Connect with us

Kerala

ആറന്മുള: കെ ജി എസ് ഗ്രൂപ്പിന് പുറമ്പോക്ക് ഭൂമി കൈമാറുന്നത് ചട്ടങ്ങള്‍ ലംഘിച്ച്‌

Published

|

Last Updated

തിരുവനന്തപുരം: ആറന്മുളയില്‍ വിമാനത്താവള നിര്‍മാണത്തിന് ഭൂമി കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കെ ജി എസ് ഗ്രൂപ്പുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണ ചട്ടവിരുദ്ധമാണെന്ന് നിയമസഭാ രേഖകള്‍. നിയമസഭയില്‍ റവന്യൂമന്ത്രി അടൂര്‍പ്രകാശ് ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഭൂമി ഇതര സ്ഥാപനങ്ങളുടെ ഭൂമിയുമായി പരസ്പരം കൈമാറുന്നതിന് നിയമവ്യവസ്ഥയില്ലെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ രേഖാമൂലം അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി്.
ഈ രേഖകള്‍ പ്രകാരം 2013 നവംബര്‍ 20ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനം നിയമ വിരുദ്ധമാണ്.
ആറന്മുള വിമാനത്താവള നിര്‍മാണത്തിനായി കൈമാറി നല്‍കുന്നതിന് ആവശ്യപ്പെട്ടിരിക്കുന്ന പുറമ്പോക്ക് ഭൂമിക്ക് പകരം ഭൂമി സര്‍ക്കാറിന് നല്‍കാമെന്നാണ് യോഗത്തില്‍ കെ ജി എസ് ഗ്രൂപ്പുമായി ധാരണയുണ്ടാക്കിയത്. എന്നാല്‍ ഇത് നിയമവ്യവസ്ഥക്ക് വിരുദ്ധമാണെന്നാണ് റവന്യൂമന്ത്രിയുടെ മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് മിച്ചഭൂമി നല്‍കുന്നതിന് കേരള ഭൂപരിഷ്‌കരണനിയമത്തില്‍ വ്യവസ്ഥയില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ പൊതുആവശ്യങ്ങള്‍ക്ക് ലഭ്യമായ ഭൂമി ലാന്‍ഡ് റവന്യൂവകുപ്പിന്റെ ഉടമസ്ഥയിലും നിയന്ത്രണത്തിലുമാണ്. സര്‍ക്കാര്‍ സേവന വകുപ്പുകള്‍ക്കുമാത്രമാണ് സര്‍ക്കാര്‍ ഭൂമി സൗജന്യമായി നല്‍കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണസ്ഥാപനങ്ങള്‍ക്കും ഭൂമിയുടെ കമ്പോളവില ഈടാക്കി ഉപാധികളോടെയാണ് കൈമാറ്റം. ഇത് പ്രകാരം ഭൂമിയുടെ ഉപയോഗവും കൈവശാവകാശവും മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുക. കൈമാറ്റശേഷവും ഭൂമി സര്‍ക്കാര്‍ ഭൂമിയായി തുടരുകയും ഉടമസ്ഥാവകാശം ലാന്‍ഡ് റവന്യൂ വകുപ്പിന്റെ രേഖകളില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ആയി നിലനില്‍ക്കുകയും ചെയ്യും. കൈമാറ്റ വ്യവസ്ഥകള്‍ ഏതെങ്കിലും ലംഘിക്കപ്പെട്ടാല്‍ നിരുപാധികം ഭൂമി റവന്യൂ വകുപ്പില്‍ നിക്ഷിപ്തമാകും. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം രജിസ്‌ട്രേഷന്‍ മുഖേനയോ, റവന്യൂ രേഖകളില്‍ മാറ്റം വരുത്തിയോ കൈമാറാന്‍ കഴിയില്ല.