Connect with us

Gulf

യു എ ഇയില്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാളുകള്‍

Published

|

Last Updated

ദുബൈ: യു എ ഇയില്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാളുകള്‍. ഫെബ്രുവരി 10ന് അബുദാബി സായിദ് സ്റ്റേഡിയത്തില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നതോടെ അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടൂര്‍ണമെന്റിന് തുടക്കമാകും. ഈ വര്‍ഷത്തെ ഐ പി എല്‍ ട്വന്റി 20 മത്സരങ്ങള്‍ യു എ ഇയില്‍ നടക്കാനും സാധ്യതയേറി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണം ഇന്ത്യയില്‍ നടത്താന്‍ പ്രയാസമാകുമെന്നാണ് ബി സി സി ഐയുടെ വിലയിരുത്തല്‍. 2009ല്‍ ഐ പി എല്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു. ഇതിനു പുറമെ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ ക്രിക്കറ്റ് പരമ്പര യു എ ഇയില്‍ നടത്താന്‍ ആലോചിക്കുന്നു. പാക്കിസ്ഥാനിലെ ക്രമസമാധാന പ്രശ്‌നമാണ്. യു എ ഇക്കു തുണയാകുന്നത്. പാക്കിസ്ഥാന്‍ ഉള്‍പ്പെടുന്ന മിക്ക മത്സരങ്ങളും യു എ ഇയിലാണ് നടക്കുന്നത്. ഈ വര്‍ഷം ഒടുവില്‍ പാക്കിസ്ഥാനും സിംബാബ്‌വെയും ഏറ്റുമുട്ടും.

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ യുഎഇയില്‍ പൂര്‍ത്തിയായി. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് ഒന്നു വരെയാണ് ടൂര്‍ണമെന്റ്. ഏഴ് വേദികള്‍ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. അബുദാബി സായിദ് ക്രിക്കറ്റ് സ്‌റ്റേഡിയം, അബുദാബി ഓവല്‍ 1, ഓവല്‍ 2, ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയം, ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം, ദുബായ് സ്‌പോര്‍ട്‌സ് സിറ്റി, ഐസിസി അക്കാദമി ഓവല്‍ 1, ഓവല്‍ 2 എന്നിവയാണ് തയാറെടുത്തിരിക്കുന്നത്.
ഫെബ്രുവരിയിലെ മികച്ച കാലാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിച്ചുള്ള മുന്‍ പരിചയവും 10-ാമത് ലോക കപ്പ് നടത്തിപ്പ് സുഗമമാക്കുമെന്നാണ് പ്രതീക്ഷ. ഐസിസിയുടെ വലിയ ടൂര്‍ണമെന്റ് നടത്താന്‍ യുഎഇക്ക് വേദി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ്(ഇസിബി) ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് ഈസ്റ്റ് പറഞ്ഞു. യുഎഇ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ ഇതൊരു നാഴികക്കല്ലായിരിക്കും. ഐസിസി ലോക ട്വന്റി20 ക്വാളിഫൈയര്‍, അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡും തമ്മിലുള്ള ഐസിസി ഇന്റര്‍കോണ്‍ടിനെന്റല്‍ കപ്പ്, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അണ്ടര്‍19 ഏഷ്യാ കപ്പ് എന്നിവയടക്കം ഒട്ടേറെ വന്‍ ടൂര്‍ണമെന്റുകള്‍ക്ക് 12 മാസത്തിനുള്ളില്‍ യുഎഇ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
അബുദാബി ശൈഖ് സായിദ് സ്‌റ്റേഡിയം, ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവ ലോക നിലവാരത്തിലുള്ളതാണ്. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയം രാജ്യാന്തര മത്സരങ്ങള്‍ നടത്തി ലോക റെക്കോര്‍ഡിട്ടു. 2003 മുതല്‍ 2010 വരെ മത്സരങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും പിന്നീട് വേദി നന്നാക്കിയെടുത്തതോടെ ഒട്ടേറെ വന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറി. പാക്കിസ്ഥാന്റെ ഇന്‍സമാമുല്‍ ഹഖ് 2,464 റണ്‍സ് നേടിയതിന്റെയും വസീം അക്രമും വഖാര്‍ യൂനസും 200ലേറെ വിക്കറ്റുകള്‍ നേടിയതിന്റെയും ചരിത്രം ഈ വേദിക്ക് പറയാനുണ്ട്. 2009ലാണ് ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പന്തുരുണ്ടുതുടങ്ങിയത്. ഇതുവരെ ആറ് ടെസ്റ്റുകള്‍, 12 ഏകദിനങ്ങള്‍, 29 ട്വന്റി20 മത്സരങ്ങള്‍ എന്നിവ ഇവിടെ അരങ്ങേറി. റിങ് ഓഫ് ഫയര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളഡ്‌ലിറ്റ് സംവിധാനമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം രണ്ടാം ഹോം ഗ്രൗണ്ടായാണ് യുഎഇയെ കണക്കാക്കുന്നത്. അടുത്തിടെ അഫ്ഗാനിസ്ഥാന്‍ ഷാര്‍ജയേയും തങ്ങളുടെ ഹോം ഗ്രൗണ്ടായി കണക്കാക്കി മത്സരങ്ങള്‍ സംഘടിപ്പിച്ചു. അബുദാബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ രാജ്യാന്തര നിലവാരത്തിലുള്ള മൂന്ന് സ്‌റ്റേഡിയങ്ങളുള്ളതായി ഡേവിഡ് ഈസ്റ്റ് പറഞ്ഞു. ഗതാഗത സൗകര്യം, ഹോട്ടലുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ പ്രത്യേകതകളാണ്. കാണികളുടെ മികച്ച പിന്തുണയാണ് മറ്റൊരു പ്രത്യേകത. ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നാണ് യുഎഇ. ഫെബ്രുവരിയിലെ മികച്ച കാലാവസ്ഥയാണ് മറ്റൊരു അനുകൂലാവസ്ഥ. 1988ല്‍ ഓസ്‌ട്രേലിയയിലാണ് അണ്ടര്‍ 19 ക്രിക്കറ്റ് ലോക കപ്പ് ആദ്യമായി നടന്നത്. പിന്നീട്, 1998ല്‍ ദക്ഷിണാഫ്രിക്ക, 2000ലും 2006ലും ശ്രീലങ്ക, 2002ലും 2010ലും ന്യൂസീലാന്‍ഡ്, 2004ല്‍ ബംഗ്ലാദേശ്, 2008ല്‍ മലേഷ്യ എന്നീ രാജ്യങ്ങളും ആതിഥ്യമരുളി. കഴിഞ്ഞ വര്‍ഷവും ഓസ്‌ട്രേലിയയിലായിരുന്നു ലോകകപ്പ് നടന്നത്.