തിരഞ്ഞെടുപ്പ് ഗീര്‍വാണങ്ങളും വസ്തുതകളും

Posted on: January 29, 2014 6:00 am | Last updated: January 29, 2014 at 12:38 am

AS India Electionsഗഡാഗഡിയന്‍ (ബേപ്പൂര്‍ സുല്‍ത്താനോട് കടപ്പാട്) പ്രസംഗങ്ങളുടെയും വാഗ്ദാനങ്ങളുടെയും നിലപാടുമാറ്റങ്ങളുടെയും ജനസ്‌നേഹത്തിന്റെയും ഹിമപാതമാണ് ഇപ്പോള്‍ രാജ്യത്ത്. രാജ്യത്തെ സ്വര്‍ഗതുല്യമാക്കിക്കളയും എന്നാണ് ഓരോരുത്തരും ശഠിക്കുന്നത്. എല്ലാവര്‍ക്കും പൊന്ന് വിളയിക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഒരു കൂട്ടര്‍ അവകാശപ്പെടുമ്പോള്‍ മറ്റു ചിലര്‍ക്ക് ന്യൂനപക്ഷസ്‌നേഹം കൊണ്ട് ഇരിക്കാന്‍ വയ്യാത്ത അവസ്ഥയായിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത രണ്ട് മാസം ഒഴിച്ച് ബാക്കിയുള്ള സമയമെല്ലാം ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും വിദ്വേഷവും പ്രസരിപ്പിച്ച് ഭൂരിപക്ഷ വോട്ടും പിന്തുണയും ഉറപ്പ്‌വരുത്തുന്ന കൂട്ടരാണ് ഈ സമയം ന്യൂനപക്ഷസ്‌നേഹത്തിന്റെ അപ്പോസ്തലന്‍മാരാകുന്നത്. ഏപ്രില്‍ മാസം അവസാനം വരെ ഈ വക കോപ്രായങ്ങള്‍ അത്യുഷ്ണം കണക്കെ പെയ്തിറങ്ങും. പ്രത്യക്ഷത്തില്‍ ഈ വക വാഗ്ദാനങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും പ്രാധാന്യമുണ്ടെങ്കിലും ഒരു തരം കുറ്റബോധം നേതാക്കളുടെ പ്രസംഗങ്ങളിലും മറ്റും ഗോപ്യമായിട്ടുണ്ട് എന്നതാണ് വസ്തുത. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തന്റെ പത്ത് വര്‍ഷ ഭരണയജ്ഞത്തിനിടെ നടത്തിയ അവസാനത്തേതും മൂന്നാമത്തേതുമായ പത്ര സമ്മേളനവും, സംഘടനയെ ദൃഢപ്പെടുത്താനും സംസ്ഥാന നേതാക്കളുടെ മനസ്സിലിരിപ്പ് അറിയാനും പടലപ്പിണക്കങ്ങളും പാളയത്തിലെ പോരും ഇല്ലാതാക്കാനും നടത്തിയ എ ഐ സി സി സമ്മേളനത്തില്‍ അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടത്തിയ പ്രസംഗങ്ങളും തീവ്രവര്‍ഗീയതയെ ഊതിക്കാച്ചി വോട്ട് തരപ്പെടുത്തുന്ന ബി ജെ പി നടത്തിയ ദേശീയ നിര്‍വാഹക സമിതി സമ്മേളനവും അവരുടെതന്നെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി വിവിധ നഗരങ്ങളെ അഭിസംബോധന ചെയ്ത് നടത്തുന്ന ഗീര്‍വാണങ്ങളും ചൂണ്ടുന്നത് നടേ സൂചിപ്പിച്ചതിലേക്കാണ്.
