്ത് കിട്ടുമല്ലോ(ആറാം തമ്പുരാന്‍), കാസര്‍കോട് മുതല്‍ പാറശ്ശാല വരെ ദേശീയ പാതയിലൊന്നു സഞ്ചരിച്ചു നോക്കൂ; ഇരുവശത്തും ഉയര്‍ന്നു നില്‍ക്കുന്ന രമ്യഹര്‍മ്യങ്ങളും മണിമാളികകളും ഏത് സമുദായക്കാരുടെതാണ്? ഒരൊറ്റ ബ്രാഹ്മണന്റെതുമതിലില്ല(മഹാത്മ); ഭൂരിപക്ഷ സമുദായത്തില്‍ പെട്ട ഒരു സ്ത്രീയെ ന്യൂനപക്ഷക്കാരന്‍ കെട്ടിയാല്‍ അത് ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദവും; മറിച്ചായാല്‍ ഇവിടെ വര്‍ഗീയ ലഹള(ആര്യന്‍), മലപ്പുറത്ത് നടന്ന വര്‍ഗീയ ലഹളയില്‍ എന്റെ അച്ഛന്‍ പോലീസുകാരന് ഗുരുതര പരുക്ക് പറ്റി(വിനോദയാത്ര) തുടങ്ങിയ സിനിമാ ഡയലോഗുകള്‍ ഇതുവരെ പിന്‍വലിക്കപ്പെട്ടിട്ടില്ല എന്നു മാത്രമല്ല, ഇതിലാദ്യത്തെ ഡയലോഗെഴുതിയ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്താണ് മാതൃഭൂമിക്കു വേണ്ടി കലോത്സവം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തത്. കലോത്സവത്തിന്റെ ശരിയോ തെറ്റോ ആയി പടര്‍ന്ന ആ മലപ്പുറം കത്തി വിവാദത്തിന്റെ സാഹചര്യത്തെളിവുകളന്വേഷിച്ച് ആറാം തമ്പുരാന്‍ സിനിമ നിറഞ്ഞുനില്‍ക്കുന്ന കേരള കാണികളുടെ മനസ്സിനെ ആര് അഭിസംബോധന ചെയ്യും?
പാലക്കാട് യുവജനോത്സവവേദിയില്‍ നാടകത്തിന് അവസരം നിഷേധിച്ചപ്പോള്‍ പ്രതിഷേധിച്ച മലപ്പുറത്തു നിന്നുള്ള കുട്ടികളോട് ‘തീവ്രവാദികളായ നിങ്ങളോട് സംസാരിക്കാന്‍ കഴിയില്ല ഇവിടെ കൂടുതല്‍ തീവ്രവാദിത്തരം കാണിക്കരുത്’ എന്ന് ഡി വൈ എസ് പി പറഞ്ഞത് മലപ്പുറത്തെക്കുറിച്ചുള്ള മുസ്‌ലിംവിരുദ്ധ സാമാന്യബോധം പോലെ തന്നെ കേരളത്തിലെ മതേതര കലാവ്യവഹാരങ്ങളുടെ ഹിംസയെക്കൂടി വ്യക്തമാക്കുന്നു എന്നാണ് അജിത്കുമാര്‍ എ എസ് ഫേസ്ബുക്കില്‍ കുറിച്ചിട്ടത്.
