Connect with us

Gulf

പരിസ്ഥിതി സൗഹൃദ ബൈക്കുമായി ദുബൈ പോലീസ്

Published

|

Last Updated

ദുബൈ: റോഡ് സുരക്ഷ ഉറപ്പാക്കാന്‍ പരിസ്ഥിതി സൗഹൃദ ഇലക്ട്രോണിക് മോട്ടോര്‍ ബൈക്കുമായി ദുബൈ പോലീസ്. ഇടുങ്ങിയ ഇടങ്ങളിലൂടെ സഞ്ചാരം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ബൈക്കുകള്‍ക്ക് പോലീസ് രൂപം നല്‍കിയിരിക്കുന്നത്.

അപകടവും മറ്റും സംഭവിക്കുമ്പോള്‍ ഗതാഗതക്കുരുക്കില്‍ നിന്നു രക്ഷപ്പെട്ടു പോകാനും വേഗം പോലീസ് സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പച്ചനിറത്തിലുള്ള ബൈക്കിനെ സേനയുടെ സേവനത്തിലേക്ക് ഉള്‍പ്പെടുത്തുന്നതെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമിസ് മത്തര്‍ അല്‍ മസീന വ്യക്തമാക്കി.
പൊതുഇടങ്ങൡ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൈതൃക കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും എത്തുന്നവര്‍ക്ക് സഹായത്തിനൊപ്പം കൗതുകം ജനിപ്പിക്കാനും ബൈക്ക് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപറേഷന്‍സ് വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അനസ് അല്‍ മത്‌റൂഷിയുടെ സാന്നിധ്യത്തിലാണ് ദുബൈ പോലീസ് മേധാവി ബൈക്ക് പരിശോധിച്ചത്. ബൈക്കിന്റെ പരീക്ഷണം നടന്നു വരികയാണെന്നും അധികം വൈകാതെ പോലീസ് സേനയുടെ ഭാഗമായി ഇവ മാറുമെന്നും മേജര്‍ ജനറല്‍ ഖമിസ് മത്തര്‍ പറഞ്ഞു.
പോലീസിന്റെ ഓപറേഷന്‍സ് റൂം ഇവയെക്കുറിച്ച് പഠിക്കുകയും പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗമാണ് പരിസ്ഥിതി സൗഹൃദ ബൈക്കുകള്‍. ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. മകച്ച സേവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണിത്. സുസ്ഥിരമായ വികസനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. കാര്‍ബണ്‍മോണോക്‌സൈഡ് പുറത്തുവിടുന്നതിന്റെ അളവ് കുറച്ചുകൊണ്ടുവരാനും ഇതിലൂടെ ലക്ഷ്യമിടുന്നു. പരിസ്ഥിതി സന്തുലനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് റാസല്‍ഗോറിലെ ചുതുപ്പുനിലങ്ങളില്‍ കണ്ടല്‍ച്ചെടികള്‍ ദുബൈ പോലീസ് നട്ടുപിടിപ്പിച്ചതും ഖമിസ് മത്തര്‍ അല്‍ മസീന അനുസ്മരിച്ചു.