ഇ ഐ ഡി എ വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 40 ലക്ഷം പേര്‍

Posted on: January 29, 2014 5:28 pm | Last updated: January 29, 2014 at 6:29 pm

ദുബൈ: എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി(ഇ ഐ ഡി എ)യുടെ ഔദ്യോഗിക വെബ്‌സൈറ്റ് 2013ല്‍ സന്ദര്‍ശിച്ചത് 40 ലക്ഷം പേര്‍. 2012ല്‍ 31.85 ലക്ഷം പേരായിരുന്നു വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്. 2012നെ അപേക്ഷിച്ച് 2013ല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 28 ശതമാനത്തിന്റെ വര്‍ധനവാണ് ഇതിലൂടെ സംഭവിച്ചത്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച വെബ്‌സൈറ്റായി ഇ ഐ ഡി എ മാറിയിരിക്കയാണെന്ന് എമിറേറ്റ്‌സ് ഐ ഡി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡയറക്ടര്‍ ആമിര്‍ അല്‍ മഹ്‌റി അഭിപ്രായപ്പെട്ടു. അന്വേഷകരായി സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് വ്യക്തവും സമഗ്രവുമായ വിവരം ലഭിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. അടുത്ത കാലത്തായി ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം വെബ്‌സൈറ്റില്‍ സമൂലമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിരുന്നു. രാജ്യാന്തര നിലവാരവും രൂപകല്‍പ്പനയും പരീക്ഷിച്ചാണ് വെബ്‌സൈറ്റിനെ അധികൃതര്‍ കൂടുതല്‍ ജനപ്രിയമാക്കിയത്.