എന്നാല്‍, ഈ ആരോപണം തികച്ചും തെറ്റിദ്ധാരണാജനകമാണെന്നാണ് എന്റെ സുഹൃത്തും ചന്ദ്രികയില്‍ സബ് എഡിറ്ററുമായ ശറീഫ് സാഗര്‍ രേഖപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്.: പ്രിയ സഹോദരങ്ങളേ, കഴിഞ്ഞ ദിവസങ്ങളില്‍ കലോത്സവത്തിരക്കുകളില്‍ ആയിരുന്നതിനാല്‍ ഇവിടെ വരാന്‍ സാധിച്ചില്ല. മലപ്പുറത്തെ കുട്ടികളെ തീവ്രവാദികള്‍ എന്നു വിളിച്ചുവെന്ന ആരോപണം ഇത്രമേല്‍ കത്തുന്നുണ്ടെന്ന് ഫേസ്ബുക്കില്‍ കയറിയപ്പോഴാണ് മനസ്സിലായത്. ഞെട്ടിപ്പോയി എന്നു തന്നെ പറയട്ടെ. ഈ സംഭവമുണ്ടായ നാടകവേദിയിലായിരുന്നു എനിക്ക് ഡ്യൂട്ടി. അവിടെ രാവിലെ മുതല്‍ നാടകം തീരുന്ന പിറ്റേന്ന് പുലര്‍ച്ചെ വരെ 18 മണിക്കൂര്‍ സംഘര്‍ഷഭരിതമായിരുന്നു. ശബ്ദസംവിധാനത്തിലെ തകരാറില്‍ നിന്നാണ് തുടക്കം. അതു പരിഹരിക്കപ്പെട്ടതോടെ മാനന്തവാടിയിലെ ഒരു ആദിവാസി സ്‌കൂളില്‍ നിന്നുള്ള കുട്ടികളുടെ വിഷയം വന്നു. ചാന്‍സ് കാര്‍ഡെടുക്കാന്‍ വൈകിയതിനാല്‍ അവസരം നിഷേധിക്കപ്പെട്ടവരായിരുന്നു അവര്‍. പല തവണ ഇവര്‍ക്കു വേണ്ടി നാടകപ്രവര്‍ത്തകര്‍ സദസ്സില്‍ ബഹളം സൃഷ്ടിച്ചു. ഒന്നാമത്തെ നാടകത്തിനു ശേഷം ഏറെ നേരം നാടകമത്സരം തടസ്സപ്പെട്ടു. പലപ്പോഴും ബഹളക്കാരെ നിയന്ത്രിക്കാനാകാതെ പോലീസ് പ്രയാസപ്പെട്ടു. മലപ്പുറത്തെ കുട്ടികളുടെ വിഷയം രാത്രി വളരെ വൈകിയാണ് വരുന്നത്. അസുഖമായതിനാല്‍ ഒരു കുട്ടി വൈകിപ്പോയി. നിയമപ്രകാരം മൂന്ന് കോളുകള്‍ അതു കഴിഞ്ഞാല്‍ ക്യാന്‍സല്‍ഡ്. അതാണ് സംഘാടകര്‍ ചെയ്തത്. പക്ഷേ ഇവര്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്ന പക്ഷത്താണ് നാടകപ്രവര്‍ത്തകരും കാണികളും നിലയുറപ്പിച്ചത്. ഒരു നാടകം ഉണ്ടാകുക എന്നത് ഒരു പാട് പേരുടെ വിയര്‍പ്പിന്റെ ഫലമാണ്. അതുകൊണ്ടു തന്നെ ആ ആവശ്യം ന്യായവുമായിരുന്നു. അതിനിടെ അവസരം നിഷേധിക്കപ്പെട്ട കുട്ടികള്‍ ടൗണ്‍ ഹാളിന് പുറത്ത് നാടകം കളിച്ചു തുടങ്ങി. രണ്ടിടത്തും ആള്‍ക്കൂട്ടം. പോലീസ് ഇടപെട്ട് പുറത്തെ നാടകം അവസാനിപ്പിച്ചു. നാടകപ്രവര്‍ത്തകര്‍ക്കിടെ പ്രതിഷേധം മൂര്‍ച്ഛിച്ചു. പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ എം ജി ശശിയെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ പ്രശ്‌നം പിടിത്തം വിട്ടു. ഈ ബഹളത്തിനിടെ ‘നിങ്ങള്‍ തീവ്രവാദികളെപ്പോലെ പെരുമാറരുതെ’ന്ന് ഒരു പോലീസുകാരന്‍ പറഞ്ഞു. അത് ഡി വൈ എസ് പി മധുവല്ലെന്നാണ് പോലീസ് ഭാഷ്യം. ബഹളത്തിനും വാക്കേറ്റത്തിനുമിടെ ഇത് കേട്ടവരുണ്ടെന്ന് പറയുന്നു (ഞാന്‍ കേട്ടിട്ടില്ല). ഇത് കേട്ടതോടെ മലപ്പുറം ടീമിന്റെ കൂടെയുള്ള ആരോ ‘ഞങ്ങള്‍ മലപ്പുറത്തുകാരായതുകൊണ്ടാണോ അങ്ങനെ വിളിച്ചത്’ എന്നു ചോദിച്ചു. കുട്ടികള്‍ കൂട്ട നിലവിളിയായി. വിഷയവും വ്യാഖ്യാനങ്ങളും മാറി. (തുടര്‍ന്ന് ഈ അധിക്ഷേപം വയനാട് ജില്ലക്കാരെ ഉദ്ദേശിച്ചാണെന്ന്, പോലീസുകാരെ രക്ഷിച്ചെടുക്കുന്നതിനു വേണ്ടി പ്രയത്‌നിച്ചുകൊണ്ട് ശറീഫ് സാഗര്‍ പോസ്റ്റ് തുടരുന്നു)
അന്നുതന്നെ റിപ്പോര്‍ട്ടര്‍ ചാനലില്‍, ‘മലപ്പുറത്തു നിന്ന് വന്ന ഞങ്ങളെ തീവ്രവാദികള്‍ എന്ന് പോലീസ് വിളിച്ചു’ എന്നു പറഞ്ഞ് കുട്ടികള്‍ കരയുന്ന ദൃശ്യം സംപ്രേഷണം ചെയ്തിരുന്നു. മാത്രമല്ല ദിവസങ്ങള്‍ക്കു ശേഷം, ജനുവരി 25ന് തേജസില്‍ വന്ന ഒരു പത്ര റിപ്പോര്‍ട്ട് വായിക്കുക: ഡി വൈ എസ് പിയുടെ തീവ്രവാദവിളി: നടപടിക്ക് ശിപാര്‍ശ(തലക്കെട്ട്)-സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നാടകമത്സരത്തിനിടെ മലപ്പുറത്തു നിന്നെത്തിയ നാടക സംഘത്തിലെ കലാകാരന്മാരെ പാലക്കാട് ഡി വൈ എസ് പി പി കെ മധു തീവ്രവാദികള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചതിനെതിരെ നടപടിക്കു ശിപാര്‍ശ. വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വകുപ്പുതല നടപടിക്ക് ശിപാര്‍ശ. സ്‌പെഷ്യല്‍ ബ്രാഞ്ചും ഐ ബിയും പ്രത്യേക സംഘവും ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ടുകളിലാണ് ഡി വൈ എസ് പിയുടെ നടപടി തെറ്റാണെന്നും നടപടി വേണമെന്നും വിശദീകരിച്ചത്. സംഭവം സത്യമാണെന്നും ഒരു ജില്ലക്കാരെ മുഴുവന്‍ തീവ്രവാദികളായി ചിത്രീകരിച്ചത് ശരിയായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡി വൈ എസ് പിയോടൊപ്പം സംഭവ സ്ഥലത്തുണ്ടായിരുന്ന സി ഐയുടെയും എസ് ഐയുടെയും മൊഴികള്‍ രഹസ്യാന്വേഷണവിഭാഗം സമര്‍പ്പിച്ചിട്ടുണ്ട്. അവരും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ നിലനില്‍ക്കുന്ന മങ്കട നിയോജകമണ്ഡലം എം എല്‍ എ. ടി എ അഹ്മദ് കബീറും ലീഗ് എം എല്‍ എ. കെ എം ഷാജിയും അന്വേഷണം ആവശ്യപ്പെട്ടു. മങ്കട മണ്ഡലത്തിലെ ചെറുകുളമ്പ് ഐ കെ ടി എച്ച് എസ് സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം നാടകമത്സരാര്‍ഥികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. അവരുമിക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൊളത്തൂര്‍ വാര്‍ത്ത എന്ന ഫേസ്ബുക്ക് പേജില്‍ ഇത് കാണാം.