പത്ത് വര്‍ഷം കൊണ്ട് രാജ്യത്തെ ഗ്രാമഗ്രാമാന്തരങ്ങളിലെ ജീവിതനിലവാരം ഉയര്‍ത്തിയെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യവികസനങ്ങള്‍ സാക്ഷാത്കൃതമായെന്നും ഉള്ളവന്റെയും ഇല്ലാത്തവന്റെയും ഇടയിലെ അന്തരം കുറച്ചുവെന്നും ദരിദ്രരുടെ എണ്ണം തുലോം കുറഞ്ഞെന്നും ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ ഉറപ്പ്‌വരുത്തിയെന്നും രാജ്യത്തിന്റെ സാമ്പത്തികനില ഭദ്രമാക്കിയെന്നും ഇക്കാര്യത്തില്‍ ഇനിയൊന്നും ചെയ്യാനില്ലെന്നുമാണ് മന്‍മോഹന്‍സിംഗ്, സോണിയ, രാഹുല്‍ എന്നിവര്‍ ഈയടുത്ത് നടത്തിയ പൊതു പ്രസംഗങ്ങളുടെയും പത്രസമ്മേളനങ്ങളുടെയും ആകെത്തുക. തിരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഗ്രാമങ്ങളുടെ വികസനത്തെ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചാരണങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി ഗ്രാമീണരെ സ്വയംപര്യാപ്തരാക്കിയെന്നും ഗ്രാമീണ സമ്പദ്ഘടന പൊളിച്ചെഴുതാനായെന്നും പറയുമ്പോഴും അഭിമാന സൂചകമായി മന്‍മോഹന്റെയോ രാഹുലിന്റെയോ നെഞ്ചുയര്‍ന്നിട്ടില്ല. ഗ്രാമങ്ങളില്‍ ഗതാഗത, വൈദ്യുതി സൗകര്യങ്ങളുടെ കാര്യത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായെങ്കിലും ജീവിതചെലവിന്റെ ഗ്രാഫിനും സമാന വളര്‍ച്ചയുണ്ടായി. മന്‍മോഹന്റെയും സോണിയയുടെയും ഇപ്പോള്‍ രാഹുലിന്റെയും കണക്കുപുസ്തകങ്ങളില്‍ മാത്രമേ പറഞ്ഞ മാതിരിയുള്ള വളര്‍ച്ചയുണ്ടായിട്ടുള്ളൂ.
മിനിട്ടുകള്‍ വെച്ച് അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന സാങ്കേതിക വിദ്യകളില്‍ സാധാരണക്കാര്‍ പോലും അഭിരമിക്കുകയും അതിന്റെ ഇരകളാക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും ദൈനംദിന ജീവിതത്തില്‍ പലപ്പോഴും കാലിടറുന്നു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തന്നെ പ്രധാന വില്ലനാകുന്നു. മുക്കിലും മൂലയിലും ഹൈടെക് ആശുപത്രികള്‍ ഉയരുന്നുണ്ടെങ്കിലും സാധാരണക്കാരന് അടുക്കാനാകുന്നില്ല. തൊട്ടപ്പുറത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വന്‍ വാഗ്ദാനങ്ങള്‍ കോരിച്ചൊരിയുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അവധിയെടുത്തതിനാല്‍ പരിശോധിക്കാനാളില്ലാത്ത സര്‍ക്കാര്‍ ആശുപത്രികള്‍. ഇവിടെ ബലിയാടുകളാകുന്നത് ദരിദ്രരാണ്. എന്നാല്‍ വിലവര്‍ധന ആഗോള പ്രതിഭാസമാണെന്നും സുനാമി വന്നാല്‍ അനുഭവിക്കുകയല്ലാതെ വേറൊരു വഴിയുമില്ലാത്തതു പോലെ വിലക്കയറ്റത്തിന്റെ മുമ്പിലും നാം വെറും ഇരകളെന്നും പറയാന്‍ ആ മാന്യ ദേഹം തുനിഞ്ഞു.
