ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് സമനില

Posted on: January 29, 2014 7:13 am | Last updated: January 29, 2014 at 8:56 am

Arsenak

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് കുതിക്കുന്ന ഗണ്ണേഴ്‌സ് സമനില വഴങ്ങിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും വിജയിച്ചു.

2-2ന് സതാംപ്റ്റനാണ് ആഴ്‌സണലിനെ സമനിലയില്‍ തളച്ചത്. മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് സതാംപ്റ്റണ്‍ ആയിരുന്നു. ഇരുപത്തിയൊന്നാം മിനുട്ടില്‍ ഫോണ്ടെയുടെ വകയായിരുന്നു ഗോള്‍. എന്നാല്‍ നാല്‍പ്പത്തിയെട്ടാം മിനുട്ടില്‍ ജെറൂദും അന്‍പത്തിരണ്ടാം മിനുട്ടില്‍ കര്‍സോളയും നേടിയ ഗോളുകള്‍ ആഴ്‌സണലിന് ലീഡ് നേടിക്കൊടുത്തെങ്കിലും 54ാം മിനുട്ടില്‍ സതാംപ്റ്റണ്‍ സമനില ഗോളടിച്ചു. ആഡം ലാല്ലനയാണ് സ്‌കോറര്‍.

manchester

കാര്‍ഡിഫിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജയിച്ച് തോല്‍വികളുടെ തുടര്‍ച്ചയില്‍ നിന്ന് മാഞ്ചസ്റ്റര്‍ കരകയറി. റോബിന്‍ വാന്‍ പെഴ്‌സിയും ആഷ്‌ലി യങുമാണ് ഗോള്‍ സ്‌കോറര്‍മാര്‍.

മടക്കമില്ലാത്ത നാലുഗോളിനാണ് ലിവര്‍പൂള്‍ എവര്‍ട്ടനെ തോല്‍പ്പിച്ചത്. ഡാനിയല്‍ സ്റ്ററിഡ്ജിന്റെ ഇരട്ടഗോളാണ് മികച്ച മാര്‍ജിനില്‍ ജയിക്കാന്‍ ലിവര്‍പൂളിനെ സഹായിച്ചത്. വെറ്ററന്‍ താരം സ്റ്റീഫന്‍ ജെറാഡ്, സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയി സുവാറസ് എന്നിവരാണ് മറ്റ് രണ്ടു ഗോളുകള്‍ നേടിയത്.

liverpool

23 കളികളില്‍ നിന്ന് 52 പോയിന്റുമായി ആഴ്‌സണല്‍ തന്നെയാണ് ലീഗില്‍ മുന്നില്‍. എന്നാല്‍ ആഴ്‌സണലിനെക്കാള്‍ ഒരു കളി കുറച്ച് കളിച്ച സിറ്റി 50 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. സതാംപ്റ്റനോടേറ്റ തോല്‍വിയാണ് കൂടുതല്‍ പോയിന്റ് നേടുന്നതില്‍ നിന്ന് ആഴ്‌സണലിനെ തടഞ്ഞത്. 23 കളികളില്‍ നിന്ന് 46 പോയിന്റ് നേടി ലിവര്‍പൂള്‍ നാലാം സ്ഥാനത്താണ്. ഇന്നലെ ജയിച്ചെങ്കിലും 23 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.