പ്രക്ഷോഭം: ഉക്രൈന്‍ പ്രധാനമന്ത്രി രാജിവെച്ചു

Posted on: January 29, 2014 8:11 am | Last updated: January 29, 2014 at 8:11 am

mykola asarovകീവ്: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഉക്രൈനില്‍ പ്രധാനമന്ത്രി മിക്കോള അസാറോവും കാബിനറ്റ് മന്ത്രിമാരും രാജിവെച്ചു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പ്രക്ഷോഭ വിരുദ്ധ നിയമം പാര്‍ലിമെന്റ് പാസാക്കിയതിന്റെ തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും രാജി. ഇവരുടെ രാജി പ്രസിഡന്റ് വിക്ടര്‍ യാന്‍കോവിച് സ്വീകരിക്കുകയും ചെയ്തു. സാമൂഹികവും രാഷ്ട്രീയവുമായ ഒത്തുതീര്‍പ്പിന് വേണ്ടിയാണ് തന്റെ രാജിയെന്നായിരുന്നു അസാറോവിന്റെ ന്യായീകരണം.
യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാര കരാറില്‍ ഒപ്പുവെക്കാതെ റഷ്യയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്ത പ്രസിഡന്റ് യാന്‍കോവിച്ചിന്റെ നിലപാടിനെതിരെ രണ്ട് മാസം മുമ്പാരംഭിച്ച പ്രക്ഷോഭം രാജ്യവ്യാപകമായിക്കൊണ്ടിരിക്കെയാണ് പ്രധാനമന്ത്രിയുടെ രാജി. തലസ്ഥാനമായ കീവിലെ പ്രധാന പാതകളെല്ലാം കൈയ്യടക്കിയ പ്രക്ഷോഭകര്‍ നഗരത്തിലെ സര്‍ക്കാര്‍ കെട്ടിടങ്ങളും കാര്യാലയങ്ങളും ഉപരോധിച്ചിട്ടുണ്ട്. പ്രക്ഷോഭത്തെ തുടര്‍ന്ന് ആഴ്ചകളോളമായി ഭരണം ഭാഗികമായി സ്തംഭിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതോടെയാണ് പ്രക്ഷോഭം കൂടുതല്‍ ശക്തമായത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു.
അതേസമയം, പ്രധാനമന്ത്രി രാജിവെച്ചത് കൊണ്ടോ സര്‍ക്കാര്‍ മാറിയത് കൊണ്ടോ തങ്ങളുടെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും മറിച്ച് പ്രസിഡന്റിന്റെ നിയന്ത്രണത്തിലുള്ള ഭരണം ഇല്ലാതാകണമെന്നും പ്രക്ഷോഭക നേതാവ് വിറ്റാലി ക്ലിറ്റ്‌സ്ചകോ വ്യക്തമാക്കി. തലസ്ഥാന നഗരത്തിലെ ഇന്‍ഡിപെന്‍ഡെന്‍സ് ചത്വരത്തില്‍ ആയിരക്കണക്കിന് പ്രക്ഷോഭകരാണ് തമ്പടിച്ചത്. പ്രക്ഷോഭകരെ നേരിടാന്‍ ഇവിടെ കനത്ത സൈനിക സന്നാഹത്തെയും സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്.
അതിനിടെ, പ്രശ്‌ന പരിഹാരത്തിനായി ഇ യു വിദേശകാര്യ മേധാവി കാതറിന്‍ ആഷ്തണ്‍ ഉക്രൈന്‍ സന്ദര്‍ശനത്തിനെത്തി. സര്‍ക്കാര്‍ നേതാക്കളുമായും പ്രതിപക്ഷ, പ്രക്ഷോഭ നേതാക്കളുമായും അവര്‍ ചര്‍ച്ച നടത്തുമെന്ന് ഇ യു വക്താക്കള്‍ അറിയിച്ചു. ഉക്രൈന്‍ സന്ദര്‍ശനത്തിന് ശേഷം ആഷ്തണും മറ്റ് ഇ യു നേതാക്കളും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായും കൂടിക്കാഴ്ച നടത്തും.