ബീഹാറില്‍ ബോട്ട് മുങ്ങി ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

Posted on: January 29, 2014 2:51 pm | Last updated: January 29, 2014 at 2:51 pm

bihar boatപാറ്റ്‌ന: ബീഹാറിലെ ബുക്‌സര്‍ ജില്ലയില്‍ ഗംഗനദിയില്‍ ബോട്ട് മുങ്ങി ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. നാലുപേരെ കാണാതായി. 23 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍ പെട്ടതെന്ന് ബുക്‌സര്‍ ജില്ല മജിസ്‌ട്രേറ്റ് രാമന്‍ കുമാര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗസിപ്പൂരില്‍ നിന്നും ബുക്‌സറിലേക്കുവന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പ്പെട്ടവര്‍ ബിഹാറില്‍ നിന്നും തൊഴില്‍തേടി ഉത്തര്‍പ്രദേശിലേക്കു പോയതായിരുന്നു.

എട്ടുപേരെ ഗ്രാമീണര്‍ രക്ഷപ്പെടുത്തിയതായി കുമാര്‍ പറഞ്ഞു. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും തൊഴിലാളികളായ സ്ത്രീകളാണ്.

ചൊവാഴ്ച രാത്രി ചോസാ ബ്ലോക്കിലാണ് അപകടം. പത്തുപേര്‍ക്കു യാത്രചെയ്യാവുന്ന ബോട്ടില്‍ 22ഓളം പേര്‍ കയറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ മജിസ്‌ട്രേറ്റിന്റെയും പോലീസ് മേധാവിയുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരുസംഘവും രക്ഷാപ്രവര്‍ത്തനത്തിനു എത്തിയിരുന്നു.