വിലക്കയറ്റത്തെ സംബന്ധിച്ച് ചോദിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക മാന്ദ്യത്തിന് മുന്നില്‍ ആഗോള വമ്പന്‍മാര്‍ കാല് തെറ്റിയപ്പോഴും നമുക്ക് പതറിയില്ലെന്ന വാദമാണ് മന്‍മോഹന്‍ അവതരിപ്പിക്കുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ 13. 8 കോടി പേര്‍ മാത്രമാണ് നിലവില്‍ ദരിദ്രന്‍മാരായിട്ടുള്ളത് എന്നതാണ് മന്‍മോഹന്റെ കണക്കുപുസ്തകം പറയുന്നത്. ദാരിദ്ര്യരേഖാ നിര്‍ണയ മാനദണ്ഡം മാറ്റിയതിലൂടെയുണ്ടായതാണ് ഈ മഹാനേട്ടമെന്നത് പലരും മറന്നുപോകുന്നു. അഥവാ, ഇതൊക്കെ പ്രഖ്യാപിക്കുമ്പോഴും കുറ്റബോധവും ആ വാക്കുകളില്‍ കലര്‍ന്നിട്ടുണ്ട്. അതേസമയം, 2ജി, കല്‍ക്കരി തുടങ്ങിയ ഷോര്‍ട്ട് കട്ടുകളില്‍ അറിയപ്പെടുന്ന രാജ്യത്തെ നാണക്കേടിന്റെ പടുകുഴിയിലേക്ക് ആഴ്ത്തിയ കുംഭകോണ പരമ്പരകളുടെ കാര്യവും മന്‍മോഹന്‍ സൂചിപ്പിച്ചു. എന്നാല്‍, ആ കുംഭകോണങ്ങള്‍ മാലോകര്‍ അറിയാന്‍ ഇടയായത് തന്റെ ഭരണ സുതാര്യത കൊണ്ടാണെന്ന അര നൂറ്റാണ്ട് മുമ്പ് എല്‍ പി സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ അവകാശവാദ തന്ത്രമാണ് ന്യൂജനറേഷന്‍ സമക്ഷവും മന്‍മോഹന്‍ അവതരിപ്പിക്കുന്നത്. തന്റെ കാലത്തെ ഇത്തരം അവകാശവാദങ്ങള്‍ സമാഹരിച്ചാല്‍ അടുത്ത ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന വിശ്രമജീവിതത്തില്‍ വായിച്ചു രസിക്കാന്‍ മറ്റൊരു സര്‍ദാര്‍ കഥയുണ്ടാക്കാം.
സോണിയയുടെ ഭാഷണത്തിലെ പ്രധാന ഇനവും തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യ സുരക്ഷാ നിയമവും വിവരാവകാശ നിയമവും ഭൂമിയേറ്റെടുക്കല്‍ നിയമവും ലോക്പാല്‍ നിയമവും മറ്റുമായിരുന്നു. ഇത്തരം പല നിയമങ്ങളും അടുത്ത പാര്‍ലിമെന്റ് സെഷനില്‍ പിറക്കുമെന്നും ഭാവിയില്‍ അനവരതം തുടരാന്‍ തങ്ങളുടെ കരങ്ങള്‍ ശക്തിപ്പെടുത്തണമെന്നും സോണിയാജി വിനീതമായി ആവശ്യപ്പെടുകയുണ്ടായി. ഈ വക നിയമങ്ങള്‍ എങ്ങനെയൊക്കെയാണ് ചുട്ടെടുത്തതെന്നും ആരൊക്കെ സമ്മര്‍ദപ്പെടുത്തിയെന്നും മാലോകര്‍ക്ക് മുഴുവനും അറിയാവുന്നതാണ്. അന്നാ ഹസാരെ ആരംഭിച്ച ഹൈടെക് സത്യഗ്രഹ സമരമാണ് നാല് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ലോക്പാല്‍ ഒന്ന് രണ്ട് വര്‍ഷം കൊണ്ട് ചുട്ടെടുത്തതെന്ന് ഇന്നും വിശ്വസിക്കാത്തവര്‍ കോണ്‍ഗ്രസ് നേതൃത്വമായിരിക്കും.
