Connect with us

Gulf

ഗള്‍ഫില്‍ രാജ്യസ്‌നേഹം തുടിച്ച റിപബ്ലിക് ദിനാഘോഷം

Published

|

Last Updated

ദുബൈ: ഇന്ത്യയുടെ 65ാം റിപബ്ലിക് ദിനം യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ആഘോഷിച്ചു. വിവിധ ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും സ്ഥാനപതിമാരും കോണ്‍സല്‍ ജനറലുമാരും പതാക ഉയര്‍ത്തുകയും രാഷ്ട്രപതിയുടെ സന്ദേശം വായിക്കുകയും ചെയ്തു. പ്രവൃത്തി ദിവസമായിട്ടും ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പങ്കെടുത്തു.
അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ സ്ഥാനപതി ടി പി സീതാറാം ദേശീയ പതാക ഉയര്‍ത്തി. തൊഴിലാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാര്‍ പങ്കെടുത്തു. എംബസിക്കകത്ത് സ്ഥലമില്ലാത്തതിനാല്‍ പലരും കവാടത്തിന് പുറത്തു നിന്നാണ് ചടങ്ങുകള്‍ വീക്ഷിച്ചത്. ചടങ്ങിന് ശേഷം സ്ഥാനപതി ആശംസകള്‍ കൈമാറുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. ഇന്ത്യന്‍ സ്‌കൂള്‍, മറ്റു സ്‌കൂളുകള്‍, ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ എന്നിവിടങ്ങളിലും ആഘോഷ ചടങ്ങുകള്‍ നടന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ പൈതൃക വസ്ത്രധാരണങ്ങളോടെയാണെത്തിയത്. ഗാന്ധിത്തൊപ്പിയും ബനിയനും മുണ്ടും ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ ദേശീയ പതാക കൈകളിലേന്തി ആഘോഷത്തില്‍ അണിനിരന്നു.
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചടങ്ങുകള്‍ ഊദ് മെത്തയിലെ ഇന്ത്യന്‍ ഹൈസ്‌കൂള്‍ അങ്കണത്തിലാണ് നടന്നത്. കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.
സ്വാതന്ത്ര്യസമരത്തിലടക്കം രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ ഓര്‍മിക്കാനുള്ള പ്രത്യേക ദിവസമാണ് ഇതെന്ന് കോണ്‍സല്‍ ജനറല്‍ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ഹൈസ്‌കൂള്‍ ചെയര്‍മാന്‍ ഡോ. എല്‍ എം പചോലിയ പ്രസംഗിച്ചു. ഇന്ത്യന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശീയ ഗാനം ആലപിച്ചു.
വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റും കലാപരിപാടികളുമുണ്ടായിരുന്നു. മധുരപലഹാരവും വിതരണം ചെയ്തു. വിവിധ സംഘടനകളും തങ്ങളുടെ കേന്ദ്രങ്ങളില്‍ റിപബ്ലിക് ദിനം ആഘോഷിക്കുന്നു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ വിവിധ പരിപാടികളോടെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ലേബര്‍ വൈസ് കോണ്‍സുല്‍ പി മോഹന്‍ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം, ജന. സെക്രട്ടറി കെ ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് മാത്യുജോണ്‍, ജോയിന്റ് ജന. സെക്രട്ടറി അഡ്വ. അജി കുര്യാക്കോസ്,ട്രഷറര്‍ എ എം അമീര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന സാംസ്‌കാരിക പരിപാടിയില്‍ അഡ്വ. വൈ എ റഹീം അധ്യക്ഷത വഹിച്ചു. വൈസ് കോണ്‍സുല്‍ പി മോഹന്‍ ഉദ്ഘാടനം ചെയ്തു. സി ബി എസ് ഇ ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍, സാമൂഹിക പ്രവര്‍ത്തകന്‍ അശ്‌റഫ് താമരശ്ശേരി എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.
മുന്‍ അസോസിയേഷന്‍ പ്രസിഡന്റ് വി എ സലീമിന്റെ ഷാര്‍ജയെ കുറിച്ചുള്ള ഫോട്ടോകളടങ്ങിയ പുസ്തകം പി മോഹനു നല്‍കി പ്രകാശനം ചെയ്തു. കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍, വി എ സലീം, കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് അലവി, കോഡിനേറ്റര്‍ എസ് എം ജാബിര്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് നൗഫല്‍ നവാസ് ഖിറാഅത്ത് നടത്തി.
അസോസിയേഷന്‍ ജന.സെക്രട്ടറി കെ ബാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ എ എം അമീര്‍ നന്ദിയും പറഞ്ഞു. കലാഭവന്‍ അന്‍സാറും സംഘവും അവതരിപ്പിച്ച കലാവിരുന്നും ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നൃത്തനൃത്യങ്ങളും റിപ്പബ്ലിക് ദിനാഘോഷത്തിന് നിറപ്പകിട്ടേകി.

ഇന്ത്യന്‍ സ്‌കൂള്‍
ഷാര്‍ജ: ഇന്ത്യന്‍ സ്‌കൂളില്‍ അഡ്വ. വൈ എ റഹീം പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
ഡി എം എ
ദൈദ്: മലയാളി അസോസിയേഷന്‍ (ഡി എം എ) ഇന്ത്യന്‍ റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ധന്യാ ലക്ഷ്മി (റേഡിയോ എഫ് എം 94.7) ഉദ്ഘാടനം നിര്‍വഹിച്ചു. സി കെ ഹൈദര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു.
അല്‍ സബാ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശീയ ദേശ ഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. റോസ് തെരേസ മാത്യുവിന് വിദ്യാഭ്യാസ അവാര്‍ഡ് പ്രന്‍സിപ്പല്‍ ശ്രീകുമാര്‍ നല്‍കി. മുസ്തഫ വില്ലൂര്‍, പി ഇ ഇബ്രാഹീം, വി കെ അബ്ദു റഹ്മാന്‍, ഗഫൂര്‍ ആലപ്പുഴ മുഹമ്മദ്, കമാലുദ്ദീന്‍, ശ്രീകുമാര്‍, ശമീര്‍ കൊടുവള്ളി സംസാരിച്ചു. മുഹമ്മദ് നെട്ടൂര്‍ “ഇന്ത്യന്‍ ജനാധിപത്യം”എന്ന വിഷയമവതരിപ്പിച്ചു. മൂസാ അഹമദ് നന്ദി പറഞ്ഞു.

 

Latest