ഫെസ്റ്റിവലില്‍ അടിപൊളി ഡാന്‍സ്;നഗരസഭ അന്വേഷണത്തിന് ഉത്തരവിട്ടു

Posted on: January 29, 2014 7:46 pm | Last updated: January 29, 2014 at 7:46 pm

festivalമസ്‌കത്ത്: ആമിറാത്തിലെ മസ്‌കത്ത് ഫെസ്റ്റിവല്‍ വേദിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ ഡാന്‍സ് പരപാടി രാജ്യത്തിന്റെ സംസ്‌കാരത്തിനും ഇസ്‌ലാമിക മൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടി നഗരസഭക്കെതിരെ പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ സ്വദേശികള്‍ ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ നഗരസഭ ഉത്തരവിട്ടു.

ഇന്നലെ നഗരസഭയുടെ ട്വിറ്റര്‍ പേജിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പരിപാടി അവതരിപ്പിക്കാന്‍ കരാര്‍ നല്‍കിയ കമ്പനിക്ക് തുടര്‍ന്ന് പ്രോഗ്രാം അവതരിപ്പിക്കാന്‍ അവസരം നല്‍കില്ലെന്നും വ്യക്തമാക്കിയത്. കരാര്‍ നല്‍കിയ കമ്പനിയോട് നിബന്ധനകള്‍ വ്യക്തമാക്കിയിരുന്നുവെന്നും എന്നാല്‍ സംസ്‌കാരത്തിനു യോജിക്കാത്ത പരിപാടി വേദിയില്‍ അവതരിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും നഗരസഭയുടെ ട്വിറ്ററില്‍ വ്യക്തമാക്കി. കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കുന്നതായും തുടര്‍ന്ന് ഈ സ്ഥാപനത്തിന്റെ പരിപാടി വേദിയിലെത്തില്ലെന്നും വിശദീകരണമുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യന്‍ ഭാഷകളിലുള്ള ഗാനങ്ങളുടെ അകമ്പടിയോടെ നൃത്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. തമിഴ് ഗാനങ്ങള്‍ക്ക് അകമ്പടിയായി വന്ന നൃത്ത രംഗത്ത് പ്രത്യക്ഷപ്പെട്ട സ്ത്രീകള്‍ അര്‍ധ നഗ്നകളായിരുന്നുവെന്നും ഇത് സംസ്‌കാരശൂന്യമാണെന്നും കുടുംബത്തോടൊപ്പം ഫെസ്റ്റിവലിനു പോയ തങ്ങള്‍ക്ക് പ്രയാസമുണ്ടായെന്നുമാണ് സ്വദേശികള്‍ സോഷ്യല്‍ മീഡയയില്‍ പരാതിപ്പെട്ടത്. വ്യാപകമായ പരാതികളെത്തുടര്‍ന്നാണ് വിശദീകരണവുമായി നഗരസഭ രംഗത്തു വന്നത്.