രാഹുലിന്റെ പ്രസംഗം പോസ്റ്റ്‌മോര്‍ട്ടം ചെയ്താല്‍ കിട്ടുക കുറേ തത്വോപദേശങ്ങളാണ്. നിയമനിര്‍മാണമാണ് എം പിമാരുടെയും എം എല്‍ എ/ എം എല്‍ സിമാരുടെയും പ്രധാന കര്‍ത്തവ്യമെന്ന് അദ്ദേഹം തെര്യപ്പെടുത്തി. നിയമനിര്‍മാണ വേളകളില്‍ ശക്തവും കാതലുമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്തണമെന്നും ഇന്ത്യക്കാരെ പ്രതിനിധാനം ചെയ്യുന്നത് നിങ്ങളാണെന്നും ഏകാധിപതിയല്ല ജനാധിപത്യ സംവിധാനത്തിലെ ഭരണാധികാരിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇനി മറ്റൊരു അപ്രിയ സത്യം പറയാം. 2011 മെയ് മാസം 2012 മെയ് വരെയുള്ള കാലഘട്ടത്തിലെ ലോക്‌സഭാ സമ്മേളനങ്ങളില്‍ അമേഠിക്കാരുടെ ശബ്ദമായ രാഹുല്‍ ഹാജരായത് 85 ദിവസങ്ങളില്‍ വെറും 24 ദിവസമാണ്! ഹാജരായ സമയത്തെ പ്രകടനം തന്നെ ദയനീയവും. 42 ശതമാനമാണ് സഭയിലെ രാഹുലിന്റെ പ്രകടനം. മാതാവ് സോണിയ 34 ദിവസമാണ് ഹാജരായത്. ഈ നേതൃത്വമാണ് ജനപ്രതിനിധികളുടെ യഥാര്‍ഥ കര്‍ത്തവ്യം, നിയമനിര്‍മാണവും നിര്‍മാണ വേളയിലെ സക്രിയ ഇടപെടലുമാണെന്ന് വിളിച്ചുപറയുന്നത്. പാര്‍ട്ടിയുടെ നേതാവും രാജ്യത്തെ ഭാവി ഭരണാധികാരിയുമായത് 2014ല്‍ ആയതുകൊണ്ടാകാം രാഹുലിന്റെ ഇത്തരം ഗിരിപ്രഭാഷണങ്ങള്‍. സ്വന്തം ചരിത്രം കൂടുതല്‍ ചികയാത്തത് കൊണ്ടായിരിക്കാം ജനാധിപത്യത്തില്‍ കുടുംബാധിപത്യവും വ്യക്തിഭരണവുമല്ല പ്രതിഫലിക്കേണ്ടതെന്ന പ്രസ്താവന രാഹുല്‍ നടത്തിയത്. തനിക്ക് മുത്തശ്ശിയെയും പിതാവിനെയും നഷ്ടപ്പെട്ടെന്നും എന്നാല്‍ തനിക്ക് ഭയമില്ലെന്നും കഴിഞ്ഞ ദിവസം പോലും രാഹുല്‍ ആവര്‍ത്തിച്ചു. ഇത്തരം പ്രസ്താവനകള്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മാത്രം കേള്‍ക്കാനേ മാലോകര്‍ക്ക് ഭാഗ്യമുണ്ടാകൂ.
കേള്‍ക്കേണ്ട മറ്റു വാഗ്ദാനങ്ങളും പ്രസ്താവനകളും ബി ജെ പി ആലയത്തില്‍ നിന്നാണ്. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് നരേന്ദ്ര മോദിയാണ്. യു പിയിലും കാശ്മീരിലും ബംഗാളിലും എത്തുമ്പോള്‍ മോദിയുടെ വാക്കുകളിലും ചേഷ്ടകളിലും മുസ്‌ലിംപ്രേമം തുളുമ്പും. ഇത്തരം സ്ഥലങ്ങളില്‍ പ്രഭാഷണം കേള്‍ക്കാനെത്തുന്നവര്‍ പോലും തൊപ്പിയും ധരിച്ചെത്തണമെന്നാണ് മോദിയന്‍ കട്ടായം. യു പിയിലെ കുടുംബവാഴ്ചയാണ് മുസ്‌ലിംകളുടെ കണ്ണീരിന് നിദാനമെന്നും താമര വിരിഞ്ഞാല്‍ സ്വര്‍ഗതുല്യമാക്കാമെന്നും പറയാന്‍ മോദി ധൈര്യപ്പെട്ടു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, യു പിയിലെ അയോധ്യയില്‍ മുസ്‌ലിംകളുടെ ആരാധനാലയം തല്ലിത്തകര്‍ത്ത് തീവ്രഹിന്ദുത്വവാദികള്‍ ശംഖനാദം മുഴക്കിയപ്പോള്‍, നാഗ്പൂരിലെ സംഘ് ആസ്ഥാനത്തെ ചായക്കാരനില്‍ നിന്ന് ഏറെ മുന്നോട്ട് പോയിരുന്നു മോദി. പത്ത് പതിനൊന്ന് വര്‍ഷം കഴിഞ്ഞ് 2003ല്‍ ഗുജറാത്ത് തെരുവോരങ്ങളെ നിരപരാധികളുടെ ചോര കൊണ്ട് കളഭാഭിഷേകം ചെയ്തപ്പോള്‍ ചായക്കാരനും സംഘ് പരിവാര്‍ നേതാവും വിട്ട് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു