പ്രതിസന്ധി രൂക്ഷമാക്കി നികുതി ചോര്‍ച്ച

Posted on: January 30, 2014 12:56 am | Last updated: January 29, 2014 at 11:56 pm

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തില്‍ ഉഴറുന്ന സംസ്ഥാനത്തിന്റെ പ്രതിസന്ധി രൂക്ഷമാക്കി നികുതി വരുമാനം കുത്തനെ കുറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒമ്പത് മാസം പിന്നിട്ടപ്പോള്‍ കേന്ദ്ര നികുതി വിഹിതമുള്‍പ്പെടെ സംസ്ഥാനത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 53.26 ശതമാനം മാത്രമാണ് പിരിച്ചെടുക്കാനായത്.

ഇതില്‍ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തില്‍ നിന്ന് പ്രതീക്ഷിത തുകയുടെ 52 ശതമാനം മാത്രമാണ് സംസ്ഥാന ഖജനാവിലേക്കെത്തിയത്. 2013-2014 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 38771.10 കോടി രൂപയാണ് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനമായി പ്രതീക്ഷിക്കുന്നത്. കേന്ദ്ര നികുതി വിഹിതം 8143.79 കോടി രൂപയുമാണ്.
എന്നാല്‍, അക്കൗണ്ടന്റ് ജനറലിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തില്‍ നിന്ന് കഴിഞ്ഞ നവംബര്‍ 31 വരെ 20337.46 കോടി രൂപ മാത്രമാണ് പിരിച്ചെടുക്കാനായത്. 2012-13 സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ട 32122.21 കോടിയില്‍ 30076.61 (93.63 ശതമാനം) കോടി രൂപയായിരുന്നു പിരിച്ചെടുത്തത്. ഒപ്പം കേന്ദ്ര നികുതി വരുമാനത്തിലും ഗണ്യമായ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. കേന്ദ്ര നികുതി വിഹിതത്തിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന 8143.79 കോടി രൂപയില്‍ ഇതുവരെ 4653.6 കോടി രൂപ മാത്രമേ പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ഷികാദായ നികുതി ലക്ഷ്യമിട്ട തുകയെക്കാള്‍ 2.94 കോടിയും വാഹന നികുതി 230.13 കോടിയും അധികമായി പിരിച്ചെടുത്തെങ്കിലും വൈദ്യുതിയിന്മേലുള്ള നികുതികളും തീരുവയും ലക്ഷ്യത്തുകയുടെ 9.88 ശതമാനം മാത്രമാണ് ഖജനാവിലേക്കെത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷം പെട്രോളില്‍ നിന്നുള്ള നികുതിയായി 1274.82 കോടിയും ഡീസലില്‍ നിന്ന് 1913.67 രൂപയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 1619.96 കോടിയും 2269.15 കോടിയുമായിരുന്നു.
വാഹനങ്ങളുടെ വില്‍പ്പനയിലും രജിസ്‌ട്രേഷനിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചുണ്ടായ ഗണ്യമായ കുറവ് നികുതി വരുമാനത്തെ ബാധിച്ചുവെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം. ഒപ്പം റബ്ബര്‍, ഏലം, കുരുമുളക് എന്നിവയിലും മറ്റ് നാണ്യവിളകളിലുമുണ്ടായ വിലയിടിവും കാലവര്‍ഷക്കെടുതി മൂലം ഈ മേഖലയില്‍ നിന്നുള്ള നികുതി വരുമാനത്തിലെ കുറവും നിര്‍മാണ മേഖലയിലുണ്ടായ മാന്ദ്യവും ബീവറേജസ് കോര്‍പറേഷന്റെ വിറ്റുവരവിലുണ്ടായ ഗണ്യമായ ഇടിവും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലെ നികുതി കുറച്ചതും നികുതി വളര്‍ച്ചാനിരക്ക് കുറയാന്‍ കാരണമായി.
എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ കുറവുകളൊന്നും അനുഭവപ്പെടില്ലെന്നാണ് ധനകാര്യ, നികുതി വകുപ്പുകളുടെ വിശദീകരണം. നടപ്പ് സാമ്പത്തിക വര്‍ഷം ബാക്കി നില്‍ക്കുന്ന നാല് മാസത്തെ നികുതി വരുമാനവും ഒപ്പം ക്രിസ്മസ്, ഉത്സവ സീസണുകളുടെ വരുമാനവും ഷോപ്പിംഗ് ഫെസ്റ്റില്‍ പൂര്‍ത്തിയാകുന്നതോടെ അതില്‍ നിന്നുള്ള വരുമാനവും ഖജനാവിലേക്കെത്തുന്നതോടെ ലക്ഷ്യത്തിലെത്താനാകുമെന്നാണ് ധനകാര്യ, നികുതി വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അവശ്യ സാധനങ്ങളുടെയും ഇന്ധനങ്ങളുടെയും വില വര്‍ധനക്ക് ആനുപാതികമായ വരുമാനം സംസ്ഥാന ഖജനാവിലേക്കെത്തിയില്ലെന്ന യാഥാര്‍ഥ്യം വിസ്മരിക്കുകയാണ് അധികൃതര്‍.