Connect with us

Kozhikode

കോടതി വെറുതെ വിട്ടിട്ടും വിവാദം വിട്ടൊഴിയാതെ മോഹനന്‍ മാസ്റ്റര്‍

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വെറുതെ വിട്ടിട്ടും വിവാദം പി മോഹനനെ വിടാതെ പിന്തുടരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫയാസ് പി മോഹനനെ സന്ദര്‍ശിച്ച് മടങ്ങുന്ന സി സി ടി വി ദൃശ്യം ഇന്നലെ ചാനലുകള്‍ പുറത്തുവിട്ടതാണ് പുതിയ വിവാദം. ഫയാസ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ സന്ദര്‍ശിച്ചത് നേരത്തെ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അന്ന് ഫയാസ് എത്തിയത് കേസിലെ പ്രതികൂടിയായ പി മോഹനനെ കാണാനാണെന്നായിരുന്നു മാധ്യമ വാര്‍ത്തയെങ്കിലും മോഹനനെ കാണുന്ന ദൃശ്യങ്ങള്‍ തെളിവായി പുറത്തു വന്നിരുന്നില്ല. ഫയാസിനു പിന്നാലെ പി മോഹനനും കടന്നുവരുന്ന ദൃശ്യമാണ് ഇന്നലെ പുറത്തുവിട്ടത്. എന്നാല്‍ ദൃശ്യത്തില്‍ മോഹനന്റെ രൂപം വ്യക്തമായി തെളിയുന്നില്ല.

ഇന്നലെ ചാനലുകള്‍ പുറത്തുവിട്ട ദൃശ്യത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് മോഹനന്‍ മാസ്റ്റര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി നടത്തിവരുന്ന നുണകളൊന്നും മുളക്കാതായപ്പോഴാണ് പുതിയ ദൃശ്യങ്ങളുമായി മാധ്യമങ്ങള്‍ രംഗത്തു വന്നതെന്ന് മോഹനന്‍ പറഞ്ഞു. പുറത്തുവിട്ട സി സി ടി വി ദൃശ്യത്തിന്റെ ആധികാരികതയില്‍ സംശയമുണ്ട്. അത് അന്വേഷിക്കണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു.
ഇന്നലെ ചാനലുകള്‍ പുറത്തുവിട്ട ദൃശ്യം കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആറിലേതാണ്. ജയിലിലെ വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ നിന്നും ഇറങ്ങിവരുന്നതാണ് ദൃശ്യത്തിലുള്ളത്.

Latest