കഴിഞ്ഞ വര്‍ഷം മലപ്പുറത്തായിരുന്നു കലോത്സവം. മലപ്പുറം തീവ്രവാദ കേന്ദ്രമാണെന്നും കലാവിരുദ്ധരായ വിവരദോഷികളുടെ വിഹാരസ്ഥലമാണെന്നുമുള്ള ദുഷ്പ്രചാരണങ്ങള്‍ കേട്ട് പേടിച്ചുകൊണ്ടാണ് പല തെക്കന്‍ ജില്ലക്കാരും അവിടെയെത്തിയത്. അക്കൂട്ടത്തിലൊരു കുടുംബക്കാര്‍ അവിടെയുണ്ടായ ഹൃദ്യമായ അനുഭവം പിന്നീട് വിവരിച്ചത് ഓര്‍മയിലുണ്ട്. കലോത്സവത്തില്‍ പങ്കെടുക്കേണ്ട തങ്ങളുടെ കുട്ടിക്കൊപ്പം ലോഡ്ജിനു പകരം, ഒരു വീടിന്റെ മുകള്‍ നിലയിലാണ് ആ കുടുംബം താമസിച്ചത്. കലോത്സവം നടക്കുന്ന ദിവസം മുഴുവന്‍, താഴെ നിന്ന് ഭക്ഷണം പാകം ചെയ്ത് കൃത്യമായ സമയത്ത് മുകളിലെത്തിച്ച് ആതിഥ്യമര്യാദ കൊണ്ട് വീര്‍പ്പുമുട്ടിക്കുകയായിരുന്നു ആ മലപ്പുറം കുടുംബം. മലപ്പുറത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറാന്‍ ഈ കലോത്സവം ഉപകരിച്ചു എന്നും ആ കുടുംബം അനുഭവം തുറന്നെഴുതി.
ഏതായാലും കൂടുതല്‍ പോയിന്റ് നേടി അന്നുമിന്നും മലപ്പുറം കപ്പടിക്കാത്തത് നന്നായി. ‘മലപ്പുറത്തുകാര്‍ പരീക്ഷ ജയിക്കുന്നത് കോപ്പിയടിച്ചിട്ടാണല്ലോ!’ അതു പോലെ, കലോത്സവക്കപ്പെങ്ങാനും മലപ്പുറം നേടിയിരുന്നെങ്കില്‍, ജഡ്ജിമാരും അധ്യാപകരും കര്‍ട്ടന്‍ പൊന്തിപ്പുകാരും എല്ലാം ചേര്‍ന്ന് നടത്തുന്ന കലോത്സവ മാഫിയയില്‍ തീവ്രവാദികള്‍ കൂടി ഉണ്ടെന്ന് എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ പുറത്തു വന്നേനെ.
അടുത്ത കൊല്ലത്തെ കലോത്സവത്തിനു മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാകുമെന്നു കരുതുന്നു. എന്നാല്‍, കപ്പ് കോഴിക്കോട്ടു നിന്ന് റോഡ് മാര്‍ഗം കണ്ണൂരേക്ക് കൊണ്ടു പോയി വിമാനത്തില്‍ കയറ്റി നെടുമ്പാശ്ശേരിയില്‍ ഇറക്കി എറണാകുളത്തേക്ക് മെട്രോയില്‍ കൊണ്ടുപോകാം. അല്ലെങ്കില്‍ വീണ്ടും രാമനാട്ടുകര കടന്ന് ചേലേമ്പ്ര, യൂനിവേഴ്‌സിറ്റി, കോഹിനൂര്‍, ചേളാരി, കക്കാട്, എടരിക്കോട്, ചങ്കുവെട്ടി, വെട്ടിച്ചിറ, വളാഞ്ചേരി, കുറ്റിപ്പുറം, എടപ്പാള്‍, ചങ്ങരംകുളം എന്നീ ഭീകര കേന്ദ്രങ്ങളിലൂടെ (അല്ലെങ്കില്‍ ചമ്രവട്ടം പാലം വഴി പൊടി പാറിച്ചു കൊണ്ട്) വേണ്ടേ കപ്പ് ഘോഷയാത്ര നടത്തേണ്ടത്? ഓര്‍ക്കുമ്പോള്‍ തന്നെ കിടുങ്ങിപ്പോകുന്നു.