മോദി. ആ ക്രൂര നാളുകളെ കുറിച്ച് തിരഞ്ഞെടുപ്പിന് വേണ്ടി മോദി ‘ഖേദം’ പ്രകടിപ്പിച്ചപ്പോഴും ബാബരി പൊളിച്ചതില്‍ ഒരു മനസ്ഥാപവും തോന്നിയിട്ടില്ല മതേതരത്വ രാഷ്ട്രത്തിന്റെ ഭരണാധികാരിയാകാന്‍ പോകുന്നയാള്‍ക്ക്. പ്രത്യുത, ബാബരി ധ്വംസനത്തെ അഭിമാനമായും അന്തസ്സായും കൊണ്ടുനടക്കാനാണ് ഇഷ്ടപ്പെടുന്നത്. ഈ വേളയിലാണ് മോദിയുടെയും കൂട്ടരുടെയും മുസ്‌ലിംസ്‌നേഹം അളക്കേണ്ടത്. ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്ന 370 ാം വകുപ്പിന്റെ കാര്യത്തില്‍ വീണ്ടുവിചാരത്തിന് സന്നദ്ധത പ്രകടിപ്പിച്ചുള്ള രാജ്‌നാഥ് സിംഗിന്റെ പ്രസംഗവും ഇതേ രീതിയില്‍ വിചാരണ ചെയ്യപ്പെടണം. 370 ാം വകുപ്പ് കാശ്മീരിന് വികസനമൊരുക്കുന്നതാണെങ്കില്‍ ബി ജെ പി അതിന് ഒരു തടസ്സമായിരിക്കില്ലെന്നാണ് രാജ് നാഥ് സിംഗ് പറഞ്ഞത്. ഈ വകുപ്പ് ജമ്മു കാശ്മീരിന് പ്രത്യേക അധികാരം വാഗ്ദാനം നല്‍കുന്നതും കാശ്മീര്‍ ഗൗരവമേറിയതും വികാരപരവുമായ പ്രദേശമാണെന്നും രാജ്‌നാഥ് പറഞ്ഞൊപ്പിച്ചു. വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയിന്‍ നടത്തിയവരാണ് ബി ജെ പി. 370ാം വകുപ്പ് കാശ്മീരിന് ഇന്ത്യയുടെ മുഖ്യധാരയിലേക്ക് കടന്നുവരുന്നതിന് തടസ്സമാണെന്ന് പാര്‍ട്ടി ആരോപിച്ചിരുന്നു. സംസ്ഥാനത്തിന് 370ാം വകുപ്പ് ഗുണകരമാണോ എന്നതില്‍ ഒരു സംവാദം അനിവര്യമാണെന്ന് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദി കഴിഞ്ഞ മാസം ജമ്മുവില്‍ റാലിയില്‍ പറഞ്ഞിരുന്നു. സംവാദം നടത്തണമെന്ന മോദിയുടെ ആവശ്യത്തിലും ബി ജെ പിയില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു. ബി ജെ പിയുടെ ശക്തമായ നിലപാടില്‍ മാറ്റം വന്നത് മോദിയുടെ ഇടപെടല്‍ മൂലമാണെന്നാണ് രാഷ്ട്രീയപടുക്കളുടെ കാഴ്ചപ്പാട്. അതേസമയം, ഗോവയിലോ മുംബൈയിലോ മധ്യപ്രദേശിലോ രാജസ്ഥാനിലോ ഡല്‍ഹിയിലോ പ്രസംഗിക്കുമ്പോള്‍ വര്‍ഗീയ പാഷാണമാണ് മോദി ഉപയോഗിക്കുന്നത്.
രാഷ്ട്രീയ ട്രപ്പീസുകളിയാണ് രണ്ട് മാസത്തേക്ക് പാര്‍ട്ടികള്‍ക്ക്. അത് കണ്ട് കൈയടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാനും സോഷ്യല്‍ മീഡിയകളില്‍ വൈറലാക്കാനും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുണ്ടാകും. ആ കെണിയില്‍ പെട്ട് ബട്ടണമര്‍ത്താനാണ് പാവപ്പെട്ട ജനങ്ങളുടെ വിധി. പിന്നെ ഇത്തരം വാഗ്ദാനങ്ങളുടെയും നിലപാട് മാറ്റങ്ങളുടെയും സീസണ്‍ വരാന്‍ നാലേ മുക്കാല്‍ വര്‍ഷം കാത്തിരിക്കണം. ഇന്ത്യന്‍ ജനാധിപത്യത്തെ രാഹുലുമാര്‍ ശക്തിപ്പെടുത്തുന്നതിന്റെ ഗുണമെന്നല്ലാതെ എന്തുപറയാന്‍.

pa [email protected]