Connect with us

Kasargod

വ്യാജ ഡോക്ടര്‍ പിടിയില്‍

Published

|

Last Updated

തലശ്ശേരി: മലബാറിലെ മൂന്ന് ജില്ലകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വിവിധ ആശുപത്രികളില്‍ വാര്‍ഡ് ഡ്യൂട്ടി ചെയ്തുവന്ന വ്യാജ ഡോക്ടര്‍ തലശ്ശേരിയില്‍ അറസ്റ്റിലായി. പാനൂര്‍ വൈദ്യര്‍പീടിക സ്വദേശി സക്കീന മന്‍സിലില്‍ ടി ഫജ്ഫര്‍ റസാഖാണ് (26)പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി തലശ്ശേരി ജനറല്‍ ആശുപത്രി പരിസരത്ത് സംശയാസ്പദ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് വ്യാജ ചികിത്സകന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. സ്റ്റെതസ്‌കോപ്പ്, ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്ത് ധരിക്കുന്ന ഓവര്‍കോട്ട്, ശസ്ത്രക്രിയകള്‍ പ്രതിപാദിക്കുന്ന പുസ്തകം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഫജ്ഫര്‍ റസാഖിന്റെ സഞ്ചിയില്‍ കണ്ടെത്തി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിന്റെ ലോഗോ പതിച്ചതായിരുന്നു തിരിച്ചറിയല്‍ കാര്‍ഡ്.
കമ്പ്യൂട്ടര്‍ വിദഗ്ധനായ ഇയാള്‍ സ്വയം രൂപകല്‍പ്പന ചെയ്തതാണ് തിരിച്ചറിയല്‍ കാര്‍ഡെന്ന് പോലീസ് പറഞ്ഞു. ഇത് ഉപയോഗിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ്, ബേബി മെമ്മോറിയല്‍, മിംസ് തുടങ്ങി കാസര്‍കോട്, തലശ്ശേരി ഭാഗങ്ങളിലെ വിവിധ ആശുപത്രികളില്‍ വാര്‍ഡില്‍ കഴിയുന്ന രോഗികളെ പരിശോധിച്ചതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
വാര്‍ഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ രോഗികളുടെ ബന്ധുക്കള്‍ നല്‍കുന്ന കൈമടക്ക് സ്വീകരിക്കും. വ്യാജന്റെ ഇടപഴകലില്‍ സംശയം തോന്നിയവര്‍ നല്‍കിയ സൂചനയാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതെന്ന് തലശ്ശേരി പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കാസര്‍കോട്ടെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയില്‍ രണ്ട് ദിവസം ഇയാള്‍ ആര്‍ എം ഒ ആയും ജോലി നോക്കിയിരുന്നു. ദിവസം രണ്ടായിരം രൂപയാണത്രെ വ്യാജന്‍ പ്രതിഫലം വാങ്ങിയത്. ചികിത്സാ നിര്‍ദേശത്തില്‍ പ്രകടമായ വ്യത്യാസം ആശുപത്രി അധികൃതര്‍ തിരിച്ചറിഞ്ഞതോടെ ഉമ്മക്ക് അസുഖമാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.