പൗരാണിക പ്രൗഢിയുമായി നാഗരിക മ്യൂസിയം

Posted on: January 29, 2014 6:00 pm | Last updated: January 29, 2014 at 6:22 pm

shindaga museumദുബൈ: നഗരത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ പുതിയ കവാടം തുറന്ന് നാഗരിക മ്യൂസിയം ഉദ്ഘാടനം ചെയ്തു. ശിന്ദഗയില്‍, ദുബൈ കലാ-സാംസ്‌കാരിക വകുപ്പ് ചെയര്‍മാന്‍ ശൈഖ് മാജിദ്് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂമാണ് സാംസ്‌കാരിക മ്യൂസിയം ഉദ്ഘാടനം ചെയ്തത്.

ശിന്ദഗയിലെ ശൈഖ് ഹശര്‍ ബിന്‍ മക്്തൂമിന്റെ വീട്ടിലാണ് മ്യൂസിയം. ബി സി 3,500 ന് മുമ്പുള്ള സാംസ്‌കാരികവും ചരിത്രപരവുമായുള്ള അപൂര്‍വം ശേഖരങ്ങള്‍ മ്യൂസിയത്തെ പ്രൗഢമാക്കും. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും കൈയെഴുത്തു പ്രതികളുമായ ഗ്രന്ഥങ്ങളും ചരിത്രാന്വേഷികള്‍ക്ക് കൗതുകമുള്ള കാഴ്ചയാകും. ഇതിലധികവും മ്യൂസിയം ഉടമസ്ഥനും ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗവുമായ അഹ്്മദ് ഉബൈദ് അല്‍ മന്‍സൂരിയുടെ ശേഖരത്തിലുള്ളതാണ്.
1566ല്‍ അന്തരിച്ച, ഉസ്മാനിയ ഖിലാഫത്തിലെ പത്താമത്തെ ഭരണാധികാരിയായ സുലൈമാന്‍ അല്‍ ഖാനൂനിയുടെ കഅ്ബയുടെ മൂടുപട (ഖില്ല) ത്തിന്റെ കഷ്ണം മ്യൂസിയത്തിലെ പ്രത്യേക ആകര്‍ഷണമാണ്. ഇതിനു പുറമെ, ഉമവീ, ഉസ്മാനീ ഭരണകാലത്തെ ചരിത്രാവശിഷ്ടങ്ങളില്‍ ചിലതും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പുരാതന ഈജിപ്തിലെയും റോമിലെയും ചരിത്രങ്ങളും സംസ്‌കാരങ്ങളും ഉണര്‍ത്തുന്നവയും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ദുബൈയുടെ ആത്മാവിന്റെയും ചരിത്രബോധത്തിന്റെയും ആവിഷ്‌കാരമാണ് ഈ മ്യൂസിയമെന്ന് അഹ്്മദ് ഉബൈദ് അല്‍ മന്‍സൂരി പറഞ്ഞു.
ഉദ്ഘാടന വേളയില്‍ ശൈഖ് മാജിദിനു പുറമെ എമിറ്റേ്‌സ് മനുഷ്യാവകാശ സംഘടനയുടെ ചെയര്‍മാന്‍ അബ്ദുല്‍ ഗഫാര്‍ ഹുസൈന്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.