വടകര മുഹമ്മദ് ഹാജി ആണ്ട് നേര്‍ച്ച നാളെ തുടങ്ങും

Posted on: January 29, 2014 12:13 am | Last updated: January 29, 2014 at 11:13 pm

വടകര: ആത്മീയ നായകനായിരുന്ന വലിയുല്ലാഹി വടകര മുഹമ്മദ് ഹാജിയുടെ 16-ാം ആണ്ട് നേര്‍ച്ചക്ക് നാളെ തുടക്കമാകും. ഫെബ്രുവരി ഒന്ന് വരെ ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ നടക്കുന്ന നേര്‍ച്ചയുടെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. നാളെ വൈകുന്നേരം നാലിന് ഖാസി വി എം ഇബ്‌റാഹിം മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. തുടര്‍ന്ന് കൂട്ടസിയാറത്ത് നടക്കും.
വൈകുന്നേരം ഏഴിന് വെള്ളിയോട് ഇബ്‌റാഹീം സഖാഫിയുടെ പ്രഭാഷണവും സ്വലാത്ത് മജ്‌ലിസും നടക്കും. 31ന് വൈകുന്നേരം ഏഴ് മണിക്ക് എ പി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം പ്രഭാഷണം നടത്തും. മസ്ജിദുല്‍ മിഅ്‌റാജില്‍ നടക്കുന്ന ഷാദുലി മജ്‌ലിസിന് സയ്യിദ് യഹ്‌യല്‍ ബുഖാരി കാസര്‍കോട് നേതൃത്വം നല്‍കും.
ഫെബ്രുവരി ഒന്നിന് ഉച്ചക്ക് 12 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തോടെ നേര്‍ച്ച സമാപിക്കും. സയ്യിദ് അലി ബാഫഖി, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ കെ അഹമ്മദ് മുസ്‌ലിയാര്‍ കട്ടിപ്പാറ പ്രസംഗിക്കും. യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ ഖത്മുല്‍ ഖുര്‍ആന് നേതൃത്വം നല്‍കും. മൗലിദ് പാരായണം, അന്നദാനം തുടങ്ങിയ പരിപാടികളും നടക്കും.